'ബില്ലടച്ചില്ലെങ്കിൽ ഉടൻ ഫ്യൂസ് ഊരും', ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ ചതിക്കുഴി
പല തരം തട്ടിപ്പുകൾ നമ്മുടെ രാജ്യത്തുണ്ട്. ഓൺലൈനായും ഓഫ്ലൈനായുമൊക്കെ ഇന്നത്തെക്കാലത്ത് തട്ടിപ്പുകൾ സർവ്വ സാധാരണമാണ്. ഓരോ കാലങ്ങളിലും തട്ടിപ്പുകാർ ഓരോ വഴിയാണ് പയറ്റാറുള്ളത്. അതേ സമയം സാങ്കേതിക വിദ്യയുടെ വളർച്ചയനുസരിച്ച് തട്ടിപ്പുകാരുടെ രീതികളിലും മാറ്റമുണ്ടായി എന്നു വേണം പറയാൻ. ആളുകൾ പണം കയ്യിൽക്കരുതുന്നതിനേക്കാൾ കൂടുതൽ ഗൂഗിൾ പേ പോലുളള മാർഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നുള്ളതും ഇവരെ ഹൈടെക്ക് ആക്കാൻ നിർബന്ധിതരാക്കി.

നിലവിൽ രാജ്യത്തെ ഒരു പ്രധാന തട്ടിപ്പായി വിലയിരുത്തപ്പെടുന്നത് ഇലക്ട്രിസിറ്റി ബിൽ പെയ്മെന്റ് സ്കാം ആണ്. 'ഇലക്ട്രിസിറ്റി ബിൽ പെയ്മെന്റ് എന്ന പേരിൽ ഈ സാമ്പത്തിക തട്ടിപ്പ് പെരുകുകയാണ്. ഇലക്ട്രിസിറ്റി ബില്ലുകൾ ഉടൻ അടയ്ക്കണമെന്ന് ഉപഭോക്താക്കളുടെ ഫോണിലേക്ക് മെസേജുകൾ അയച്ചാണ് തട്ടിപ്പ് നടക്കുന്നത്. അടിയന്തരമായി പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന ഭീഷണിയോട് കൂടിയതാകും സന്ദേശം. വൈദ്യുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന സൈറ്റുകളുടെ ലിങ്ക് ഉൾപ്പെടുത്തിയതാകും ഇത്തരം സന്ദേശങ്ങൾ.
ഉടൻ ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന ഭീഷണിയോട് കൂടിയ മെസേജ് ലഭിച്ചാൽ ആളുകൾ പെട്ടന്ന് പരിഭ്രാന്തരാകും. ഇങ്ങനെ പെട്ടെന്ന് പണം അടയ്ക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യും. എന്നാൽ ഇത്തരത്തിൽ ലിങ്കിൽ പ്രവേശിച്ചാൽ നിങ്ങളുടെ ബാങ്ക് അകൗണ്ട് വിവരങ്ങളടക്കം തട്ടിപ്പുകാർ ചോർത്തും.
ഇത്തരം സന്ദേശങ്ങളോട് ജാഗ്രത പുലർത്തുകയെന്നതാണ് തട്ടിപ്പിൽ നിന്ന രക്ഷനേടാനുള്ള മാർഗം. ഫോണിൽ സന്ദേശത്തോടൊപ്പം ചേർത്ത ലിങ്കിൽ പ്രവേശിച്ച് പെയ്മെന്റ് ചെയ്യുന്നതിന് പകരം ഇലക്ട്രിസിറ്റി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നേരിട്ടെത്തി വിവരങ്ങൾ ഉറപ്പാക്കിയ ശേഷം മാത്രം പെയ്മെന്റ് ചെയ്യുക. കൂടാതെ ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ രണ്ടാമതൊന്നു കൂടി ഉറപ്പു വരുത്താൻ ശ്രദ്ധിക്കാം.
വൈദ്യുതി വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ പോലും പരിഭ്രാന്തരാകാതെ സംയമനം പാലിക്കുകയും ചിന്തിച്ച് മാത്രം പ്രതികരിക്കുകയും ചെയ്യണം.
ഒരു കാരണവശാലും നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ഇത്തരത്തിൽ വെളിപ്പെടുത്തരുത്. കൂടാതെ ഫോൺ സോഫ്‌റ്റ്‌വെയറുകളും ആപ്ലിക്കേഷനുകളും പതിവായി അപ്‌ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കുക. ഇത്തരം അപ്ഡേറ്റുകളിൽ സെക്യൂരിറ്റി പാച്ചുകൾ ലഭിക്കുന്നതിനാൽ സ്പാമുകളിൽ നിന്ന് രക്ഷനേടാൻ സാധിക്കും. എല്ലാ ഓൺലൈൻ അക്കൗണ്ടുകൾക്കും ശക്തമായ പാസ്‌വേഡുകൾ നൽകാം. കൂടാതെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും ശ്രദ്ധ പാലിക്കാം.












Click it and Unblock the Notifications