1330 രൂപ കൈയ്യിലുണ്ടോ? ഗള്‍ഫിലെ 4 നഗരങ്ങളിലേക്ക് വിമാന യാത്ര, അതുല്യ അവസരം
ദുബായ്: യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് വിനോദ യാത്രകള്‍. വിവിധ പട്ടണങ്ങളും ഗ്രാമങ്ങളും അവിടെയുള്ള ഭംഗിയും ജനങ്ങളിലെ സാംസ്‌കാരിക മാറ്റങ്ങളുമെല്ലാം അറിയാന്‍ പ്രത്യേക കൗതുകമാണ്. പണമാണ് പലപ്പോഴും വെല്ലുവിളി. താങ്ങാനാകാത്ത ചെലവ് എല്ലാം വേണ്ടെന്ന് വെക്കാന്‍ പ്രേരിപ്പിക്കും. എന്നാല്‍ ആഗ്രഹമുള്ളവര്‍ക്ക് ചെറിയ തുകയില്‍ യാത്രയ്ക്ക് അവസരം ഒരുങ്ങിയിരിക്കുകയാണ്.
ചെലവ് കുറഞ്ഞ സര്‍വീസ് നടത്തുന്ന വിസ് എയര്‍ അബുദാബിയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫിലെ നാല് നഗരങ്ങളിലേക്ക് വളരെ ചെലവ് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താനിരിക്കുകയാണ് വിസ് എയര്‍. വണ്‍വേ ടിക്കറ്റ് മാത്രമാണ് നല്‍കുന്നത്. നിര്‍ദിഷ്ട തിയ്യതിയില്‍ തിരിച്ചുവരുന്നവര്‍ക്ക് അതേ തുകയ്ക്ക് തന്നെ മടക്ക ടിക്കറ്റ് നല്‍കും.

ജൂണ്‍ മാസത്തിലാണ് വിസ് എയറിന്റെ കുറഞ്ഞ നിരക്കിലെ യാത്ര. 59 ദിര്‍മാണ് (ഏകേശം 1330 രൂപ) ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും ഈ ടിക്കറ്റ് നിരക്കില്‍ യാത്രയ്ക്ക് അവസരമുണ്ടാകില്ല. എന്നാല്‍ ഏതൊക്കെ ദിവസങ്ങളിലാണ് യാത്രയ്ക്ക് അവസരമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സലാല, മസ്‌ക്കത്ത്, ദമ്മാം, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞ ചെലവിലുള്ള സര്‍വീസ്.
ഒമാനിലെ സുപ്രധാന സ്ഥലമാണ് സലാല. പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം കേരളവുമായി താരതമ്യം ചെയ്യാറുണ്ട്. ജൂണില്‍ മഴ ലഭിക്കുന്ന സമയമാണെങ്കിലും ആശങ്ക വേണ്ട. സലാലയിലെ പ്രകൃതി ഭംഗി ആസ്വദിക്കാം. ജൂണ്‍ 10ന് 59 ദിര്‍ഹമാണ് വിസ് എയര്‍ അബുദാബി പ്രഖ്യാപിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്. മൂന്നോ നാലോ ദിവസത്തിനകം അബുദാബിയിലേക്ക് മടങ്ങുകയാണെങ്കില്‍ അതേ നിരക്കില്‍ ടിക്കറ്റ് കിട്ടും.
ഒമാനിന്റെ തലസ്ഥാനമായ മസ്‌ക്കത്തിലേക്കും ഇതേ നിരക്കില്‍ വിസ് എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ചരിത്ര പ്രസിദ്ധമായതും കണ്ണിന് ആനന്ദം നല്‍കുന്നതുമായ ഒട്ടേറെ സ്ഥലങ്ങള്‍ മസ്‌ക്കത്തിലുണ്ട്. ജൂണ്‍ 18നാണ് കുറഞ്ഞ നിരക്കിലെ യാത്ര. 23ന് അബുദാബിയിലേക്ക് മടങ്ങിയാല്‍ ഇതേ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.
സൗദി അറേബ്യയിലെ ദമ്മാമിലേക്കും ഇതേ നിരക്കില്‍ വിസ് എയര്‍ യാത്ര ഒരുക്കുന്നുണ്ട്. സാഹസിക യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള നഗരമാണ് ദമ്മാം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ അവിടെയുണ്ട്. ജൂണ്‍ 19 മുതല്‍ 26 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇളവ്. മടക്ക ടിക്കറ്റ് ഈ നിരക്കില്‍ കിട്ടില്ല. എങ്കിലും സാധാരണ നിരക്കിനേക്കാള്‍ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുവൈത്ത് തലസ്ഥാനത്തേക്കുള്ള യാത്രയ്ക്കും 59 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഗള്‍ഫ് ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കുവൈത്ത് സിറ്റി. പരമ്പരാഗത അറബ് വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ ഇവിടെ കിട്ടുമെന്നതാണ് കുവൈത്ത് സിറ്റിയെ ആകര്‍ഷകരമാക്കുന്നത്. അബുദാബിയില്‍ നിന്ന് ജൂണ്‍ 11നും 23നുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് വിസ് എയര്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുക. 48 മണിക്കൂറിനകം മടങ്ങുന്നവര്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാകും. ടിക്കറ്റുകള്‍ നല്‍കുന്നത് നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് എന്നും കമ്പനി അറിയിക്കുന്നു.












Click it and Unblock the Notifications