'എല്ലാത്തിനും കാരണം ആ പാമ്പ് പിടിത്തമാണോ'?; സോഷ്യൽമീഡിയ ഏറ്റെടുത്ത ഒരു പ്രീവെഡിങ് ഫോട്ടോഷൂട്ട്
വിവാഹം ഇപ്പോൾ അത്ര സിമ്പിളായിട്ടുള്ള പരിപാടിയല്ല. കാലം മാറുന്നതിന് അനുസരിച്ച് കോലം മാറണമെന്ന് പറയാറില്ലേ, അതുപോലെ കാലം മാറിയപ്പോൾ വിവാഹങ്ങൾക്കും പല മാറ്റങ്ങളും സംഭവിച്ചു. മുൻപൊക്കെ വിവാഹത്തലേന്നും പിറ്റേന്നുമൊക്കെ ആയിരിക്കും മൊത്തത്തിൽ ഒരു ഓളം ഉണ്ടാവുക. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. വിവാഹത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ വിവാഹത്തിന് ഉള്ള മുന്നൊരുക്കങ്ങൾ നടക്കും.
ഇപ്പോൾ ഡെസ്റ്റിനേഷൻ വിവാഹങ്ങളുടെ കാലം ആണ്. വിമാനത്തിന് അകത്ത് വെച്ചും കുന്നിന് മുകളിൽ വെച്ചും കടൽത്തീരത്ത് വെച്ചുമൊക്കെയാണ് ഇപ്പോൾ വിവാഹം. അതുപോലെ തന്നെ മുൻപൊക്കെ ഫോട്ടോ ഷൂട്ടും കാര്യങ്ങളും ഒക്കെ വിവാഹ ദിവസമാണ് നടന്നിരുന്നതെങ്കിൽ, ഇപ്പോൾ താരം സേവ് ദ ഡേറ്റ് ആണ്. വിവാഹത്തിന് മുമ്പ് അതിഗംഭീരമായി ഒരു ഫോട്ടോഷൂട്ട്. പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളും സോഷ്യൽമീഡിയയിൽ വൈറൽ ആവാറുണ്ട്.

PC:twitter
ചില സേവ് ദ ഡേറ്റ് ഷൂട്ടുകൾക്ക് അതിരൂക്ഷമായ വിമർശനങ്ങൾ ഏൽക്കാറുമുണ്ട്. എന്തായാലും ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത് പാമ്പ് കേന്ദ്ര കഥാപാത്രമായ ഒരു ഫോട്ടോഷൂട്ടാണ്. അതെ, വിവാഹത്തിന് മുമ്പ് ഒരു പാമ്പ് പിടിത്തം. സംഭവം വിശദമായി അറിയാം. സാധാരണ പാമ്പിനെ കയ്യിൽപ്പിടിച്ചും തോളിൽ വെച്ചും ശരീരത്തിൽ ചുറ്റിയുമൊക്കെ ഫോട്ടോ ഷൂട്ട് നടത്താറുണ്ട്. എന്നാൽ ഇത് അങ്ങനെയൊന്നല്ല.
വളരെ രസകരമായ ഒരു സംഭവമാണ് ഫോട്ടോഷൂട്ടിലൂടെ പങ്കിടുന്നത്. പ്രണയം തോന്നാൻ ഏറെ സമയം ഒന്നുംവേണ്ട എന്നാണല്ലോ, ചിലർക്ക് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നാം, മറ്റുചിലർക്ക് ഒരുപാട് സംസാരിച്ച ശേഷമായിരിക്കാം, ചിലർക്ക് സൗന്ദര്യം കണ്ടിട്ടാവാം പ്രണയം തോന്നുന്നത്, ചിലർക്ക് കഴിവ് കണ്ടിട്ടാകാം. അങ്ങനെ പലർക്കും പല കാരണങ്ങൾ ആയിരിക്കും. ഇവിടെ പ്രണയത്തിന് കാരണമാകുന്നത് ഒരു പാമ്പാണ്.
ഒരു യുവതി പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു പാമ്പിനെ കാണുകയാണ്. പാമ്പിനെ കണ്ട് ഭയന്ന യുവതി ഉടനെ പാമ്പിനെ പിടികൂടാൻ ഒരാളെ വിളിക്കുന്നു. രണ്ടുപേർ ഒരു സ്‌കൂട്ടിയിൽ പാമ്പിനെ പിടിക്കാനായി എത്തുന്നു. ഒട്ടും ഭയമില്ലാതെ യുവാവ് പാമ്പിനെ പിടികൂടി പെട്ടിയിലാക്കുകയും പോവുകയും ചെയ്യുന്നു.
അതിന് ശേഷം യുവതിയും യുവാവും പരസ്പരം വിളിക്കുകയും ഇവരുടെ ഈ ബന്ധം വിവാഹത്തിൽ എത്തുകയും ചെയ്യുന്നു. രണ്ട് പേരും കൈപിടിച്ച് നടക്കുന്ന ഫോട്ടോയോട് കൂടിയാണ് ഫോട്ടോഷൂട്ട് പൂർത്തിയാകുന്നത്. നിരവധിപേരാണ് ഈ ഫോട്ടോഷൂട്ടിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാൽ വിവാഹിതരാകാൻ പോകുന്നവരുടെ പേരും മറ്റ് വിവരങ്ങളും വ്യക്തമല്ല. വിവേക് എന്ന ആളാണ് ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.


Click it and Unblock the Notifications