ക്ലാസില്‍ വെച്ച് അപ്രതീക്ഷിതമായി ആര്‍ത്തവം; സഹായിക്കാനെത്തിയത് സഹപാഠിയായ ആണ്‍കുട്ടി
ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല, അസഹനീയമായ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും മാനസിക സമ്മർദ്ദവും, അങ്ങനെ ആകെ വല്ലാത്തൊരു അവസ്ഥ തന്നെയായിരിക്കും. അപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ആർത്തവം എത്തിയാൽ എന്തുചെയ്യും, സാനിറ്ററി പാഡ് പോലും ഇല്ലാത്ത അവസ്ഥയാണെങ്കിലോ.
അത്തരത്തിൽ തനിക്ക് ഉണ്ടായ അവസ്ഥ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരു പെൺകുട്ടി. ആ വിഷമകരമായ ഘട്ടത്തിൽ തന്നെ സഹായിക്കാനായി എത്തിയ സഹപാഠിയായ ആൺകുട്ടിയെക്കുറിച്ചാണ് പെൺകുട്ടിയുടെ കുറിപ്പ്. ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് തനിക്ക് അപ്രതീക്ഷിതമായി ആർത്തവം ഉണ്ടായതെന്നും ക്ലാസിൽ തനിക്ക് അറിയാവുന്ന പെൺകുട്ടികൾ ഉണ്ടായിരുന്നില്ലെന്നും പെൺകുട്ടി പറയുന്നു.

തനിക്ക് സഹിക്കാൻ പറ്റാത്ത വയറുവേദന ഉണ്ടായിരുന്നുവെന്നും വേദന സഹിച്ചിരിക്കുമ്പോൾ ആണ് തന്നെ ക്ലാസിൽ ഉണ്ടായിരുന്ന ആൺകുട്ടി ശ്രദ്ധിച്ചതെന്നും ആ കുട്ടി വന്ന് തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.
ആ നഗരത്തിൽ പുതിയതായതുകൊണ്ട് എവിടെയാണ് മെഡിക്കൽ സ്റ്റോർ എന്ന് പെൺകുട്ടിക്ക് അറിയില്ലായിരുന്നു.അതുകൊണ്ട് മെഡിക്കൽ സ്‌റ്റോർ കാണിച്ചുതരുമോ എന്നാണ് ആൺകുട്ടിയോട് അവൾ ചോദിച്ചത്.
എന്നാൽ ആൺകുട്ടി അവൾക്കൊപ്പം തന്നെ മെഡിക്കൽ സ്‌റ്റോറിലേക്ക് ചെല്ലുകയും പാഡും ഒപ്പം ഐസ്‌ക്രീമും വാങ്ങിക്കൊടുക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പറഞ്ഞു. ആൺകുട്ടിയുടെ പ്രവൃത്തി തനിക്ക് വലിയ സന്തോഷമാണ് ഉണ്ടാക്കിയതെന്ന് പെൺകുട്ടി കുറിപ്പിൽ പറയുന്നു. നിരവധിപേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ഇപ്പോഴും ഇങ്ങനെയുള്ള ആൺകുട്ടികൾ ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷം എന്നാണ് ഒരാൾ കമന്റിട്ടത്.












Click it and Unblock the Notifications