കോടീശ്വരനായ ബാർബർ, 400 ആഢംബര കാറുകളുടെ ഉടമ: പക്ഷെ ബാർബർ ജോലി കൈവിടില്ല രമേഷ്; ഒരു അപൂർവ്വ കഥ
ബംഗളൂരു: വളരെ സാധാരണ ഗതിയിലെ ജീവിതം നയിച്ച് കഠിനാധ്വാനം കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമായി മാറുന്ന ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ടാവും. അത്തരത്തില്‍ ഒരാളാണ് ബംഗളൂരു നഗരത്തിലെ 'കോടീശ്വരന്‍ ബാർബർ' എന്ന് അറിയപ്പെടുന്ന രമേഷ് ബാബു. ഒരു കാലത്ത് സൈക്കിളില്‍ ന്യൂസ് പേപ്പർ വിതരണത്തില്‍ ഏർപ്പെട്ടിരുന്ന രമേഷ് ബാബുവിന്റെ ഉടമസ്ഥതയില്‍ ഇന്നുള്ളത് 400 ലേറെ ആഢംബര കാറുകളാണ്. റോള്‍സ് റോയ്‌സ്, മെഴ്‌സിഡസ് മേബാക്ക്, റേഞ്ച് റോവേഴ്‌സ്, ബെന്റ്‌ലിസ് തുടങ്ങിയ ആഡംബര കാറുകളാണ് രമേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ളത്.
ദാരിദ്രം നിറഞ്ഞ ബാല്യം
രമേഷ് ബാബുവിന് ഏഴ് വയസ്സുള്ളപ്പോഴാണ് ബാർബർ ജോലിക്കാരനായിരുന്ന അച്ഛന്‍ മരിക്കുന്നത്. അച്ഛന്റെ ആകസ്മിക മരണത്തോടെയാണ് 5 രൂപയെന്ന തുച്ഛമായ തുകയ്ക്ക് ഒരു ബന്ധുവിന് സലൂൺ പണയത്തിന് കൊടുക്കാൻ അമ്മയെ നിർബന്ധിതയാക്കുന്നത്. ഇതേസമയം രമേഷ് ബാബു പത്രം വിൽക്കുന്നത് ഉൾപ്പെടെയുള്ള ചെറിയ ജോലികൾ ചെയ്ത് കുടുംബത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചു.

ദാരിദ്രം പിടുമുറുക്കിയ നാളുകളായിരുന്നു അത്. കഴിക്കാന്‍ ഭക്ഷണമില്ലാതെ വന്നതോടെ ഒഴിഞ്ഞ വയറുമായി രമേഷ് ബാബുവും കുടുംബവും കിടന്നുറങ്ങിയ നാളുകള്‍ ഏറെയുണ്ട്. 1990-കളിൽ രമേഷ് ബാബു അച്ഛന്റെ തൊഴിലായ ബാർബർ ജോലിയിലേക്ക് കടക്കുന്നതോടെയാണ് കുടുംബത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെട്ട് വരുന്നത്. സലൂൺ ബിസിനസ്സിലൂടെ അദ്ദേഹം താമസിയാതെ നല്ല രീതിയില്‍ പണം സമ്പാദിക്കാന്‍ തുടങ്ങി.
ചെറിയ തുടക്കം
വാഹനങ്ങളോട്, പ്രത്യേകിച്ച് കാറുകളോട് വലിയ താല്‍പര്യം ഉണ്ടായിരുന്ന രമേഷ് ബാബു ആദ്യം വാങ്ങിക്കുന്ന കാർ മാരുതി ഒമ്നിയാണ്. സ്വന്തം ഉപയോഗത്തേക്കാള്‍ ഉപരി വാടകയ്ക്ക് കൊടുക്കലായിരുന്നു ലക്ഷ്യം. പിന്നീട് രമേഷ് ടൂർസ് ആൻഡ് ട്രാവൽസ് എന്ന പേരിൽ ഒരു സ്ഥാപനവും അദ്ദേഹം തുറന്നു. ഇതില്‍ നിന്നെല്ലാമായി ലഭിച്ച വരുമാനം കൊണ്ടാണ് ആദ്യമായി മെഴ്‌സിഡസ് ഇ ക്ലാസ് സെഡാൻ അദ്ദേഹം വാങ്ങുന്നത്. ഇതിന് ശേഷം ആഢംബര കാറുകൾ വാടകയ്ക്ക് നൽകുന്ന നഗരത്തിലെ ആദ്യത്തെ വ്യക്തിയായും രമേശ് ബാബു മാറി.
വിജയ കഥ
തുടർന്ന് മൂന്ന് കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്‌സ് ഗോസ്റ്റ് കാറും ബിഎംഡബ്ല്യു, ജാഗ്വാർ, ബെന്റ്‌ലി ലക്ഷ്യറി സെഡാൻ തുടങ്ങിയ വാഹനങ്ങളും അദ്ദേഹം വാങ്ങി. 2017ൽ 2.6 കോടിയുടെ മെയ്ബാക്ക് എസ്600 വാങ്ങിയപ്പോഴാണ് രമേഷ് ബാബു ആദ്യമായി വാർത്തകളിൽ ഇടംനേടുന്നത്.
അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ആമിർ ഖാൻ തുടങ്ങിയ പ്രശസ്ത അഭിനേതാക്കളും സച്ചിൻ ടെണ്ടുൽക്കറെപ്പോലുള്ള കായിക താരങ്ങളും തന്റെ കാർ സർവീസ് ഉപയോഗിച്ച സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുവെന്നാണ് രമേശ് ബാബു തന്നെ വ്യക്തമാക്കുന്നത്.
കോടികള്‍ വിലമതിക്കുന്ന സ്വത്ത് സ്വന്തമാക്കിയെങ്കിലും
രമേഷ് ബാബു ഒരിക്കലും തന്റെ ബാർബർ ജോലി കൈവിടാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ശതകോടീശ്വരനാണെങ്കിലും, അദ്ദേഹം ഇപ്പോഴും തന്റെ സലൂണില്‍ ധാരാളം സമയം ചെലവഴിക്കുകയും ഷോപ്പില്‍ എത്തുന്നവരുടെ മുടിവെട്ടിക്കൊടുക്കുകയും ചെയ്യും. എല്ലാം ഇവിടെ നിന്നാണ് തുടങ്ങിയത്. അതിനാല്‍ ഒരിക്കലും ഈ ജോലി താന്‍ കൈവിടില്ലെന്നാണ് രമേശ് ബാബുവിന് പറയാനുള്ളത്.












Click it and Unblock the Notifications