27 വര്‍ഷം അവധിയില്ലാതെ ജോലിയെടുത്തു; ജീവനക്കാരന് കോടികള്‍ സമ്മാനം; പക്ഷേ വന്‍ ട്വിസ്റ്റ്
വാഷിംഗ്ടണ്‍: നമ്മുടെ ജീവിതത്തില്‍ ജോലി വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ തന്നെ പ്രധാനമാണ് അവധിയും. ഇടയ്‌ക്കൊക്കെ അവധിയെടുക്കാതെ എന്ത് ജോലിയല്ലേ. പക്ഷേ അവധിയെടുക്കാതെ നിങ്ങള്‍ക്ക് ജോലിയെടുക്കാന്‍ സാധിക്കുമോ? ചിന്തിക്കാന്‍ പോലുമാവില്ല അല്ലേ. ശരീരം നമ്മളെ പലപ്പോഴും വിലക്കും. അതുപോലെ ചില ദിവസങ്ങളില്‍ ജോലിയെടുക്കാന്‍ നമുക്ക് തന്നെ മടി തോന്നും.
എന്തായാലും അവധി മസ്റ്റാണ്. പക്ഷേ അമേരിക്കയില്‍ ഒരു ജീവനക്കാരന്‍ അവധിയൊന്നുമില്ലാതെ ജോലി ചെയ്തത് 27 വര്‍ഷമാണ്. എന്താ കേട്ടിട്ട് അമ്പരപ്പ് തോന്നുന്നുണ്ടോ? എങ്കില്‍ ഞെട്ടാന്‍ റെഡിയായി ഇരുന്നോളൂ. ആരും ചെയ്യാത്ത കാര്യം ചെയ്ത ഒരാളുടെ കാര്യമാണ് പറയാന്‍ പോകുന്നത്.

ബര്‍ഗര്‍ കിംഗിലെ ജീവനക്കാരനായ കെവിന്‍ ഫോര്‍ഡ് ജോലി ചെയ്തത് അവധിയെടുക്കാതെ 27 വര്‍ഷമാണ്. ലാസ് വേഗാസ് സ്വദേശിയാണ് 54കാരനാണ് കെവിന്‍ ഫോര്‍ഡ്. ജോലി ആരംഭിച്ച ശേഷം ഒരു ദിവസം പോലും അദ്ദേഹം വരാതിരുന്നിട്ടില്ല. അസുഖം വരുമ്പോള്‍ വരെ നമ്മള്‍ അവധിയെടുക്കാറുണ്ട്. അത്തരത്തില്‍ പോലും കെവിന്‍ അവധിയെടുത്തിട്ടേയില്ല.
എന്നിട്ട് എന്ത് കാര്യമുണ്ടായി എന്ന ചോദ്യവും സ്വാഭാവികമായി ഉണ്ടാവാം. ഇയാളുടെ ആത്മാര്‍ത്ഥമായ ഈ ജോലിക്ക് സമ്മാനം ലഭിച്ചിരിക്കുകയാണ്. നാല് ലക്ഷത്തോളം ഡോളറാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇതൊരു പാരിതോഷികമാണ്. അതായത് 3.26 കോടി രൂപ വരും കെവിന്‍ ഫോര്‍ഡിന് ലഭിച്ച പാരിതോഷികം.
അതേസമയം ഈ സംഭവത്തിന് വലിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ഫോര്‍ഡിന് ഇത്രയും വലിയൊരു തുക നല്‍കിയത് ബര്‍ഗര്‍ കിംഗല്ല. ഇത്രയും വലിയ സേവനത്തിന് അവരല്ലാതെ മറ്റാര് നല്‍കാനാണ് അല്ലേ എന്നായിരിക്കും ചോദ്യം. ഗോഫണ്ട്മീ ക്യാമ്പയിനാണ് ഫോര്‍ഡിന് ഇത്രയും വലിയ സമ്മാനം നല്‍കുന്നത്.
കെവിന്‍ ഫോര്‍ഡ് നേരത്തെ ഇന്റര്‍നെറ്റില്‍ വൈറലായ വ്യക്തിയാണ്. ഇയാള്‍ക്കൊരു ഗിഫ്റ്റ് ബാഗ് നല്‍കുന്നതായിരുന്നു വീഡിയോയില്‍ ഉള്ളത്. അതിലൊരു സിനിമാ ടിക്കറ്റ്, ലഘുഭക്ഷണങ്ങള്‍, സ്റ്റാര്‍ബക്‌സ് ഡ്രിങ്ക്, രണ്ട് ലൈറ്ററുകള്‍, കുറച്ച് താക്കോലുകള്‍ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. 27 വര്‍ഷം അവധിയില്ലാതെ അദ്ദേഹത്തിന് ലഭിച്ച ഗിഫ്റ്റായിരുന്നു ഇത്.
കെവിന്‍ ഫോര്‍ഡിന്റെ ഈ വീഡിയോ ക്ലിപ്പില്‍ പലരും വലിയ സന്തോഷം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇത്രയും കാലം ചെയ്ത ത്യാഗത്തിനുള്ള പ്രതിഫലമായില്ലെന്ന് പലരും കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഗോഫണ്ട്മീയില്‍ ഒരു ഫണ്ട് റെയിസിംഗ് നടത്തുകയായിരുന്നു. കുറച്ച് ഡോളറിന് വേണ്ടി മാത്രമായിരുന്നു ഈ ഫണ്ട് റെയിസിംഗ്.
ടെക്‌സസില്‍ താമസിക്കുന്ന കെവിന്റെ പേരക്കുട്ടികളെ കാണാനുള്ള പണം നല്‍കുകയായിരുന്നു ലക്ഷ്യം. ഈ ഫണ്ട് നിറഞ്ഞ് കവിഞ്ഞു. പലരും ഇതിലേക്ക് ഒരുപാട് പണം അയച്ചു. ഒടുവില്‍ അത് മൂന്ന് കോടിയും കവിഞ്ഞ് കുതിക്കുകയായിരുന്നു. കെവിന്റെ മകള്‍ സെറീന ഫോര്‍ഡാണ് ഈ ഫണ്ടിംഗ് തുടങ്ങിയത്. അത് ലോകം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു.












Click it and Unblock the Notifications