കോടികള്‍ക്ക് ഒരു വിലയുമില്ലേ? ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലി വാങ്ങുന്ന തുക എത്രയെന്ന് അറിയുമോ?
മുംബൈ: ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്ലി. മികച്ച ഫോമില്‍ തുടരുന്ന താരത്തില്‍ തന്നെയാണ് അടുത്ത ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. കളിക്കളത്തിന് പുറത്ത് നിരവധി ബ്രാന്‍ഡുകളുമായി സഹകരിക്കുന്ന താരത്തിന്റെ വരുമാനവും മറ്റ് വിവരങ്ങളും അറിയാന്‍ ആരാധാകർക്കും ഏറെ താല്‍പര്യമുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലെ ഒരു പരസ്യത്തിന് താരം വാങ്ങിക്കുന്ന പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമിൽ 256 മില്യൻ പേരാണ് വിരാട് കോലിയെ പിന്തുടരുന്നത്. വ്യക്തിപരമായ പോസ്റ്റുകള്‍ക്കൊപ്പം തന്നെ കൊളാബ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും തന്റെ ഇന്‍സ്റ്റഗ്രാമില്‍ കോലി പങ്കുവെക്കാറുണ്ട്. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോപ്പർ എച്ച്ക്യു എന്ന സ്ഥാപനമാണ് ഇന്‍സ്റ്റയിൽ ഒരു സ്പോൺസേഡ് പോസ്റ്റ് ഇടുന്നതിന് കോലി വാങ്ങുന്ന തുക എത്രയെന്ന് വെളിപ്പെടുത്തുന്നത്.

2023 ലെ ഏറ്റവും പുതിയ കണക്കുപ്രകാരം ഇൻസ്റ്റഗ്രാമിലെ ഓരോ സ്പോൺഡേസ് പോസ്റ്റുകൾക്കും 11.45 കോടി രൂപയോളമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വാങ്ങിക്കുന്നത്. ഏറ്റവുമധികം താരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്ന ക്രിക്കറ്റര്‍, ഇന്‍സ്റ്റയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള ഇന്ത്യക്കാരന്‍, ഏഷ്യക്കാരന്‍ തുടങ്ങി നിരവധി റെക്കോഡുകളുള്ള കോഹ്ലി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന സോഷ്യല്‍ മീഡിയ വ്യക്തിത്വങ്ങളുടെ പട്ടികയില്‍ പതിനാലാം സ്ഥാനത്താണുള്ളത്.
സെലിബ്രിറ്റികള്‍ ഡോമിനേറ്റ് ചെയ്യുന്ന ഈ പട്ടികയില്‍ ആദ്യ ഇരുപതില്‍ നാല് സ്‌പോര്‍ട്‌സ് താരങ്ങള്‍ മാത്രമാണുള്ളത്. തുടർച്ചയായ മൂന്നാം തവണയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമത് എത്തിയപ്പോള്‍ മെസി രണ്ടാമതായി നില്‍ക്കുന്നു. നിരവധി ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡറായ ക്രിസ്റ്റിയാനോ ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെക്കുന്ന ഓരോ പോസ്റ്റിലൂടേയും 3.234 ദശലക്ഷം ഡോളര്‍ (ഏകദേശം 26.76 കോടി രൂപ) സാമ്പാദിക്കുന്നു.
ക്രിസ്റ്റ്യാനോയെ പോലെ വിവിധ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡറായ മെസി 2.597 മില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 21.49 കോടി രൂപയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്ന ഓരോ പോസ്റ്റില്‍ നിന്നും കരസ്ഥമാക്കുന്നത്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ പട്ടികയില്‍ പത്തൊന്‍പതാമതായി ഇടം പിടിച്ചിട്ടുണ്ട്. 1.141 മില്യണ്‍ ഡോളര്‍ (ഏകദേശം 9.44 കോടി) രൂപയാണ് നെയ്മറിന് ഓരോ പോസ്റ്റില്‍ നിന്നും ലഭിക്കുന്നത്.
പട്ടികയിൽ ബോളിവുഡ്, ഹോളിവുഡ് നടി പ്രിയങ്ക ചോപ്ര ജോനാസ് 29-ാം സ്ഥാനത്തുണ്ട്. 4.40 കോടി രൂപയാണ് ഒരു ഇന്‍സ്റ്റ പോസ്റ്റിന് പ്രിയങ്കയ്ക്കു ലഭിക്കുന്നത്. അതേസമയം 27ാം സ്ഥാനത്താണ് ഫ്രാന്‍സിന്റെ സൂപ്പർ താരമായ കിലിയന്‍ എംബാപ്പെ. ഏകദേശം 4.75 കോടി രൂപയാണ് എംബാപ്പെക്ക് ഓരോ പോസ്റ്റില്‍ നിന്നും ലഭിക്കുന്നത്.












Click it and Unblock the Notifications