ലോകരാജ്യങ്ങള്‍ക്കൊപ്പം ഇനി യുഎഇയും; 180 ദിവസം നീളുന്ന ബഹിരാകാശ ദൗത്യം, വമ്പന്‍ പ്രഖ്യാപനം
ദുബായ്: ബഹിരാകാശത്തേക്ക് ആറ് മാസം നീണ്ട ദൗത്യത്തിനായി ഒരു ബഹിരാകാശയാത്രികനെ അയക്കുമെന്ന് യു എ ഇ പ്രഖ്യാപിച്ചു. ഈ ദൗത്യത്തോടെ, ബഹിരാകാശയാത്രികനെ ബഹിരാകാശത്തേക്ക് ദീര്‍ഘകാല ദൗത്യത്തിന് അയയ്ക്കുന്ന ചരിത്രത്തിലെ പതിനൊന്നാമത്തെ രാജ്യമായി യു എ ഇ മാറും. അമേരിക്കയിലെ വാഷിംഗ്ടണിലുള്ള യു എ ഇ എംബസിയില്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററും (എം ബി ആര്‍ എസ് സി) ആക്സിയം സ്പേസും തമ്മില്‍ ഒപ്പുവെച്ച കരാറിനെ തുടര്‍ന്നാണ് പ്രഖ്യാപനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബഹിരാകാശ മേഖലയിലെ യുഎഇയുടെ മറ്റൊരു നാഴികക്കല്ലാണിതെന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. 180 ദിവസത്തെ നീണ്ട ദൗത്യത്തിനായി ആദ്യ അറബ് ബഹിരാകാശയാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാനുള്ള പുതിയ കരാര്‍ ഒപ്പുവച്ചെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.

ബഹിരാകാശയാത്രികന്‍ 2023-ന്റെ തുടക്കത്തില്‍ വിക്ഷേപിക്കാനൊരുങ്ങുന്ന SpaceX Crew-6 ദൗത്യത്തിന്റെ ഭാഗമാകുമെന്നാണ് അറിയിക്കുന്നത്. എമിറാത്തി ബഹിരാകാശയാത്രികന്‍ സങ്കീര്‍ണ്ണവും നൂതനവുമായ പരീക്ഷണങ്ങളുടെ ഒരു പരമ്പര നടത്തും. കൂടാതെ ആഴത്തിലുള്ള പൊതുജനസമ്പര്‍ക്കവും വിദ്യാഭ്യാസ പരിപാടിയും 2023 സെപ്തംബര്‍ വരെ 180 ദിവസത്തെ ദൗത്യത്തിനായി നിര്‍വഹിക്കും.
ബഹിരാകാശ ദൗത്യത്തിന്റെ ഫലങ്ങള്‍ ആഗോള ബഹിരാകാശ സമൂഹത്തിന് ഗുണം ചെയ്യുന്ന കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ നിലവില്‍ നാല് ബഹിരാകാശയാത്രികര്‍ക്ക് ഹ്യൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തില്‍ പരിശീലനം നല്‍കുന്നുണ്ട്, ദീര്‍ഘകാല മനുഷ്യ ബഹിരാകാശ യാത്രയ്ക്ക് അവരെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് പരിശീലനം.












Click it and Unblock the Notifications