കാമുകനോട് സ്‌നേഹം മൂത്തു; 1.3 കോടി ദിര്‍ഹം അടിച്ചുമാറ്റിയ അറബ് അക്കൗണ്ടന്റ് കുടുങ്ങി
കാമുകന് വേണ്ടി ചെലവഴിക്കാന്‍ താന്‍ ജോലി ചെയ്യുന്ന ബാങ്കിംഗ് സ്ഥാപനത്തില്‍ നിന്ന് 1.3 കോടി ദിര്‍ഹം തട്ടിയെടുത്ത അറബ് ജീവനക്കാരി ഒടുവില്‍ പിടിയിലായി
അബുദാബി: കാമുകന് വേണ്ടി ചെലവഴിക്കാന്‍ താന്‍ ജോലി ചെയ്യുന്ന ബാങ്കിംഗ് സ്ഥാപനത്തില്‍ നിന്ന് 1.3 കോടി ദിര്‍ഹം തട്ടിയെടുത്ത അറബ് ജീവനക്കാരി ഒടുവില്‍ പിടിയിലായി. 33 കാരിയായ അറബ് അക്കൗണ്ടന്റാണ് 26കാരനായ കാമുകന്റെ ആഢംബര ജീവിതത്തിനായി അനധികൃത വഴികളിലൂടെ ബാങ്കിംഗ് സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയത്. അക്കൗണ്ടന്റായതിനാല്‍ സ്ത്രീ നടത്തിയ തട്ടിപ്പ് അധികൃതര്‍ക്ക് കണ്ടുപിടിക്കാനായില്ല.
വഴിവിട്ട രീതിയില്‍ പണം കൈകാര്യം ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട സഹപ്രവര്‍ത്തക വിവരം നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്.
വിവാഹിതന്‍ കൂടിയായ കാമുകന്റെ ലോണ്‍ അടക്കാനും യൂറോപ്പിലേക്കും മറ്റും ബിസിനസ് ക്ലാസില്‍ യാത്രാ ടിക്കറ്റ് എടുത്തുകൊടുക്കാനുമാണ് തട്ടിപ്പിലൂടെ നേടിയ പണം ചെലവഴിച്ചതെന്ന് യുവതി അബൂദബി പോലിസിനോട് പറഞ്ഞു. ഇതിനു പുറമെ, യുവാവിന് ആഢംബര കാര്‍ വാങ്ങി നല്‍കുകയും ഇടയ്ക്കിടെ വിലപിടിച്ച വാച്ചുകള്‍, ഡ്രസ്സുകള്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. അറബ് വംശയജനായ യുവാവിന്റെ സഹോദരനും നല്‍കി കുറേ പണം.

യുവാവ് തന്നെ വിവാഹം കഴിക്കാമെന്ന് വാക്ക് നല്‍കിയിരുന്നതായി സ്ത്രീ പറഞ്ഞു. പിതാവിന്റെ കച്ചവടം പൊളിഞ്ഞതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വാങ്ങിയ പണം പിന്നീട് തിരികെ നല്‍കുമെന്നും യുവാവ് പറഞ്ഞതായും അവര്‍ അറിയിച്ചു. എന്നാല്‍ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇതെല്ലാം ചെയ്തതെന്നാണ് യുവാവിന്റെ മൊഴി. കാമുകനായ താന്‍ കഷ്ടപ്പെടുന്നത് കാണാന്‍ അവള്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്നും അതിനാലാണ് പണം നല്‍കി സഹായിച്ചതെന്നും യുവാവ് പറഞ്ഞു.
2016 ആഗസ്ത് മുതല്‍ 2017 ഏപ്രില്‍ വരെയുള്ള കാലഘട്ടത്തിലാണ് യുവതി സ്ഥാപനത്തില്‍ നിന്നും പണം അടിച്ചുമാറ്റിയത്. താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടതായും സംഭവത്തില്‍ ഖേദിക്കുന്നുവെന്നും അബൂദബി കോടതിയില്‍ യുവതി പറഞ്ഞു. ഏതായാലും രണ്ടു പേര്‍ക്കുമൊപ്പം സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്ന ഇയാളുടെ സഹോദരനും പോലിസ് ക്‌സറ്റഡിയിലാണിപ്പോള്‍.












Click it and Unblock the Notifications