സൗദി അറേബ്യയുടെ വിസയില്‍ വന്‍ മാറ്റം; ഇന്ത്യക്കാര്‍ക്ക് പഴയ പോലെ കിട്ടില്ല... പുതിയ മാറ്റം ഇങ്ങനെ
റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്ക് ഇനി ഇ-വിസ. വലിയ മാറ്റമാണ് സൗദി അറേബ്യ ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യക്കാര്‍ക്ക് വിസ അനുവദിക്കുന്നതില്‍ നടപ്പാക്കുന്നത്. ഇതുവരെ ചെയ്ത പോലെ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പിങ് ഇനിയുണ്ടാകില്ല. സ്റ്റാമ്പിങിന് വേണ്ടി പ്രയാസപ്പെടേണ്ടതില്ല. മെയ് ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍വന്നു.
ഇനി മുതല്‍ ഒരു ക്യു ആര്‍ കോഡ് ആണുണ്ടാകുക. ഈ കോഡ് പരിശോധിച്ചാല്‍ വിസയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും. രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയിലേക്ക് വിസാ വിവരങ്ങള്‍ അയക്കുകയും ചെയ്യും. ഈ വിവരങ്ങള്‍ എ4 സൈസിലേക്ക് കോപ്പി എടുക്കുകയും വിസ ലഭിച്ചുവെന്നതിന്റെ തെളിവായി ഉപയോഗിക്കുകയും ചെയ്യാം.

വിഷന്‍ 2030 എന്ന സ്വപ്‌ന പദ്ധതി സമ്പൂര്‍ണമാകുന്നതിലേക്ക് അടുക്കുകയാണ് സൗദി അറേബ്യ. അതിന്റെ ഭാഗമാണ് പുതിയ മാറ്റങ്ങളെല്ലാം. സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് വിഷന്‍ 2030ന് പിന്നില്‍. രാജ്യത്ത് അടുത്ത കാലത്തായി നടപ്പാക്കിയ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ ഇതിന്റെ ഭാഗമാണ്. ആദ്യഘട്ടത്തില്‍ ഏഴ് രാജ്യക്കാര്‍ക്കാണ് ഇ-വിസ.
സൗദിയില്‍ ഭരണകാര്യങ്ങളില്‍ ഡിജിറ്റല്‍ സംവിധാനം നടപ്പാക്കുക എന്നത് വിഷന്‍ 2030ന്റെ ഭാഗമായുള്ളതാണ്. ഇ-വിസ അനുവദിക്കുന്നത് ഏഴ് രാജ്യങ്ങളിലുള്ളവര്‍ക്കാണ്. ഇന്ത്യ, യുഎഇ, ജോര്‍ദാന്‍, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് പുതിയ സംവിധാനം വഴി നടപടികള്‍ സ്വീകരിക്കുക എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തൊഴില്‍വിസ, വിസിറ്റ് വിസ, റസിഡന്‍സ് വിസ എന്നിവയ്ക്ക് വേണ്ടിയെല്ലാം ഇനി ഇ-വിസയാണ് ഇന്ത്യക്കാര്‍ക്ക് നല്‍കുക. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി മുതല്‍ ഇമിഗ്രേഷന്‍ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുക. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ കാലതാമസം ഒഴിവാകുമെന്നതാണ് എടുത്തു പറയേണ്ട നേട്ടം. മറ്റൊന്ന് നടപടികളെല്ലാം സുതാര്യമാകുമെന്നതാണ്.
നിലവിലെ ട്രാവല്‍ ഏജന്റ് സംവിധാനം ഇതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. ഇതാണ് വളരെ പ്രധാനപ്പെട്ട മാറ്റം. ന്യൂഡല്‍ഹിയിലും മുംബൈയിലും ഇടനിലക്കാര്‍ എന്ന പോലെ സൗദി വിസയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സംവിധാനമാണ് ഇല്ലാതാകുന്നത്. അതേസമയം, സൗദി വിസയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി വിസാ പ്രൊസസിങ് കേന്ദ്രമായ വിഎഫ്എസ് സന്ദര്‍ശിക്കണം എന്നത് നിര്‍ബന്ധമാണ്. ഈ കേന്ദ്രം മുഖേനയാണ് ഇനി വിസാ നടപടികള്‍ പുരോഗമിക്കുക.












Click it and Unblock the Notifications