ലോകത്തെ ഏറ്റവും മികച്ച വിസ്കിക്കുള്ള പുരസ്കാരം ഇന്ത്യയുടെ ഇന്ദ്രിയ്ക്ക്
ലോകമെമ്പാടും അനവധി ബ്രാൻഡുകളിൽ തിളങ്ങുന്ന മദ്യമാണ് വിസ്‌കി. എന്നാൽ എല്ലാ വിദേശ ബ്രാൻഡുകളെയും പിന്നിലാക്കി ലോകത്തെ ഏറ്റവും മികച്ച വിസ്കിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ദ്രി (INDRI) എന്ന ഇന്ത്യൻ ബ്രാൻഡ്. 2023 ലെ വിസ്‌കി ഓഫ് ദി വേൾഡ് അവാർഡിലാണ് ഇന്ത്യൻ ബ്രാൻഡായ ഇന്ദ്രി ദിവാലി കളക്‌ടേഴ്‌സ് എഡിഷൻ 2023 ഒന്നാമതെത്തിയത്.
100ലധികം ലോകോത്തര ബ്രാൻഡുകളെ പിന്തള്ളിയാണ് 'ഡബിൾ ഗോൾഡ് ബെസ്റ്റ് ഇൻ ഷോ' എന്ന അവാർഡ് ഇന്ത്യയുടെ ഇന്ദ്രി നേടിയത്. ലോകമെമ്പാടുമുള്ള ലിക്വർ വ്യവസായികൾ ഒന്നിക്കുന്ന വാർഷിക ആഘോഷ പരിപാടിയാണ്'വിസ്‌കിസ് ഓഫ് ദി വേൾഡ്' അവാർഡ്‌സ്.

ലോകമെമ്പാടുമുള്ള വിസ്കി ബ്രാൻഡുകളെ പരിചയപ്പെടുത്തുകയും പ്രദർശിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. എല്ലാ വർഷവും100 -ൽ അധികം ബ്രാൻഡുകളെത്തുന്ന മത്സരത്തിൽ വിദഗ്ദരുടെ റേറ്റിങ്ങിന് അനുസരിച്ചാണ് വിജയിയെ കണ്ടെത്തുക. സുഗന്ധം, രുചി, ഫിനിഷ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുക.
ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന പിക്കാഡിലി ഡിസ്റ്റിലറീസാണ് (Piccadilly Distilleries) ഇന്ദ്രി നിർമ്മിക്കുന്നത്. 2021ലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. ചെമ്പ് പാത്രത്തിൽ പരമ്പരാഗതമായ ഇന്ത്യൻ ശൈലിയിൽ വാറ്റിയെടുത്ത് ആറു വരി ബാർലി ഉപയോഗിച്ച് നിർമ്മിച്ച ഒരു പീറ്റഡ് ഇന്ത്യൻ സിംഗിൾ മാൾട്ട് എന്നാണ് ഇന്ദ്രി ദീപാവലി എഡിഷനെ കമ്പനി വിശേഷിപ്പിക്കുന്നത്.
കാൻഡിഡ് ഡ്രൈ ഫ്രൂട്ട്സ്, വറുത്ത പരിപ്പ്, മസാലകൾ, ഓക്ക്, ബിറ്റർസ്വീറ്റ് ചോക്ലേറ്റ് എന്നിവയും നിർമ്മാണത്തിണ് ഉപയോഗിക്കുന്നു. ഉത്തരേന്ത്യൻ കാലാവസ്ഥയിൽ PX ഷെറി കാസ്‌ക്കുകളിൽ വളരെക്കാലം സൂക്ഷിച്ച ശേഷമാണ് ഇവ വിപണികളിൽ എത്തിക്കുന്നത്. സ്‌മോക്കി ഫ്‌ളേവറോടു കൂടിയ ഇന്ദ്രിക്ക് വിദേശിയർക്കിടയിലും വലിയ പ്രധാന്യമാണുള്ളത്.ടോക്കിയോ വിസ്‌കി ആൻഡ് സ്പിരിറ്റ്‌സ് കോംപറ്റീഷൻ 2023, ഫിഫ്റ്റി ബെസ്റ്റ് വേൾഡ് വിസ്‌കിസ് 2022 അവാർഡ്, ലാസ് വെഗാസിലെ ഇന്റർനാഷണൽ വിസ്‌കി മത്സരത്തിലും എല്ലാം ഇന്ദ്രി ഇടംപിടിച്ചിരുന്നു.
ഇന്ദ്രി 'ട്രിനി- ദി ത്രീ വുഡ്' സിംഗിൾ മാൾട്ട് വിസ്‌കി, ഇന്ദ്രി ദീപാവലി കളക്‌ടേഴ്‌സ് എഡിഷൻ 2023 എന്നിങ്ങനെ രണ്ട് വെറൈറ്റികളാണ് ഇവയ്ക്കുള്ളത്. ഇന്ദ്രി 'ട്രിനി- ദി ത്രീ വുഡ്' സിംഗിൾ മാൾട്ട് വിസ്‌കി 19 ഇന്ത്യൻ സംസ്ഥാനങ്ങളിലും, 17 രാജ്യങ്ങളിലും ലഭ്യമാണ്. നവംബർ മുതൽ യുഎസിലും ചില തിരഞ്ഞെടുത്ത യൂറോപ്യൻ രാജ്യങ്ങളിലും ഇത് ലഭ്യമാകും. ഇന്ദ്രി ദീപാവലി കളക്‌ടേഴ്‌സ് എഡിഷൻ 2023 ഇതുവരെ വിപണിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ല. പരുസ്‌കാരം നേടിയ സാഹചര്യത്തിൽ ഈ മാസം തന്നെ ഓദ്യോഗിക ലോഞ്ച് ഉണ്ടാകുമെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബോട്ടിൽ ഒന്നിന് 5,000 രൂപയെങ്കിലും വില വരുമെന്നാണു റിപ്പോർട്ട്.












Click it and Unblock the Notifications