അരമണിക്കൂർ കൊണ്ട് 12 കിലോ ഭാരമുള്ള ഭീമൻ സമൂസ കഴിക്കണം; ജയിച്ചാൽ കിട്ടും 71000 രൂപ
എണ്ണയിൽ പൊരിച്ചെടുത്ത ഒരു സമൂസ കിട്ടിയാൽ എങ്ങനെയിരിക്കും? അതെന്ത് ചോദ്യമാണ്, ഒറ്റ മിനിറ്റ് കൊണ്ട് തിന്നുതീർക്കും എന്നാവും ഭൂരിഭാഗവും പറയാൻ പോകുന്ന മറുപടിയല്ലേ. സമൂസയോട് അത്ര പ്രിയമില്ലാത്ത ആളുകളും ഉണ്ടാവും. എങ്കിലും ഇനി പറയാൻ പോകുന്ന കാര്യം നിങ്ങളും ഒന്ന് കേട്ടോളു, ചിലപ്പോൾ കൈനിറയെ കാശ് കിട്ടിയേക്കും. സംഭവം എന്താണെന്ന് വിശദമായി അറിയാം.
12 കിലോ ഭാരമുള്ള സമൂസ, 30 മിനിറ്റ് കൊണ്ട് കഴിച്ചു തീർത്താൽ 71000 രൂപയാണ് സമ്മാനമായി ലഭിക്കുക. സംഭവം ഉത്തർപ്രദേശിലാണ്. എന്തിനാണ് ഇത്ര വലിയ സമൂസ ഉണ്ടാക്കി ഇങ്ങനൊരു മത്സരം എന്നായിരിക്കും നിങ്ങളുടെ ചോദ്യം. പറയാം. ലാൽകുർത്തി ആസ്ഥാനമായുള്ള കൗശൽ സ്വീറ്റ്സിന്റെ ഉടമയായ ശുഭം കൗശൽ ആണ് ഈ ബാഹുബലി സമൂസയ്ക്ക് പിന്നിൽ.

സമൂസയക്ക് കുറച്ചുകൂടി ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി 'വ്യത്യസ്തമായ എന്തെങ്കിലും' ചെയ്യണമെന്ന തോന്നലിന് പിന്നാലെയാണ് ഇദ്ദേഹം ഇങ്ങനൊരു ആശയത്തിൽ എത്തിയത്. അങ്ങനെയാണ് 12 കിലോ ഭാരമുള്ള ബാഹുബലി സമൂസ ഉണ്ടാക്കാമെന്ന തീരുമാനത്തിൽ എത്തിയത്. ആളുകൾ 'ബാഹുബലി' സമൂസ ഓർഡർ ചെയ്യാറുണ്ടെന്നും കേക്കിന് പകരം ജന്മദിനത്തിൽ ഇത് മുറിക്കാൻ ഇഷടപ്പെടുന്നവർ ഉണ്ടെന്നുമാണ് ഇദ്ദേഹം പറയുന്നത്.
ഉരുളക്കിഴങ്ങ്, കടല, മസാലകൾ, പനീർ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ നിറച്ച സമൂസ 30 മിനിറ്റിനുള്ളിൽ കഴിച്ച് തീർത്താൽ 71,000 രൂപ ലഭിക്കുന്ന ചലഞ്ച് ഉണ്ടെന്നും ഇദ്ദേഹം പറയുന്നു. ഈ ഭീമൻ സമൂസ ഉണ്ടാക്കാൻ ആറ് മണിക്കൂർ സമയമാണ് ഇവിടുത്തെ പാചകക്കാർ എടുക്കുന്നത്. സമൂസ വറുത്തെടുക്കാൻ മാത്രം 90 മിനുട്ട് വേണമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രവുമല്ല മൂന്ന് പാചകക്കാരും ഇതിന് ആവശ്യമാണ്.
12 കിലോ ഭാരമുള്ള സമൂസയിൽ 7 കിലോ അതിനകത്ത് നിറച്ചിരിക്കുന്ന സാധനങ്ങളുടെ ഭാരമാണ്. "ഞങ്ങളുടെ ബാഹുബലി സമൂസ സോഷ്യൽ മീഡിയയിലും ഷോപ്പിൽ പതിവായി വരുന്ന ഫുഡ് ബ്ലോഗർമാരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പ്രദേശവാസികളും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്നവരും ഈ സമൂസയെപ്പറഅറ് ചോദിക്കുന്നുണ്ട്, കൗശൽ പറഞ്ഞു. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമെ ഈ സമൂസ ലഭിക്കുകയുള്ളൂ.
"സമൂസ ശ്രദ്ധയിൽപ്പെടാൻ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. 'ബാഹുബലി' സമൂസ ഉണ്ടാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആദ്യം, ഞങ്ങൾ നാല് കിലോ സമൂസയും പിന്നീട് എട്ട് കിലോ സമൂസയും ഉണ്ടാക്കി തുടങ്ങി. രണ്ടും ജനപ്രിയമായി. പിന്നീട് 12 കിലോഗ്രാം സമൂ,യാണ് തയ്യാറാക്കിയത്," കൗശൽ പറഞ്ഞു
12 കിലോ സമൂസയ്ക്ക് ഏകദേശം 1500 രൂപയാണ് വിലയാവുക. ബാഹുബലി സമൂസകൾക്കായി ഇതുവരെ 40-50 ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് കൗശൽ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സമൂസയാണെന്നും അദ്ദേഹം അവകാശപ്പെട്ടു . പടിഞ്ഞാറൻ യുപി ജില്ലയായ മീററ്റ് 'റെവ്രി', 'ഗജക്' തുടങ്ങിയ മധുരപലഹാരങ്ങൾക്കും വളരെ പ്രശസ്തമാണ്.












Click it and Unblock the Notifications