4000 കോടിയുടെ കൊട്ടാരം, 700 കാറുകൾ, 8 ജെറ്റ്; ലോകത്തിലെ ഏറ്റവും സമ്പന്നരായ കുടുംബം ഇതാ
അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ കുടുംബമാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബമെന്ന് ജിക്യു റിപ്പോർട്ട്. 4,000 കോടി രൂപയുടെ കൊട്ടാരം, 700 കാറുകൾ, എട്ട് സ്വകാര്യ ജെറ്റുകൾ, ഒരു ജനപ്രിയ ഫുട്ബോൾ ക്ലബ്ബ് എന്നിവയാണ് നഹ്യാൻ രാജകുടുംബത്തിന്റെ സ്വത്തുക്കൾ.
എംബിസെഡ് (MBZ) എന്ന് വിളിക്കുന്ന യുഎഇ പ്രസിഡന്റിന്റെ കുടുംബത്തിൽ 18 സഹോദരങ്ങളും 11 സഹോദരിമാരുമാണ് ഉള്ളത്. ഒമ്പത് മക്കളും 18 പേരമക്കളും ഇവർക്കുണ്ട്. അബുദാബിയിലുള്ള സ്വർണം പൂശിയ ഖസ്ർ അൽ വാതൻ എന്ന കൊട്ടാരത്തിലാണ് രാജകുടുംബം കഴിയുന്നത്. രാജകുടുംബത്തിന്റെ കൈയ്യിലുള്ള നിരവധി കൊട്ടാരങ്ങളിൽ ഏറ്റവും വലിയ കൊട്ടാരമായ ഈ കൊട്ടാരം 94 ഏക്കറോളം സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. വലിയ താഴികക്കുടങ്ങളും 350,000 പളുങ്ക് കൊണ്ട് നിർമ്മിച്ച ലൈറ്റുകളും ചരിത്രപരമായ പുരാവസ്തുശേഖരവുമടക്കം പലതും കൊട്ടാരത്തിലുണ്ട്.

ലോകത്തെ എണ്ണ ശേഖരത്തിന്റെ ആറ് ശതമാനത്തോളം രാജകുടുംബത്തിന് സ്വന്തമായുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്, ഗായിക റിഹാനയുടെ ബ്യൂട്ടി ബ്രാൻഡായ ഫെന്റി മുതൽ എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് വരെയുള്ള കമ്പനികളിൽ ഓഹരി പങ്കാളിത്തവും ഉണ്ട്.
ലോകത്തിലെ ആഡംബ കാറുകളുടെ വലിയ ശേഖരം തന്നെ അബുദാബി ഭരണാധികാരിയുടെ സഹോദരനായ ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാന്റെ പക്കൽ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ എസ് യു വി, ലംബോർഗിനി റെവന്റൺ, മേഴസിഡസ് ബെൻസ് സിഎൽകെ ജിടിആർ, ഫെറാരി 599XX, ഒരു മക്ലാരൻ MC12 എന്നിവയുൾപ്പെടെ 700 ഓളം കാറുകളാണ് അദ്ദേഹത്തിന് ഉള്ളത്.
പ്രസിഡന്റിന്റെ സഹോദരൻ തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ ആണ് കുടുംബത്തിന്റെ മുഖ്യ നിക്ഷേപ കമ്പനിയുടെ തലവൻ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്പനിയുടെ ഏകദേശം 28,000 ശതമാനം മൂല്യമാണ് ഉയർന്നത്. നിലവിൽ 235 ബില്യൺ ഡോളർ മൂല്യമുള്ള ഈ കമ്പനിക്ക് കൃഷി, ഊർജം, വിനോദം, നാവിക ബിസിനസുകൾ എന്നിവയിൽ നിക്ഷേപമുണ്ട്. കൂടാതെ പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു.
യുഎഇ കൂടാതെ ലണ്ടൻ പാരീസ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജകുടുംബത്തിന് ആഡംബര സ്വത്തുക്കൾ ഉണ്ട്. ദുബായ് രാജകുടുംബത്തിന് ബ്രിട്ടീഷ് രാജകുടുംബവുമായി താരതമ്യപ്പെടുത്താവുന്ന ആസ്തികൾ ഉണ്ടായിരുന്നുവെന്നാണ് 2015 ലെ ദി ന്യൂയോർക്കർ റിപ്പോർട്ടിൽ പറയുന്നത്.
2008-ലാണ് എംബിസെഡിന്റ അബുദാബി യുണൈറ്റഡ് ഗ്രൂപ്പ്, യുകെ ഫുട്ബോൾ ടീമായ മാഞ്ചസ്റ്റർ സിറ്റിയെ വാങ്ങിയത്. 2,122 കോടി രൂപയ്ക്കായിരുന്നു ക്ലബ്ബിനെ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റി, മുംബൈ സിറ്റി, മെൽബൺ സിറ്റി, ന്യൂയോർക്ക് സിറ്റി ഫുട്ബോൾ ക്ലബ്ബുകൾ എന്നിവ നടത്തുന്ന സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ 81 ശതമാനവും കമ്പനിയുടെ ഉടമസ്ഥതയിലാണ്.












Click it and Unblock the Notifications