അല്‍ഗയുടെ ആ മോഹം നടക്കും; ആദിവാസി വിദ്യാര്‍ഥിനിയുടെ ജൈത്രയാത്രയ്ക്ക് കൈയ്യടിച്ച് മന്ത്രി
തൃശൂര്‍: തനിക്കൊരു ശാസ്ത്രജ്ഞയാവണം. അല്‍ഗയ്ക്ക് ആ മോഹം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. അതിപ്പോള്‍ സാക്ഷാത്കരിക്കാന്‍ പോവുകയാണ്. ഇനി കുറച്ച് കാലം കൂടി കാത്തിരുന്നാല്‍ മാത്രം മതി. ആദിവാസി യുവതിയായ അല്‍ഗയുടെ യാത്ര പറയുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല.
അച്ഛനെ നഷ്ടപ്പെട്ടതും, എല്ലാം പ്രതിസന്ധിയിലായതും, അപ്രതീക്ഷിതമായി എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ തന്നെ എത്തിയതുമെല്ലാം അല്‍ഗയ്ക്ക് ഒരു സ്വപ്‌നം പോലെയാണ്. മന്ത്രി നേരിട്ടെത്തി അനുമോദനം കൂടി അറിയിച്ചതോടെ താന്‍ സ്വര്‍ഗത്തിലാണോ എന്ന അവസ്ഥയിലാണ് അല്‍ഗ. വിശദമായ വിവരങ്ങളിലേക്ക്....

തൃശൂരിലെ കൊടശ്ശേരി പഞ്ചായത്തിലെ രണ്ടുകൈ ആദിവാസി കോളനിയിലാണ് അല്‍ഗയുടെ ജീവിതം. ഐഐസ്ഇആറിലേക്ക് അല്‍ഗയ്ക്ക് അഡ്മിഷന്‍ കിട്ടിയിരിക്കുകയാണ്. വളരെ അപൂര്‍വ നേട്ടമാണിത്. അച്ഛന്‍ ഇപ്പോള്‍ കൂടെയുണ്ടായിരുന്നെങ്കിലെന്ന് ആലോചിച്ച് പോകുകയാണെന്ന് അല്‍ഗ പറയുന്നു. നാല് മാസം മുമ്പാണ് അല്‍ഗയുടെ അച്ഛന്‍ അപകടത്തില്‍ മരിക്കുന്നത്. ആ സമയത്ത് സാമ്പത്തിക സഹായവുമായി ആദിവാസി മന്ത്രാലയം രംഗത്ത് വരികയായിരുന്നു. ജെഎഇ പരിശീലനത്തിന് പിന്നാലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അഡ്മിഷന്‍ കിട്ടിയിരിക്കുകയാണ്.

കൂറ്റനാട് സ്‌കൂളില്‍ നിന്ന് പ്ലസ്ടുവില്‍ 91 ശതമാനം മാര്‍ക്ക് നേടിയാണ് അല്‍ഗ തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്ര തുടങ്ങിയത്. ഐഐടികളില്‍ ഏതെങ്കിലുമൊന്നില്‍ അഡ്മിഷന്‍ നേടണമെന്നും, ശാസ്ത്രജ്ഞയാവണമെന്നുമായിരുന്നു അല്‍ഗയുടെ വലിയ ആഗ്രഹം. ജെഇഇ, ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു അല്‍ഗ. പാലായില്‍ നിന്ന് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എല്ലാം തകര്‍ന്നുവെന്നാണ് കരുതിയത്. എന്നാല്‍ സ്വപ്‌നം നേടിയെടുക്കാനുള്ള അല്‍ഗയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ എല്ലാ തടസ്സങ്ങളും വഴിമാറുകയായിരുന്നു.

മികച്ച ഇന്റര്‍നെറ്റ് സര്‍വീസ് വീട്ടില്‍ കിട്ടുന്നത് കൊണ്ട് ക്ലാസുകളെല്ലാം ഓണ്‍ലൈനിലിലൂടെയാണ അല്‍ഗ അറ്റന്റ് ചെയ്തത്. എന്നാല്‍ പിതാവിനെ മരണം ആകെ തകര്‍ത്തതായി അല്‍ഗ പറഞ്ഞു. തന്റെ കുടുംബം ആഴ്ച്ചകളോളം വലിയ കഷ്ടത്തിലായിരുന്നുവെന്നും അല്‍ഗ വ്യക്തമാക്കി. തന്റെ പിതാവ് എപ്പോഴും പ്രചോദിപ്പിക്കാറുണ്ടായിരുന്നു.എല്ലാ സ്വപ്‌നങ്ങളും നേടിയെടുക്കാന്‍ പിതാവാണ് അല്‍ഗയ്‌ക്കൊപ്പം നിന്നത്. എന്നാല്‍ ആ നേട്ടം സ്വന്തമാക്കിയപ്പോള്‍ കാണാന്‍ അച്ഛനില്ലാതെ പോയെന്നും അല്‍ഗ പറയുന്നു.

പട്ടിക ജാതി-വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അല്‍ഗയുടെ വീട്ടിലെത്തി. ഇക്കാര്യം ഫേസ്ബുക്കിലൂടെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. അല്‍ഗയുടെ സ്വപ്‌നം എന്താണെന്ന് അറിഞ്ഞ മന്ത്രി എല്ലാ പിന്തുണയും അറിയിക്കുകയായിരുന്നു. മന്ത്രിയുടെ പിന്തുണയോടെയാണ് അല്‍ഗ കോച്ചിംഗ് ക്ലാസിന് പോയിരുന്നത്. കഠിനാദ്ധ്വാനത്തിലൂടെ വിജയവഴികള്‍ താണ്ടിയ കുമാരി അല്‍ഗയെ ഇന്ന് വീട്ടിലെത്തി അനുമോദനങ്ങളറിയിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ സ്വര്‍ണപതക്കവും ഈ കൊച്ചു മിടുക്കിക്ക് സമ്മാനിച്ചുവെന്നും മന്ത്രി കുറിച്ചിരുന്നു.












Click it and Unblock the Notifications