സ്റ്റീവ് ജോബ്സ് ധരിച്ച് പഴകിയ ചെരുപ്പ് ലേലത്തിന്; എന്താണിത്ര പ്രത്യേകത എന്നോ
ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ധരിച്ചിരുന്നതായി പറയപ്പെടുന്ന ഒരു ജോഡി ബിർക്കൻസ്റ്റോക്ക് ചെരുപ്പുകൾ ലേലത്തിന്. കാലിഫോർണിയ ആസ്ഥാനമായുള്ള ജൂലിയൻസ് എന്ന സ്ഥാപനമാണ് ചെരുപ്പുകൾ അദ്ദേഹത്തിന്റെതെന്ന് പറയുന്ന ചെരുപ്പ് ലേലത്തിന് എത്തിച്ചിരിക്കുന്നത്. ചെരിപ്പുകൾക്ക് 60,000 മുതൽ 80,000 ഡോളർ വരെ വില ലഭിക്കുമെന്നാണ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.
ഇത് 65 ലക്ഷത്തോളം ഇന്ത്യൻ രൂപയാണ്. ആപ്പിളിന്റെ ചരിത്രത്തിലെ പല നിർണായക നിമിഷങ്ങളിലും സ്റ്റീവ് ജോബ്‌സ് ഈ ചെരുപ്പുകൾ ധരിച്ചിരുന്നു എന്നാണ് പറയുന്നത്. എന്നാൽ ലേലത്തിന് ഇതുവരെ ലഭിച്ച ബിഡ്ഡുകൾ കുറവാണ്. 22,500 ഡോളർ വരെ വിലയുള്ള ബിഡ്ഡുകൾ മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ.

1970 കളിലും 80 കളിലുമാണ് സ്റ്റീവ് ജോബ്‌സ് ഈ ചെരുപ്പുകൾ ധരിച്ചിരുന്നത്. ജോബ്‌സിന് ഏറെ പ്രിയപ്പെട്ടതാണ് ഈ ചെരുപ്പെന്നാണ് പറയപ്പെടുന്നത്. ചെരുപ്പ് ഉപയോഗിച്ച് പഴകിയിട്ടുണ്ട്. കാലിഫോർണിയയിലെ ജോബ്‌സിന്റെ സ്വത്ത് കൈകാര്യം ചെയ്തിരുന്ന മാർക്ക് ഷെഫിന്റെ കൈയ്യിലായിരുന്നു ബ്രൗൺ സ്വീഡ് ചെരുപ്പുകൾ ഉണ്ടായിരുന്നത്. സ്റ്റീവ് ജോബ്‌സ് ഈ ചെരുപ്പുകൾ ഉപേക്ഷിച്ചപ്പോൾ തൻ അത് സൂക്ഷിച്ചുവെച്ചതായി ഷെഫ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി എക്സിബിഷനുകളിൽ സ്റ്റീവ് ജോബ്‌സിന്റെ ചെരുപ്പുകൾ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ജർമ്മനിയിലെ ഹിസ്റ്ററി മ്യൂസിയം വുർട്ടംബർഗിലാണ് ഒടുവിൽ വെച്ചിരുന്നത്.
ബിർക്കൻസ്റ്റോക്കിന്റെ ചെരുപ്പുകൾ സ്റ്റീവ് ജോബ്സിന് വളരെ ഇഷ്ടമായിരുന്നു. സുഖകരമായി ഉപയോഗിക്കാൻ കഴിയുന്നതു കൊണ്ടും
മൃദുലമായതിനാലും ആണ് അദ്ദേഹക്കിന് ഈ ചെരുപ്പ് ഉപയോഗിക്കാനിഷ്ടമെന്ന് അദ്ദേഹത്തിന്റെ മുൻ പങ്കാളിയായ ക്രിസൻ ബ്രണ്ണൻ 2018 ലെ ഒരു അഭിമുഖത്തിൽ വോഗ് മാസികയോട് പറഞ്ഞിരുന്നു. മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിൽക്കാൻ വേണ്ടി സ്റ്റീവ് ജോബ്സ് പ്രത്യേകിച്ചൊന്നും തന്നെ ചെയ്തിരുന്നില്ലെന്നും അവർ പറഞ്ഞു..












Click it and Unblock the Notifications