സൗദിയില്‍ സ്വദേശി ഭീകരനെ വെടിവച്ചുകൊന്നതായി സുരക്ഷാ സേന
ജിദ്ദ: സൗദിയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയ സ്വദേശി പൗരനെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൗദി സുരക്ഷാ സേന അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം കിഴക്കന്‍ സൗദിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അബ്ദുല്ല ബിന്‍ മിര്‍സ അലി അല്‍ ഖലഫ് കൊല്ലപ്പെട്ടത്. ഇയാളെ തങ്ങള്‍ ഏറെ നാളായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് സുരക്ഷാ അധികൃതര്‍ പറഞ്ഞു. അവാമിയ്യ, ഖുദൈഹ് പട്ടണങ്ങള്‍ക്കിടയിലെ ഒരു കൃഷിയിടത്തില്‍ വച്ചാണ് ഇയാളെ ഏറ്റുമുട്ടലില്‍ വധിച്ചത്. വ്യാജ നമ്പര്‍ പ്ലേറ്റുള്ള ഹ്യുണ്ടായി സൊണാട്ട കാറിലായിരുന്നു അല്‍ ഖലഫ് ഉണ്ടായിരുന്നത്. ഖത്തീഫ് പ്രവിശ്യയില്‍ ഭീകര്‍ക്കായുള്ള നിരീക്ഷണം ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലാവുന്നത്. ഇയാള്‍ കുറേനാളുകളായി പോലിസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷാ സൈനികരെ കണ്ടമാത്രയില്‍ ഇയാള്‍ തന്റെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളെ ജീവനോടെ പിടികൂടാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമം അതോടെ വിഫലമാവുകയായിരുന്നു. ഇയാള്‍ വെടിവയ്പ്പ് തുടര്‍ന്നപ്പോള്‍ ഗത്യന്തരമില്ലാതെ തങ്ങള്‍ തിരിച്ചുവെടിവയ്ക്കാന്‍ നിര്‍ബന്ധിതരായകതെന്നും തുടര്‍ന്നുണ്ടായ ഏറ്റമുട്ടലില്‍ അല്‍ ഖലഫ് സംഭവസ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അല്‍ ഖലഫിന്റെ വെടിവയ്പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ പരിസരത്തുണ്ടായിരുന്നവര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നും സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

കലാഷ്‌നിക്കോവ് സബ്‌മെഷീന്‍ ഗണ്‍, കൈത്തോക്കുകള്‍, 14 പിസ്റ്റള്‍ വെടിയുണ്ടകള്‍, സൈനിക വസ്ത്രം, മുഖംമൂടികള്‍ തുടങ്ങിയവ ഇയാളുടെ കാറില്‍ നിന്ന് കണ്ടെടുത്തതായും പോലിസ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയും ഭീകരാക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കെതിരേ ശക്തമായ നടപടി തുടരുമെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications