ജോലിക്കിടെ ഇടവേള, ആറ് മണിക്കൂറോളം ശുചിമുറിയില്‍; ജീവനക്കാരനെതിരെ കമ്പനി എടുത്ത നടപടി ഇങ്ങനെ
ബെയ്ജിങ്: ജോലിക്കിടെ നമ്മളെല്ലാം ഒരു ഇടവേള എടുക്കാറുണ്ട്. ചിലപ്പോള്‍ ഒന്ന് നടക്കാന്‍ ഇറങ്ങാം. അതുമല്ലെങ്കില്‍ ഒരു കാപ്പി കുടിക്കാന്‍ ഈ സമയം ഉപയോഗിക്കാം. എന്നാല്‍ ചൈനയിലെ ഒരു യുവാവ് ഇടവേള എടുത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. കാരണം കേട്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും.
ആറ് മണിക്കൂറാണ് ഇയാള്‍ ശുചിമുറിയില്‍ ചെലവിട്ടത്. ഒരു ദിവസം ജോലി പോലും മര്യാദയ്ക്ക് പൂര്‍ത്തിയാക്കാതെയാണ് ഇയാള്‍ ശുചിമുറിയിലെത്തി സമയം ചെലവഴിച്ചത്. പിന്നാലെ തന്നെ ജോലിയും നഷ്ടമായി. അതേസമയം കമ്പനിയുടെ നടപടിയില്‍ രോഷാകുലനായ ജീവനക്കാരന്‍ കോടതിയില്‍ എത്തിയിരിക്കുകയാണ്. വാങ് എന്നാണ് ഈ യുവാവിന്റെ പേര്. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ച വാങ്ങിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്.

തന്നെ അന്യായമായി പിരിച്ചുവിട്ടതാണെന്ന് ഇയാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ശുചിമുറിയില്‍ അത്ര നേരം ചെലവിട്ടതെന്നും വാങ് പറയുന്നു. എന്നാല്‍ ചൈനീസ് കോടതി ഈ വാദങ്ങള്‍ തള്ളി. കമ്പനിക്ക് അനുകൂലമായിട്ടാണ് വിധിയുണ്ടായതന്ന് ദക്ഷിണ ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
2006 ഏപ്രിലിലാണ് ഈ കമ്പനിയില്‍ വാങ് ചേര്‍ന്നത്. 2013 ഏപ്രില്‍ മുതല്‍ മുന്‍കൂട്ടി നിശ്ചയിക്കാത്ത കരാറിലാണ് ഇയാള്‍ ഇവിടെ ചോലി ചെയ്യുന്നത്. തനിക്ക് സ്വകാര്യ ഭാഗങ്ങളില്‍ ശസ്ത്രക്രിയ 2014 ഡിസംബറില്‍ വേണ്ടി വന്നിരുന്നുവെന്നും യുവാവ് പറയുന്നു. അതുകൊണ്ടാണ് ഇടയ്ക്കിടെ ശുചിമുറി ഉപയോഗിക്കേണ്ടി വരുന്നതെന്നും വാങ് കോടതിയെ അറിയിച്ചു.
അതേസമയം വാങ്ങിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു. എങ്കിലും ശുചിമുറിയിലേക്ക് ഇയാള്‍ തുടര്‍ന്നും പോകുന്നുണ്ടായിരുന്നു. കാരണം കഠിനമായ വേദന ഇയാള്‍ക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. അതുകൊണ്ട് മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ വാങ്ങിന് ശുചിമുറിയില്‍ ചെലവിടേണ്ടി വരികയായിരുന്നു.
2015 ജൂലായ് മുതല്‍ വാങ്ങിന് ഇത്തരത്തില്‍ പെരുമാറേണ്ടി വന്നുവെന്നായിരുന്നു കോടതിയെ അറിയിച്ചത്. കമ്പനി റെക്കോര്‍ഡുകള്‍ പ്രകാരം വാങ്ങ് ഒരു ദിവസം രണ്ട് മുതല്‍ മൂന്ന് തവണ വരെ ശുചിമുറിയില്‍ പോകാറുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2015 സെപ്റ്റംബര്‍ ഏഴിനും പതിനേഴിനും ഇടയില്‍ 22 തവണയാണ് വാങ്ങ് ശുചിമുറിയില്‍ പോയത്.
വാങ്ങ് ശുചിമുറിയില്‍ എത്ര തവണ പോയി എന്നതിനൊന്നും കമ്പനിക്ക് പ്രശ്‌നമില്ല. എന്നാല്‍ എത്ര നേരം ശുചിമുറിയില്‍ ചെലവിട്ടു എന്നതിനാണ് പ്രശ്‌നം. 47 മിനുട്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഇത് നീളാറുണ്ടെന്നാണ് കമ്പനി കോടതിയില്‍ വാദിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് വാങ്ങിന്റെ കരാര്‍ ചൈനീസ് കമ്പനി റദ്ദാക്കിയത്.
നേരത്തെ വീട്ടിലേക്ക് മടങ്ങുന്നത്, അനാവശ്യമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുക, തുടങ്ങിയ കാര്യങ്ങളാണ് കമ്പനി വാങ്ങിനെതിരെ ഉയര്‍ത്തിയത്. തന്നെ തിരിച്ചെടുക്കണമെന്നായിരുന്നു കോടതിയില്‍ വാങ്ങ് ആവശ്യപ്പെട്ടത്. ചൈനീസ് കോടതി ഈ പരാതി തള്ളി. ഇത്രയും നേരം ശുചിമുറിയില്‍ ചെലവിടുന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന് കോടതി പറഞ്ഞു. ജോലിയില്‍ നിന്ന് ഇയാളെ പുറത്താക്കിയത് നിയമപരമാണെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications