വായിക്കാനായി വാങ്ങി, 90 വർഷങ്ങൾക്ക് ശേഷം മകൾ തിരികെയെത്തിച്ചു; ലേറ്റ് ഫീ ഈടാക്കി ലൈബ്രറി
ന്യൂയോർക്ക് ലൈബ്രറിയിലേക്ക് 90 വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തിയ പുസ്തകമാണ് ഇപ്പോൾ ഒരു വിഭാഗം ആളുകളുടെ കണ്ണുതള്ളിക്കുന്നത്. ജോസഫ് കോൺറാഡ് എന്ന എഴുത്തുകാരൻ 1925 ൽ എഴുതിയ പുസ്തകം 'Youth and Two Other Stories' ആണ് ന്യൂയോർക്ക് ലൈബ്രറിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റാണ് ഈ അത്ഭുതകരമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
1933-ൽ ലാർച്ച്‌മോണ്ട് പബ്ലിക് ലൈബ്രറി പുറത്തിറക്കിയ പുസ്തകമാണിതെന്ന് സ്റ്റാമ്പിൽ രേഖപ്പെടുത്തിയിരുന്നു. ജോനി മോർഗൻ ജൂലൈയിൽ തന്റെ രണ്ടാനച്ഛന്റെ പെട്ടിയിൽ നിന്നാണ് പുസ്തകം കണ്ടെത്തിയത്. പുസ്തകം തിരികെ നൽകാനുള്ള പരിശ്രമമായിരുന്നു പിന്നീട്. ലൈബ്രറിയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ അവസാനത്തോടെ പുസ്തകം തപാലിൽ ലൈബ്രറിക്ക് അയച്ചു കൊടുക്കുകയായിരുന്നു. ലാർച്ച്മോണ്ട് ലൈബ്രേറിയൻ കരോലിൻ കണ്ണിംഗ്ഹാം ഇക്കാര്യം സ്ഥിരീകരിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

പുസ്തകം തിരികെ നൽകിയെങ്കിലും ലേറ്റ്ഫീസും ഈടാക്കി. എന്നാൽ തിരികെ നൽകാൻ 90 വർഷം എടുത്ത പുസ്തകത്തിന്റെ ലേറ്റ് ഫീ ആയി ഈടാക്കിയത് 5 ഡോളർ മാത്രമാണ്. അതായത് ഇന്ത്യൻ കറൻസിയിൽ 420 രൂപയ്ക്ക് താഴെ. പുസ്തകം വാങ്ങി ലേറ്റ് ഫീ ആയി ഓരോ വട്ടം വൈകുമ്പോഴും 20 സെന്റാണ് ഈടാക്കാറുള്ളത്. എന്നാൽ പരമാവധി ലേറ്റ് ഫീ 5 ഡോളറാണെന്നും അതിനാലാണ് അത് ഈടാക്കിയതെന്നും ലൈബ്രേറിയൻ പ്രതികരിച്ചു.
സാധാരണ ഗതിയിൽ 30 ദിവസത്തിന് ശേഷവും ഒരു ലൈബ്രറി പുസ്തകം തിരികെ ലഭിക്കാതിരിക്കുമ്പോൾ അത് നഷ്ടപ്പെട്ടതായാണ് കണക്കാക്കാറുള്ളത്. പിന്നീട് പുസ്തകം എടുത്തയാളിൽ നിന്ന് പുസ്തകത്തിന്റെ വില ഈടാക്കുകയാണ് ചെയ്യാറുള്ളതെന്നും ലൈബ്രേറിയൻ പറഞ്ഞു. പക്ഷെ, ആ പുസ്തകം തിരികെ കൊണ്ടു വന്നാൽ പരമാവധി 5 ഡോളർ വാങ്ങുന്നതാണ് രീതിയെന്നും പോസ്റ്റിൽ പറയുന്നു.
1926 ൽ ലാർച്ച്‌മോണ്ട് ലൈബ്രറി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ
ബുക്ക് ചെക്ക്-ഔട്ടാണ് ഇതെന്ന് ലൈബ്രേറിയൻ പറഞ്ഞു. പുസ്തകം വായിക്കാനായി അന്ന് കൊണ്ട് പോയത് ദൂരെയുള്ള ഗ്രാമത്തിലേക്കായിരുന്നുവെന്നും കരോലിൻ കണ്ണിംഗ്ഹാം കൂട്ടിച്ചേർത്തു.
പുസ്തകം വായിക്കാനായി വാങ്ങിയത് ജിമ്മി എല്ലിസ് എന്നയാൾ ആയിരുന്നു. അദ്ദേഹം തന്റെ ആദ്യ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. 1978-ൽ അദ്ദേഹം മരിച്ചു. ലാർച്ച്മോണ്ട് പബ്ലിക് ലൈബ്രറിയിൽ നിന്ന് ഏകദേശം രണ്ട് ബ്ലോക്ക് അകലെയായിരുന്നു അവരുടെ വീട്. പുസ്തക വായന മാത്രമല്ല എഴുത്തുകാരനുമായ ജിമ്മി തന്റെ മക്കൾക്കും അതേ ശീലം പകർന്നു നൽകാനായിരിക്കാം പുസ്തകങ്ങൾ എടുത്തതെന്ന് കത്തിൽ മകൾ എഴുതി.












Click it and Unblock the Notifications