ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം തേടിവന്നത് മലയാളിയെ; 33 കോടിയുടെ ഗ്രാന്റ് പ്രൈസ് സ്വന്തം..
അബുദാബി: ഭാഗ്യം എന്നെങ്കിലും തേടി വരുമെന്ന പ്രതീക്ഷയിലാണ് പലരും ലോട്ടറി എടുക്കുന്നത്. അങ്ങനെ പലരേയും തേടി ഭാഗ്യം വന്നിട്ടുമുണ്ട്. പ്രവാസികളുടെ ജീവിതം മാറ്റിമറിക്കുന്ന ഒന്നാണ് അബുദാബി ബിഗ് ടിക്കറ്റ്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം സ്വന്തമായിട്ടുണ്ട്. അബുദാബി ബിഗ് ടിക്കറ്റിന്റെ 260 ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസായ 1. 5 കോടി ദിർഹം ( 33 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കിയിരിക്കുകയാണ് മലയാളി.
അൽ ഐനിൽ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ടിനെ ആണ് ഈ ഭാഗ്യം തേടിവന്നത്. മുമ്പും പല തവണ മലയാളികളെ തേടി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം വന്നിട്ടുണ്ട്. മലയാളികളെ ബിഗ് ടിക്കറ്റ് ഭാഗ്യം കൈവിട്ടിട്ടില്ലെന്ന് വീണ്ടും വ്യക്തമായിരിക്കുകയാണ്. സമ്മാന വിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികൾ രാജീവിനെ വിളിച്ചു. സമ്മാനം നേടിയ വിവരംഅറിഞ്ഞ അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഗ്രാൻഡ് പ്രൈസ് നേടാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഇതൊരു സ്വപ്നം പോലെ തോന്നുന്നുവെന്നുമാണ് ലോട്ടറി അടിച്ചത് അറിഞ്ഞ രാജീവ് പറഞ്ഞത്.

ഭാര്യയ്ക്കും എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കൾക്കുമൊപ്പമാണ് രാജീവ് താമസിക്കുന്നത്. ആർക്കിടെക്ച്ചറൽ ഗ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന രാജീവ് മൂന്ന് വർഷം മുമ്പാണ് ആദ്യമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. അന്ന് മുതൽ ടിക്കറ്റ് എടുക്കാറുണ്ട്.
സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 20 പേർക്കൊപ്പമാണ് അദ്ദേഹം സമ്മാനർഹമായ ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യാനാണ് തീരുമാനം എന്ന് ബിഗ് ടിക്കറ്റ് പ്രതിനിധികൾ ചോദിച്ചപ്പോൾ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്.
എന്തായാലും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം തേടി വരുന്ന പ്രവാസികളുടെ എണ്ണത്തിൽ കുറവ് വരുന്നില്ല. എന്നെങ്കിലും തങ്ങളേയും ഭാഗ്യം തേടി വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. പ്രവാസികളെ എന്നും ചേർത്ത് പിടിച്ചിട്ടുള്ള ഒന്നാണ് ബിഗ് ടിക്കറ്റ്.. തേർഡ് പാർട്ടി പേജുകളും ഗ്രൂപ്പുകളും വഴി ബിഗ് ടിക്കറ്റ് വാങ്ങുന്നവർ അതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കണമെന്നും വഞ്ചിതരാകാരുതെന്നും ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചു. വരുന്ന നറുക്കെടുപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ സന്ദർശിക്കുക.












Click it and Unblock the Notifications