വിദേശ രാജ്യത്തേക്ക് ചേക്കേറണമെന്നാണോ? പറക്കാം ഇവിടേക്ക്, ജോലിയും ജീവിതവും സുരക്ഷിതം
വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉണ്ടായിട്ടുള്ളത്. പ്രധാനമായും കാനഡ, യുകെ, യുഎസ് പോലുള്ള രാജ്യങ്ങളിലേക്കാണ് ഇത്തരത്തിലുള്ള കുടിയേറ്റങ്ങൾ നടക്കാറുള്ളത്.
എന്നാൽ എത്രയേറെ തയ്യാറെടുപ്പുകളോടെ പോയാലും ഒരുപക്ഷേ പ്രതീക്ഷിച്ച പോലൊരു ജീവിതം എല്ലാവർക്കും സാധ്യമായെന്ന് വരില്ല. കാലാവസ്ഥ മുതൽ ജീവിത ചെലവ് , സാഹചര്യം എന്നിങ്ങനെ നിരവധി വെല്ലുവിളികൾ ഉണ്ടായേക്കാം. അതുകൊണ്ട് മികച്ചൊരു ജീവിതമായി പുറം രാജ്യത്ത് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കൃത്യമായ ആസൂത്രണം അതിനാവശ്യമാണ്.
മികച്ച ജീവിതം വിദേശത്ത് സ്വപ്നം കാണുന്നവർക്ക് 2023 ൽ പരിഗണിക്കാവുന്ന രാജ്യങ്ങളുടെ പട്ടിക ഇനി പരിശോധിക്കാം.

ന്യൂസിലാന്റ്- മികച്ച ജിവിത നിലവാരം, മെഡിക്കൽ സൗകര്യങ്ങൾ, സാമൂഹിക ആനുകൂല്യങ്ങൾ, സർക്കാർ സ്കൂളുകളിലും സർവ്വകലാശാലകളിലും സൗജന്യ വിദ്യാഭ്യാസം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ന്യൂസിലാന്റിലേക്ക് ജനങ്ങളെ ആകർഷിക്കുന്നത്. കുടുംബമായി ജീവിക്കാൻ കഴിയുന്ന മികച്ച രാജ്യങ്ങളിൽ ഒന്നു കൂടിയായ ന്യൂസിലാന്റിൽ മികച്ച വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളും ഉണ്ട്.ഉയർന്ന തൊഴിലവസരങ്ങൾ, പങ്കാളിയെ ഒപ്പം കൊണ്ടുവരാനുള്ള അവസസരം എന്നിവയാണ് ന്യൂസിലൻഡ് ഇമിഗ്രേഷനെ കൂടുതൽ ജനപ്രിയമാക്കുന്നത്.
അയർലെന്റ്-ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും നിരവധി അവസരങ്ങൾ തുറന്നിട്ടിരിക്കുന്ന രാജ്യമാണ് അയർലന്റ്. സയൻസിലും ടെക്നോളജി മേഖലകളിലും പ്രാവീണ്യം ഉള്ളവർക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ അയർലന്റ് വാഗ്ദാനം ചെയ്യുന്നു. യൂറോപ്യൻ യൂണിയൻ പൗരത്വം , 185 വിസ രഹിത യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര തുടങ്ങിയവയാണ് അയർലന്റിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
ജർമ്മിനി- കഴിഞ്ഞ കുറച്ച് നാളുകളായി കുടിയേറ്റത്തിനും വിദ്യാഭ്യാസത്തിനും ആളുകൾ ഒരുപോലെ തിരഞ്ഞെടുക്കുന്ന രാജ്യമാണ് ജർമ്മിനി. കുറഞ്ഞ ചെലവിലുള്ള ഉന്നത വിദ്യാഭ്യാസം, മികച്ച തൊഴിലവസരങ്ങൾ, ഉന്നത ജീവിത നിലവാരം എന്നിവ രാജ്യം വാഗ്ദാനം ചെയ്യുന്നു. കുടിയേറി നിശ്ചിത കാലയളവിന് ശേഷം നിങ്ങൾക്ക് സ്ഥിരമോ താൽക്കാലികമോ ആയ റസിഡന്റ് പെർമിറ്റ് നേടാനും യാതൊരു നിയന്ത്രണവുമില്ലാതെ EU/EEA രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും കഴിയും.
നെതർലാന്റ്-ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ സ്ഥിരം മുൻനിരയിൽ ഇടം നേടാറുള്ള രാജ്യമാണ് നെതർലാന്റ്.അപ്ലൈഡ് സയൻസ്, ടെക്‌നോളജി, ബിസിനസ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, ആർട്ട്‌സ് എന്നീ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നെതർലാന്റ് വാഗ്ദാനം ചെയ്യുന്നു. ജോലിയും ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകാൻ അനുവദിക്കുന്ന സംസ്കാരമാണ് നെതർലന്റിന്റേത്.
നോർവെ-ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് നോർവെ. സൗജന്യ വിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും കുടിയേറ്റക്കാരുടെ പ്രിയ ഇടമാക്കി നോർവെയെ മാറ്റുന്നു.നൂതന സാങ്കേതികവിദ്യയും മെച്ചപ്പെട്ട ജീവിത നിലവാരവും ഇവിടേക്ക് കൂടിയേറാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
ഡെൻമാർക്ക്-ലോകത്തിൽ ഏറ്റവും സന്തോഷമുള്ള ആളുകൾ ജീവിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഡെൻമാർക്ക്. 18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ വിദ്യാഭ്യാസം രാജ്യം നൽകുന്നു. ആളുകൾക്ക് പഠിക്കാനും ജോലി ചെയ്യാനും താമസിക്കാനും ഗ്രീൻ കാർഡ് സ്കീമിന് അപേക്ഷിക്കാം.












Click it and Unblock the Notifications