കമ്മലിനായി തിരഞ്ഞു, കിട്ടിയത് 9-ാം നൂറ്റാണ്ടിലെ പുരാവസ്തുക്കൾ !
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നോർവേയിൽ നിന്ന് ഒരാൾ സ്വർണം കണ്ടെത്തിയ വാർത്ത ഈയടുത്തിടെയാണ് നമ്മൾ കേട്ടത്. എന്നാലിപ്പോൾ നോർവേയിൽ നിന്ന് വരുന്നത് അടുത്ത ഞെട്ടിക്കുന്ന വാർത്ത തന്നെയാണ്. നഷ്ടപ്പെട്ട കമ്മൽ തിരയാനായി കുടുംബം മെറ്റൽ ഡിറ്റക്ടർ എടുത്തിറങ്ങി. പൂന്തോട്ടത്തിൽ അവസാനിച്ച തിരച്ചിലിൽ നിന്ന് അവസാനം കണ്ടെത്തിയത് ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള പുരാവസ്തുക്കൾ. കമ്മലിനായി തിരഞ്ഞ് തിരഞ്ഞ് കിട്ടിയ പുരാവസ്തുക്കൾ കണ്ട് അത്ഭുതപ്പെട്ട് നിൽക്കുകയാണ്.
നോർവേ പൗരനായ ആസ്വിക്കിന്റെ കുടുംബമാണ് പുരാവസ്തു കണ്ടെത്തിയത്. വൈക്കിംഗ് കാലഘട്ടത്തിലെ ശ്മശാനത്തിന്റെ ഭാഗമായി കാണപ്പെടുന്ന ഒരു പാത്രത്തിന്റെ ആകൃതിയിലുള്ള ബക്കിളും മറ്റുമാണ് ഇവർ കണ്ടെത്തിയതെന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ പുരാതന വസ്തുക്കൾ കണ്ടെത്തിയ സ്ഥലം പുരാതന കാലത്ത് ജോംഫ്രുലാൻഡ് എന്ന ദ്വീപ് ആയിരുന്നു. ഒൻപതാം നൂറ്റാണ്ടിൽ മരിച്ച ഒരു സ്ത്രീയുടെ ശവസംസ്കാരത്തിന് ഉപയോഗിച്ചതാണ് ഈ പുരാവസ്തുക്കൾ എന്ന് വിദഗ്ധർ അനുമാനിക്കുന്നു. നോർവേയുടെ തെക്കൻ തീരത്ത് താമസിക്കുന്ന കുടുംബം തങ്ങളുടെ പൂന്തോട്ടത്തിന്റെ മധ്യ ഭാഗത്തുളള ഒരു വലിയ മരത്തിന്റെ ചുവട്ടിൽ നിന്നാണ് ഈ പുരാവസ്തുക്കൾ കണ്ടെത്തിയത്.
ജോംഫ്രുലാൻഡിൽ നിന്ന് വൈക്കിംഗ് കാലഘട്ടത്തെ പുരാവസ്തുക്കൾ കണ്ടെടുത്ത കുടുംബത്തെ അഭിനന്ദിക്കുന്നുവെന്ന് കൾച്ചറൽ ഹെറിറ്റേജ് ഓഫ് വെസ്റ്റ്ഫോൾഡും ടെലിമാർക്ക് കൗണ്ടി കൗൺസിലും ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വൈക്കിംഗ് കാലഘട്ടത്തെ ഒരു സ്ത്രീയുടെ ശവകുടീരം പോലെ തോന്നിക്കുന്ന ഈ പുരാതന വസ്തുവിന്റെ കണ്ടെത്തൽ സൂചിപ്പിക്കുന്നത് കെയ്‌നുകൾ യഥാർത്ഥത്തിൽ വൈക്കിംഗുകൾ നിർമ്മിച്ചതാകാം എന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു.
ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയ ഏറ്റവും അത്ഭുതപ്പെടുത്തുന്ന വസ്തു ഓവൽ ആകൃതിയിലുള്ള ബ്രൂച്ചാണ്. ഹാൾട്ടർ വസ്ത്രത്തിൽ സ്ത്രീകൾ മുൻവശത്ത് തോളിൽ സ്ട്രാപ്പ് കെട്ടാൻ ധരിക്കുമായിരുന്ന ഒന്നാണ് ഈ ബ്രൂച്ചുകൾ എന്ന് വെസ്റ്റ്ഫോൾഡ് ആൻഡ് ടെലിമാർക്ക് കൗണ്ടി കൗൺസിലിലെ പുരാവസ്തു ഗവേഷകയായ വിബെകെ ലിയ ലൈവ് സയൻസിനോട് പറഞ്ഞു.
വൈക്കിംഗ് സ്ത്രീകളുടെ ശവകുടീരങ്ങളിൽ ഇത്തരം ബ്രൂച്ചുകൾ സാധാരണയായി കണ്ടുവരാറുണ്ട്. ജോഡികളായാണ് ഇവ കണ്ടു വരുന്നത്. ഓരോ സ്ട്രാപ്പിനും ഓരോ ബ്രൂച്ച് ഉണ്ടാകും. അതിനാൽ മറ്റൊന്നു കൂടി ഉടൻ കണ്ടു പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒൻപതാം നൂറ്റാണ്ടിന്റെ സവിശേഷതയാണ് ഇത്തരത്തിലുള്ള വസ്ത്ര രീതിയെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications