48 നില കെട്ടിടത്തിന്റെ മുകളില്‍ പിടിച്ചു കയറി അറുപതുകാരന്‍; സ്‌പൈഡര്‍മാന്‍ വീഡിയോ വൈറല്‍
പാരീസ്: എവറസ്റ്റ് കീഴടക്കുന്നവരെയൊക്കെ നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാല്‍ കൂറ്റന്‍ കെട്ടിടത്തിന് മുകളിലേക്ക് ചാടിക്കേറുന്നവരെ പറ്റി കേട്ടിട്ടുണ്ടോ. എങ്കില്‍ അങ്ങനെയുള്ളവര്‍ ഉണ്ട്. ഈ സംഭവം അങ്ങ് പാരീസിലാണ് നടന്നത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന കെട്ടിടങ്ങളിലൊന്നില്‍ ഒരാള്‍ ചാടിക്കയറിയിരിക്കുകയാണ്. അതിന്റെ മുകളിലെത്തുകയും ചെയ്തു.

ഈ സാഹസം ചെയ്തത് ഒരു ചെറുപ്പക്കാരനാണെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി. ചെറുപ്പക്കാരേക്കാള്‍ ചുറുചുറുക്കുള്ള ഒരു മധ്യവയസ്‌കനാണ് ഇങ്ങനൊരു അത്ഭുത പ്രവര്‍ത്തി ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ സംഭവം. വിശദമായ വിവരങ്ങളിലേക്ക്...

image courtesy:reuters
അലെയ്ന്‍ റോബര്‍ട്ട് എന്ന ഫ്രഞ്ചുകാരനാണ് സ്‌പൈഡര്‍മാനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കെട്ടിടത്തിന്റെ മുകളിലേക്ക് കയറിയത്. കഴിഞ്ഞ മാസം ഇയാളുടെ അറുപതാം പിറന്നാളായിരുന്നു. ഈ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. പാരീസിലെ 48 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ കയറിയാണ് വലിയൊരു നേട്ടം ഇയാള്‍ സ്വന്തമാക്കിയത്. 613 അടി ഉയരമുണ്ട് ഈ കെട്ടിടത്തിന്. ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഇയാള്‍ കെട്ടിടത്തിന്റെ മുകളിലേക്ക് പിടിച്ച് കയറിയത്.

image courtesy:reuters
മുകളിലെത്തിയ ഉടനെ ഇയാള്‍ കൈ ഉയര്‍ത്തി കാണിക്കുന്നുമുണ്ട്. അതേസമയം 60 മിനുട്ട് കൊണ്ടാണ് അലെയ്ന്‍ കെട്ടിടത്തിന്റെ മുകളിലെത്തിയത്. അറുപത് വയസ്സായത് കൊണ്ട് എല്ലാം അവസാനിച്ച് ഒതുങ്ങി കൂടുകയല്ല വേണ്ടത്. അങ്ങനൊരു സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അറുപത് വയസ്സായി എന്നുള്ളത് ഒന്നുമല്ല. നിങ്ങള്‍ക്ക് കായിക വിനോദത്തില്‍ ഏര്‍പ്പെടാം. ആക്ടീവായി അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യൂ. മുമ്പ് താന്‍ തന്നെ നല്‍കിയ ഒരു വാക്കാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നതെന്നും അലെയ്ന്‍ പറഞ്ഞു.

image courtesy:reuters
അറുപത് വയസ്സായാല്‍, താന്‍ ടവറിന് മുന്നില്‍ കയറുമെന്ന് തീരുമാനിച്ചതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള ഈ ഉറപ്പ് പാലിക്കാനാണ് ഞാന്‍ ശ്രമിച്ചത്. കാരണം ഫ്രാന്‍സില്‍ അറുപത് എന്നത് വിരമിക്കല്‍ പ്രായമാണ്. എങ്കില്‍ ഇങ്ങനൊരു കാര്യം താന്‍ അറുപതാം വയസ്സില്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നിയെന്നും അലെയ്ന്‍ റോബര്‍ട്ട് പറഞ്ഞു. ഇത് ആദ്യമായിട്ടല്ല ടോട്ടല്‍ എനര്‍ജീസ് ടവര്‍ ഇയാള്‍ കീഴടക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അവബോധത്തിന്റെ ഭാഗമായി നേരത്തെ പലതവണ ഈ ടവറിന് മുകളിലേക്ക് കയറിയിട്ടുണ്ട് അലെയ്ന്‍.

image courtesy:reuters
അതേസമയം അലെയ്ന്‍ റോബര്‍ട്ട് ആള് ചില്ലറക്കാരനല്ല. ലോകപ്രശസ്തനാണ് അദ്ദേഹം. ലോകത്തെ പല കൂറ്റന്‍ കെട്ടിടങ്ങളും അദ്ദേഹം കീഴടക്കിയിട്ടുണ്ട്. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് മുകളിലും അദ്ദേഹം എത്തിയിട്ടുണ്ട്. എന്നാല്‍ നിരവധി തവണ അദ്ദേഹം അറസ്റ്റിലായിട്ടുണ്ട്. അപകടം പിടിച്ച ഇത്തരം കാര്യങ്ങള്‍ പലയിടത്തും വിലക്കിയിട്ടുണ്ട്. ജര്‍മനിയിലും ബ്രിട്ടനിലും വരെ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. വെറും കൈകള്‍ ഉപയോഗിച്ചാണ് ഇയാള്‍ കെട്ടിടങ്ങള്‍ കയറുന്നത്. ഒരു ജോഡി ഷൂസും കൈയ്യിലുണ്ടാവും. കെട്ടിടങ്ങളില്‍ കയറുമ്പോള്‍ ഉപയോഗിക്കുന്തനാണിത്. കൈ വിയര്‍ക്കുമ്പോള്‍ ഉപയോഗിക്കാനായി ചോക്ക് പൗഡറും കൈയ്യിലുണ്ട്.












Click it and Unblock the Notifications