യുഎഇ ജോലി സമയം കുറച്ചു; ഷാര്‍ജ വീണ്ടും കുറച്ചു... വെറുതെ ഇരുന്ന് മടുക്കുമല്ലോ...
ദുബായ്: യുഎഇ ഭരണകൂടം കഴിഞ്ഞ ദിവസം എടുത്ത തീരുമാനം വിപ്ലവകരമായിരുന്നു. ജോലി സമയം ആഴ്ചയില്‍ നാലര ദിവസമാക്കി കുറയ്ക്കുകയാണ് ചെയ്തത്. ലോകത്ത് ഇത്രയും കുറഞ്ഞ സമയം ജോലി നിശ്ചയിക്കുന്ന ആദ്യ രാജ്യമാണ് യുഎഇ. മിക്ക രാജ്യങ്ങളിലും അഞ്ച് ദിവസമോ ആറ് ദിവസമോ ആണ് ആഴ്ചയിലെ ജോലി സമയം.
യുഎഇയുട പുതിയ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ഇത്രയും കുറഞ്ഞ സമയം ജോലി ചെയ്താല്‍ ബാക്കി സമയം വെറുതെ ഇരുന്ന് മടുക്കുമല്ലോ എന്നാണ് തമാശയോടെയുള്ള പ്രതികരണങ്ങള്‍. യുഎഇയുടെ തീരുമാനം വന്നതിന് പിന്നാലെ ഷാര്‍ജ എമിറേറ്റ്‌സ് പുതിയ തീരുമാനം എടുത്തു. അവര്‍ വീണ്ടും ജോലി സമയം കുറച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

സാമ്പത്തിക-സാമൂഹിക മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് യുഎഇ പുതിയ തീരുമാനം എടുത്തത്. ആഴ്ചയിലെ അവധി ദിനത്തില്‍ മാറ്റം വരുത്തുന്നത് ആഗോള വിപണിയുമായി കിട പിടിക്കുന്നതില്‍ വീഴ്ച സംഭവിക്കരുത് എന്ന് കരുതിയാണ്. വെള്ളിയാഴ്ച ആഗോള വിപണികളെല്ലാം പ്രവര്‍ത്തിക്കുമ്പോള്‍ യുഎഇ അന്നേ ദിവസം അവധി നല്‍കുന്നത് ഉചിമതല്ല എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.

ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയാണ് ഇപ്പോള്‍ ചെയ്തത്. ആഴ്ചയിലെ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റി. അതേസമയം, വെള്ളിയാഴ്ച വര്‍ഷങ്ങളായി തുടരുന്ന അവധി പൂര്‍ണമായും ഒഴിവാക്കിയതുമില്ല. അന്ന് പകുതി അവധി നല്‍കുകയാണ് യുഎഇ ചെയ്തത്. അന്നേ ദിവസം ഓഫീസില്‍ എത്തുന്നതിന് ജീവനക്കാര്‍ക്ക് ഇളവും നല്‍കിയിട്ടുണ്ട്.

അതേസമയം, ജോലി സമയം യുഎഇ നാലര ദിവസമാക്കി കുറച്ചപ്പോള്‍ ഷാര്‍ജ എമിറേറ്റ്‌സ് പുതിയ തീരുമാനം എടുത്തിരിക്കുന്നു. അവര്‍ നാല് ദിവസമാക്കി കുറച്ചിരിക്കുകയാണ് ജോലി. മൂന്ന് ദിവസം അവധി നല്‍കും. തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായിരിക്കും.

ആഴ്ചയില്‍ മൂന്ന് ദിവസം ജോലി, ബാക്കി ദിവസങ്ങള്‍ അവധി എന്ന തീരുമാനം ഷാര്‍ജ എമിറേറ്റ്‌സ് എടുത്തത് ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരമാണ്. ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ആണ് പുതിയ തീരമാനം കൈക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക്് തടസം നേരിടരുത് എന്നതിനാലാണ് ഈ തീരുമാനം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുഎഇയുടെ പുതിയ തീരുമാനം അടുത്ത മാസം ഒന്ന് മുതലാണ് നടപ്പാകുക. 2022 ജനുവരി മുതലാണ് ഷാര്‍ജയിലെ അവധി ദിന തീരുമാനങ്ങളും നടപ്പില്‍ വരിക. യുഎഇ ഭരണകൂടം തീരുമാനം പ്രഖ്യാപിച്ച പിന്നാലെ അബൂദാബിയും ദുബായും ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് ഷാര്‍ജ നാല് ദിവസം ജോലിയാക്കി തീരുമാനം എടുത്തിരിക്കുന്നത്.

ജോലി സമയം കുറയ്ക്കുന്നതിലൂടെ ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 3.30 വരെയാണ് ഒരു ദിവസത്തെ ജോലി സമയം. എല്ലാ എമിറേറ്റ്്‌സിലും വെള്ളിയാഴ്ചകളില്‍ ഇത് രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ എന്നാക്കിയപ്പോള്‍ ഷാര്‍ജ പൂര്‍ണമായ അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് സംതൃപ്തി നല്‍കുന്നതിലൂടെ അവരുടെ ജീവിതത്തിലും ജോലിയിലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും സര്‍ക്കാര്‍ കരുതുന്നു.
പൊട്ടിച്ചിരിച്ച് അനശ്വര രാജന്‍; ചുവപ്പില്‍ വേറിട്ട ലുക്ക്... മേക്കപ്പ് കൂടിയെന്ന് കമന്റുകള്‍

സര്‍ക്കാര്‍ ഓഫീസുകളിലാണ് പുതിയ തീരുമാനം നടപ്പാക്കുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്ന കമ്പനികളും ഈ രീതി തുടര്‍ന്നേക്കും. വെള്ളിയാഴ്ച പ്രാര്‍ഥനയുടെ സമയം ഇനി 1.15 ആയിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ളിയാഴ്ച വര്‍ക്ക് ഫ്രം ഹോം വേണമെങ്കില്‍ തിരഞ്ഞെടുക്കാന്‍ യുഎഇയല്‍ അവസരമുണ്ട്. ഓഫീസിലെ സാഹചര്യത്തിന് അനുസരിച്ചാകും മാറ്റം വരുത്താന്‍ സാധിക്കുക.












Click it and Unblock the Notifications