45,000 രൂപയ്ക്ക് മാരുതി 800നെ റോൾസ് റോയ്സാക്കി മലയാളി, വൈറലായി 18 വയസുകാരൻ
വാഹനങ്ങൾ ആൾട്ടർ ചെയ്യുന്നത് നമുക്ക് പുതിയ കാര്യമല്ല. എന്നാൽ മാരുതി 800 കാറിനെ വെറും 45,000 രൂപയ്ക്ക് റോൾസ് റോയ്സ് ആക്കിയ 18കാരന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൊടുങ്ങല്ലൂർ സ്വദേശിയായ ഹാദിഫ് ആണ് ഇതിനു പിന്നിൽ. പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്ന് മാത്രം റിസോഴ്സ് കണ്ടെത്തിയാണ് ഈ ഓട്ടോ മൊബൈൽ പ്രേമി നാട്ടുകാരെ ഞെട്ടിക്കുന്നത്.
ഒറ്റ നോട്ടത്തിൽ ഇത് റോൾസ് റോയ്സ് അല്ലല്ലോ എന്നാരും പറയില്ല. മാസങ്ങൾ എടുത്താണ് ഹാദിഫ് വാഹനം മോഡിഫൈ ചെയ്തിട്ടുള്ളത്. റോൾസ് റോയ്സ് കാറുകളുടെ മുൻഭാഗത്ത് കാണുന്ന ഗ്രില്ലിങ്ങും ഹെഡ്ലൈറ്റ് പിടിപ്പിച്ചതുമൊക്കെ ഏതാണ്ട് കൃത്യമാണെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. ബോഡി കിറ്റിലും, ഇന്റീരിയറിലും, മുൻവശത്തെ ഡെക്കറേഷനിലും ഒക്കെ നല്ല രീതിയിൽ നവീകരണങ്ങൾ നടത്തിയിട്ടുണ്ട്. ബ്ലാക്ക് ഗോസ്റ്റ് എന്നാണ് ഈ ചെറുപ്പക്കാരൻ താൻ നിർമിച്ച് റോൾസ് റോയ്സിന് പേര് നൽകിയിരിക്കുന്നത്.

ട്രിക്ക്സ് ട്യൂബ് എന്ന യൂട്യൂബ് ചാനലിൽ വന്ന വീഡിയോ 3 ലക്ഷത്തിലധികം പേർ കണ്ടത് ചുരുങ്ങിയ സമയം കൊണ്ടാണ്. ഇത്രയും ചെറിയ പ്രായത്തിൽ ആഡംബര വാഹനങ്ങളുടെ കോപ്പി നിർമിക്കാനുള്ള കഴിവാണ് കാണികളെ ആകർഷിക്കുന്നത്. റോൾസ്‌റോയ്‌സ് കാറുകളുടെ ഹൈലൈറ്റ് ലോഗോയടക്കം പിടിപ്പിച്ചാണ് വണ്ടിയുടെ നിൽപ്പ്.
നിലവിൽ ഈ വാഹനം നിരത്തിൽ ഇറക്കാൻ കഴിഞ്ഞിട്ടില്ല. മോഡിഫിക്കേഷന്റെ ഭാഗമായി മാരുതി 800 ന്റെ യഥാർത്ഥ പാനലുകൾ മാറ്റിയതിനാൽ നിലവിൽ ഇത് റോഡിൽ ഇറക്കാൻ പരിമിതികളുണ്ട്. ഇത് നിരത്തിലിറക്കാൻ അധികൃതരുടെ അനുമതി വേണ്ടി വരും. അതേ സമയം പ്രൊജക്ട് മുഴുവൻ പൂർത്തിയായിട്ടില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.
ഹാദിഫ് വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നത് ആദ്യമായിട്ടല്ല. ഇപ്പോൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. എന്നാൽ ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോൾ ഹാദിഫ് ഒരു ബൈക്ക് എൻജിൻ ഉപയോഗിച്ച് ജീപ്പ് ഉണ്ടാക്കിയിരുന്നു. ഓട്ടോ മൊബൈൽ മേഖലയിൽത്തന്നെ ഭാവി കെട്ടിപ്പടുക്കാനാണ് ഹാദിഫിന് പ്രിയം.












Click it and Unblock the Notifications