ഈഫല്‍ ടവറിനേക്കാള്‍ ഉയരം, കശ്മീരില്‍ പുതിയൊരു അത്ഭുതം; ഇന്ത്യക്ക് അഭിമാനമായി ഈ നേട്ടം!!
ശ്രീനഗര്‍: ജമ്മു കശ്മീരിന് സൗന്ദര്യം പകര്‍ന്ന് പുതിയൊരു അത്ഭുതം. ലോകത്തെ ഏറ്റവും വലിയ റെയില്‍വേ പാലം കശ്മീരില്‍ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ സന്ദര്‍ശകര്‍ക്കായി ഇത് തുറന്ന് കൊടുത്തിട്ടില്ല. ചെനാബ് റെയില്‍വേ പാലത്തിന്റെ അവസാന ഘട്ട പണികളാണ് നടക്കുന്നത്. ഈഫല്‍ ടവറിനേക്കാള്‍ ഉയരമാണ് ഈ റെയില്‍വേ പാലത്തിനുള്ളത്.
ഈഫല്‍ ടവറിനേക്കാള്‍ 29 മീറ്റര്‍ ഉയരമാണ് ഈ പാലത്തിനുള്ളത്. ചെനാബ് റെയില്‍വേ പാലം, ചെനാബ് നദിയുടെ 1180 അടി ഉയരത്തിലാണ്. ദശാബ്ദങ്ങളോളം നീണ്ട നിര്‍മാണത്തിന് ശേഷം ഈ വര്‍ഷം ഡിസംബറില്‍ ഇത് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും. ഡിസംബറില്‍ നടന്നില്ലെങ്കില്‍ 2024 ജനുവരിയില്‍ അത് സാധ്യമാക്കും.

1315 മീറ്റര്‍ നീളമുള്ള പാലമാണിത്. കശ്മീരിനെ റെയില്‍ മാര്‍ഗം ബന്ധിപ്പിക്കാനുള്ള വലിയ പദ്ധതികളിലൊന്നാണിത്. ചെനാബ് പാലത്തെ കൂടാതെ, ഉദ്ധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പ്രൊജക്ട് രാജ്യത്തെ ഏറ്റവും നീളമേറിയ ഗതാഗത തുരങ്കമാണ്. അതോടൊപ്പം ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ കേബിള്‍ ബ്രിഡ്ജ് കൂടിയാണിത്.
അതേസമയം ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മേഖലയെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതി മോദിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തിലെ പ്രധാനപ്പെട്ടതാണ്. കശ്മീരിന്റെ വികസനം പ്രധാന അജണ്ടയാണെന്ന മോദിയുടെ പ്രഖ്യാപനം, അതുപോലെ പാലിക്കപ്പെടുകയാണ്.
കശ്മീരിനെ രാജ്യത്തിന്റെ എല്ലാ ഭാഗവുമായി ബന്ധിപ്പിക്കുന്നതിലൂടെ ആ മേഖലയുടെ വികസനം കൂടിയാണ് സാധ്യമാകുക. പ്രത്യേകിച്ച് വ്യവസായ-കാര്‍ഷിക മേഖലയില്‍ വന്‍ കുതിപ്പ് കശ്മീരിനുണ്ടാവും. ഏത് കാലാവസ്ഥയിലും കശ്മീരും, ഇന്ത്യയിലെ മറ്റേത് മേഖലയുമായി ബന്ധപ്പെടാന്‍ റെയില്‍ മാര്‍ഗം സാധിക്കും. നേരത്തെ 300 കിലോമീറ്റര്‍ നീളുന്ന ശ്രീനഗര്‍-ജമ്മു ദേശീയപാത മാത്രമായിരുന്നു കശ്മീരിലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്ന മാര്‍ഗം.
ഇത് മഞ്ഞുകാലത്ത് അടയ്ക്കും. ഇവിടെ തുടര്‍ച്ചയായി വാഹനാപകടങ്ങളും ഉണ്ടാവാറുണ്ട്. റോഡ് മാര്‍ഗമുള്ള സഞ്ചാരം വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നതെന്ന് ഇവിടെയുള്ള വ്യാപാരികളും പറയുന്നു. എന്നാല്‍ ട്രെയിന്‍ മാര്‍ഗം രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും എത്താന്‍ സാധിച്ചാലും, കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വുണ്ടാകുമെന്നും ന്യൂ കശ്മീര്‍ ഫ്രൂട്ട് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ മെഹേന്ദ്രു പറഞ്ഞു.
ഈ റെയില്‍വേ പാലത്തിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. കശ്മീര്‍ ഇന്ത്യയുടെ നിര്‍ണായക ഭാഗമാണെന്ന് ലോകത്തിന് മുന്നില്‍ ഉറപ്പിക്കുന്നതാണ് ഈ നടപടി. പക്ഷേ കശ്മീരികളുടെ വിശ്വാസം ഇതിലൂടെ ആര്‍ജിക്കാന്‍ പറ്റുമോ എന്ന സംശയം ബാക്കിയാണ്. നേരത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അടക്കമുള്ള വിഷയങ്ങള്‍ കശ്മീരികളെ വല്ലാതെ സര്‍ക്കാരില്‍ നിന്ന് അകറ്റിയിരുന്നു.
അതേസമയം ഈ പദ്ധതി 2002ല്‍ ആരംഭിച്ചതാണ്. മോദിക്ക് പൂര്‍ണമായി ഇതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനാവില്ല. മോദി അധികാരത്തില്‍ വന്ന ശേഷമാണ് ഈ പദ്ധതിക്ക് വേണ്ട ബജറ്റ് വര്‍ധിപ്പിച്ചത്. അതാണ് നിര്‍മാണം വേഗത്തിലാക്കിയത്. പാലം തുറന്നാല്‍ അത് രാഷ്ട്രീയ പോരിന് കൂടി തുടക്കമിടുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications