ബംപർ ലോട്ടറി തേടിയെത്തിയത് 85-ാം വയസ്സില്‍: രണ്ടരക്കോടിയുടെ ഒന്നാം സമ്മാനം സൈക്കിള്‍ റിക്ഷക്കാരന്
പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ലോട്ടറി നടത്തിപ്പിന് നിരോധനം ഉണ്ടെങ്കിലും കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ ലോട്ടറിക്ക് അനുമതിയുണ്ട്. പഞ്ചാബ്, ഗോവ, നാഗാലാന്‍ഡ്, മിസോറാം തുടങ്ങിയവയാണ് കേരളത്തിന് പുറത്ത് ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങള്‍. കേരളത്തില്‍ സർക്കാർ മാത്രമാണ് ലോട്ടറി നടത്തുന്നതെങ്കിലും സിക്കിമിലൊക്കെ സ്വകാര്യ ലോട്ടറി നടത്തിപ്പുകാർക്കും പ്രവർത്തനാനുമതിയുണ്ട്.
കേരളത്തിന് സമാനമായ മാതൃകയില്‍ ബംപർ ലോട്ടറി നറുക്കെടുപ്പ് നടത്തുന്ന മറ്റൊരു സംസ്ഥാനമാണ് പഞ്ചാബ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നറുക്കെടുത്ത പഞ്ചാബ് വൈശാഖി ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം 85 വയസ്സുകാരനായ സൈക്കിള്‍ റിക്ഷക്കാരന് ലഭിച്ചിരിക്കുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. 2.5 ക്കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സൈക്കിള്‍ ഓടിച്ചുകൊണ്ടിരിക്കുന്ന 85 കാരനായ ഗുരുദേവ് സിംഗിന്റെ വിധിയാണ് ഒറ്റ ദിവസം കൊണ്ട് ആകെ മാറിയത്. ഈ ഒരു പ്രായത്തിൽ തന്റെ ജീവിതം പെട്ടെന്ന് ഇങ്ങനെയൊരു വഴിത്തിരിവുണ്ടാക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഗുരുദേവ് സിംഗ് വ്യക്തമാക്കുന്നത്.
പഞ്ചാബിലെ മോഗ ജില്ലയിൽ താമസിക്കുന്ന ഗുരുദേവ് സിംഗ് ഉപജീവനത്തിനായി ഇപ്പോഴും റിക്ഷ ഓടിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകളിലെ കുഴികൾ നികത്തുന്നതിനും റോഡ് അരികില്‍ മരങ്ങൾ നട്ടുപിടിപ്പിച്ച് അവ സംരക്ഷിക്കുന്നതിലൂടെയുമെല്ലാം ആളുകള്‍ക്ക് പ്രിയങ്കരനായ വ്യക്തിയായിരുന്നു ഗുരുദേവ് സിംഗ്. ഗുരുദേവ് സിംഗിന് നാല് ആൺമക്കളും ഒരു മകളുമാണുള്ളത്, എല്ലാവരും വിവാഹിതരാണ്.
മോഗ നഗരത്തിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള ലോഹ്ഗർ ഗ്രാമത്തിലാണ് അദ്ദേഹം താമസിക്കുന്നത്. മുമ്പ് പലതവണ ലോട്ടറി ടിക്കറ്റ് വാങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് വിജയം തേടിയെത്തുന്നത്. വാർത്ത അറിഞ്ഞതോടെ ഗ്രാമീണർ മധുരം വിതരണം ചെയ്യുകയും ആഹ്ളാദ നൃത്തം വെക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
രാജ് കുമാർ എന്ന ഏജന്റിൽ നിന്നാണ് സമ്മാനത്തിന് അർഹമായ ടിക്ക് വാങ്ങിയതെന്നാണ് വിജയി വ്യക്തമാക്കുന്നത്. ലോട്ടറി കമ്പനി പ്രതിനിധികൾ ഇതിനകം തന്നെ അദ്ദേഹത്തെ ബന്ധപ്പെടുകയും സമ്മാനത്തുക ഇയാളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ അവസാന കാലത്തെങ്കിലും കുറച്ച് സമാനത്തോടെ ജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയി പറഞ്ഞു.

പഞ്ചാബ് സ്റ്റേറ്റ് രാഖി ബംപർ, പഞ്ചാബ് സ്റ്റേറ്റ് സവാൻ ബംപർ, പഞ്ചാബ് സ്റ്റേറ്റ് ഹോളി ബംപർ, പഞ്ചാബ് സ്റ്റേറ്റ് ന്യൂ ഇയർ ലോഹ്രി ബംപർ, പഞ്ചാബ് സ്റ്റേറ്റ് ബൈസാഖി ബംപർ എന്നിവയുൾപ്പെടെ വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പഞ്ചാബ് സ്റ്റേറ്റ് ലോട്ടറി ഡയറക്ടറേറ്റ് എല്ലാ വർഷവും ആറ് ബംപർ ലോട്ടറി നറുക്കെടുപ്പുകളാണ് നടത്തിവരുന്നത്.
കഴിഞ്ഞ തവണ നടന്ന പഞ്ചാബ് ലോഹ്രി മകർ സക്രാന്തി ബംപർ ലോട്ടറി നറുകപ്പെടുപ്പില്‍ 88 വയസ്സുകാരനായ മഹന്ത് ദ്വാരക ദാസായിരുന്നു 5 കോടിയുടെ ബംപർ വിജയം നേടിയത്. അതേസമയം, മലയാളികള്‍ക്ക് ഉള്‍പ്പടെ ഏതൊരു ഇന്ത്യക്കാരനും ഓണ്‍ലൈനായും അല്ലാതെയും വാങ്ങാന്‍ സാധിക്കുമെന്നതാണ് പഞ്ചാബ് ലോട്ടറിയുടെ സവിശേഷത.












Click it and Unblock the Notifications