82 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചു, സമ്മാനം വാങ്ങാനായി പോയ ഇന്ത്യക്കാരന്‍ ഒടുവിലെത്തിയത് ജയിലില്‍
ന്യൂഡല്‍ഹി: ജീവിതം എന്തൊക്കൊണ് നമുക്കായി കരുതി വെച്ചിരിക്കുന്നതെന്ന് പറയാന്‍ സാധിക്കില്ല. 75കാരനായ ഒരാളുടെ ജീവിതം ലോട്ടറിയടിച്ച ശേഷം ആരും വിചാരിക്കാത്ത തലത്തിലേക്ക് മാറിയത്. നല്ല രീതിയില്‍ അല്ല മാറിയതെന്ന് ആദ്യമേ പറയാം. ഈ വൃദ്ധന്‍ ഇപ്പോള്‍ ജയിലിലാണ്. മയക്കുമരുന്ന് കടത്തിയതിനാണ് അറസ്റ്റുണ്ടായത്.
ലോട്ടറിയടിച്ചതിന്റെ പണം കൈപ്പറ്റാന്‍ പോയതാണ് ഈ പാവം. കഴിഞ്ഞ 70 ദിവസമായി ഇയാള്‍ തലോജ ജയിലിലാണ്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 37 കോടിയുടെ മൂല്യമുള്ള മയക്കുമരുന്നുമായിട്ടാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഇയാള്‍ യഥാര്‍ത്ഥത്തില്‍ ചതിക്കപ്പെട്ടതാണ്. പക്ഷേ ഈ കേസ് തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ ജീവിത കാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരും.

250 ഗ്രാമില്‍ അധികം ഹെറോയിന്‍ ഒരാളില്‍ നിന്ന് പിടിച്ചെടുത്താല്‍, ഇവ ഇരുപത് വര്‍ഷത്തെ തടവിന് വരെ വഴിയൊരുക്കും. താന്‍ നിരപരാധിയാണെന്നും, കുടുക്കിയതാണെന്നും ഡിഎസ് ദുബെ എന്ന ഈ വയോധികന്‍ പറയുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കെണിയില്‍ ഇയാള്‍ വീണുപോയതാണ്. തനിക്ക് വന്ന ഒരു ഇമെയിലിന് യെസ് പറഞ്ഞതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ഇയാള്‍ പറയുന്നു.
ദുബെയ്ക്ക് 10.5 മില്യണ്‍ അഥവാ 82 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചുവെന്ന് കാണിച്ച് ഇമെയില്‍ വന്നിരുന്നു. ദക്ഷിണ-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയിലേക്ക് വന്ന് പണത്തിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ദുബെ അവിടെത്തി. എന്നാല്‍ മടങ്ങുന്ന സമയത്ത് ഇയാള്‍ക്ക് ഇവര്‍ ഒരു ബാഗ് നല്‍കിയിരുന്നു. അതാണ് ദുബെയെ കുടുക്കിയത്.
ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് അനാഥനായ ദുബെ താമസിക്കുന്നത്. ഓണ്‍ലൈനില്‍ തൊഴില്‍ തേടിക്കൊണ്ടിരിക്കുകയായിരുന്നു ദുബെ. അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അദ്ദേഹം. ഇതാണ് തട്ടിപ്പുകാര്‍ മുതലെടുത്തത്. ഇമെയില്‍ പരിശോധിക്കുന്നതിനിടെയാണ് 10.5 മില്യണിന്റെ ഗ്രാന്‍ഡ് പ്രൈസ് ലോട്ടറിയില്‍ തനിക്ക് അടിച്ചെന്ന മെയില്‍ കണ്ടത്.
ഇത് തട്ടിപ്പാണെന്ന് കരുതി ദുബെ ആദ്യം അവഗണിച്ചിരുന്നു. എന്നാല്‍ ഇവര്‍ തുടര്‍ച്ചയായി ഇമെയില്‍ അയച്ചതോടെ ദുബെ അതില്‍ വീണുപോവുകയായിരുന്നു. ലോട്ടറി കമ്പനിയില്‍ നിന്നുള്ള പ്രതിനിധിയാണെന്ന് പറഞ്ഞാണ് ദുബെയെ ബന്ധപ്പെട്ടിരുന്നത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ദുബെ ഈ പണം വാങ്ങാന്‍ ദുബെ തീരുമാനിക്കുകയായിരുന്നു. എഡ്വാര്‍ഡ് ഹിക്‌സ് എന്നയാളാണ് ഇയാളെ ബന്ധപ്പെട്ടത്. തനിക്ക് അന്താരാഷ്ട്ര യാത്രയ്ക്ക് പണമില്ലെന്ന് പറഞ്ഞതോടെ, ഡോ ഹോള്‍മാന്‍ എന്ന തന്റെ സുഹൃത്ത് ഹൈദരാബാദ്-മുംബൈ-മലാവി വിമാന ടിക്കറ്റ് നല്‍കുമെന്നും അറിയിച്ചു. മലാവിയില്‍ എത്തിയാല്‍ താമസ സൗകര്യവും ഉണ്ടായിരിക്കുമെന്നും അറിയിച്ചു.
ഇതുപ്രകാരമാണ് ദുബെ മലാവിയില്‍ എത്തിയത്. അവിടെ വെച്ച് കണ്ടയാല്‍ ദുബെയില്‍ നിന്ന് കൈയ്യൊപ്പ് വാങ്ങി. ഇയാള്‍ പറഞ്ഞ രേഖകളിലായിരുന്നു ഒപ്പിട്ടത്. പണം ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നും ദുബെയോട് പറഞ്ഞു. മടങ്ങാന്‍ നേരത്താണ് ഇയാള്‍ക്ക് ഒരു ബാഗ് നല്‍കിയത്. ഇത് ഇന്ത്യയിലെ സുഹൃത്തിന് നല്‍കണമെന്നും പറഞ്ഞു. ആ ബാഗ് പക്ഷേ ദുബെ തുറന്നില്ല. 4.9 കിലോ ഹെറോയിനായിരുന്നു അതില്‍ ഉണ്ടായിരുന്നത്.
ദുബെയെ തുടര്‍ന്ന് അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കുടുക്കിയതാണെന്ന് മനസ്സിലായി. ഡിആര്‍ഐ രണ്ടുപേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ദുബെയെ ഇവര്‍ വിട്ടയച്ചിട്ടില്ല. പക്ഷേ തെളിവുകളെല്ലാം ദുബെക്കൊപ്പമാണ്. കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ശേഖരിക്കും. കോടതി ദുബെക്ക് ജാമ്യം അനുവദിച്ചിട്ടില്ല. ഉടനെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.












Click it and Unblock the Notifications