മുംബൈയില്‍ ആഡംബര ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് കരണ്‍ ജോഹര്‍; ഒരു മാസത്തെ വാടക എത്രയെന്ന് കേട്ടോ!?
മുംബൈ: ബോളിവുഡ് താരങ്ങള്‍ ആഡംബര വാഹനങ്ങളും വീടുകളും സ്വന്തമാക്കുന്നത് സ്ഥിരം സംഭവമാണ്. ആ ലിസ്റ്റിലേക്ക് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആണ്. എന്നാല്‍ കരണ്‍ ജോഹര്‍ പൊന്നും വില കൊടുത്ത് വാങ്ങിയിരിക്കുന്നത് ഒരു വാടക വീടാണ് എന്നതാണ് ശ്രദ്ധേയം. മുംബൈയിലെ പാലി ഹില്‍ ഏരിയയില്‍ ആണ് അദ്ദേഹം ഒരു വാടക വീട് സ്വന്തമാക്കിയിരിക്കുന്നത്.
ഏകദേശം എട്ട് ലക്ഷം രൂപയാണ് ഇതിന്റെ പ്രതിമാസ വാടക എന്ന് സാപ്‌കെ ആക്‌സസ് ചെയ്ത രജിസ്‌ട്രേഷന്‍ രേഖകളില്‍ കാണിക്കുന്നു. മൂന്ന് വര്‍ഷത്തേക്കാണ് ഈ പ്രോപ്പര്‍ട്ടി കരണ്‍ ജോഹര്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ആദ്യ വര്‍ഷം 8.10 ലക്ഷം രൂപയാണ് വാടക. രണ്ടാം വര്‍ഷം പ്രതിമാസം 8.50 ലക്ഷം രൂപയായും മൂന്നാം വര്‍ഷം പ്രതിമാസം 8.93 ലക്ഷം രൂപയായും വര്‍ധിക്കുമെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

മുംബൈയിലെ ഖാര്‍ വെസ്റ്റിലെ പാലി ഹില്‍ ഏരിയയിലെ 21 യൂണിയന്‍ പാര്‍ക്ക് എന്ന കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലായാണ് ഈ പ്രോപ്പര്‍ട്ടി സ്ഥിതി ചെയ്യുന്നത്. ആഗസ്റ്റ് 23 നാണ് കരാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. അതേസമയം ഈ വര്‍ഷം ആദ്യം, ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാനും കാമുകി ലേഖ വാഷിംഗ്ടണും മുംബൈയിലെ ബാന്ദ്ര ഏരിയയിലെ ഒരു ഫ്‌ലാറ്റ് കരണ്‍ ജോഹറില്‍ നിന്ന് വാടകയ്ക്ക് എടുത്തിരുന്നു.
മൂന്ന് വര്‍ഷത്തേക്ക് പ്രതിമാസം 9 ലക്ഷം രൂപയ്ക്കായിരുന്നു ഈ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലെ ക്ലെഫെപേട്ടില്‍ സ്ഥിതിചെയ്യുന്ന മൂന്ന് നിലകളുള്ള അപ്പാര്‍ട്ട്മെന്റ് ആണ് ഇമ്രാന്‍ ഖാന്‍ കരണ്‍ ജോഹറില്‍ നിന്ന് വാടകയ്ക്ക് എടുത്തത്. കരാര്‍ 2024 മാര്‍ച്ച് 20 ന് രജിസ്റ്റര്‍ ചെയ്യുകയും ഇടപാടില്‍ 27 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കുകയും ചെയ്തിട്ടുണ്ട്.
2021 ല്‍ കരണ്‍ ജോഹറിന്റെ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അന്ധേരി വെസ്റ്റ് ഏരിയയില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വാണിജ്യ വസ്തുക്കളുടെ പാട്ടം യഥാക്രമം 17.56 ലക്ഷം രൂപയ്ക്കും 6.15 ലക്ഷം രൂപയ്ക്കും പ്രതിമാസം വാടകയ്ക്ക് പുതുക്കിയതായി രജിസ്ട്രേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞ ദിവസം പുറത്തുവിട്ട ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ കരണ്‍ ജോഹര്‍ ഇടം നേടിയിരുന്നു.
ഈ ലിസ്റ്റ് പ്രകാരം 1400 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ജൂഹി ചൗള, ഹൃത്വിക് റോഷന്‍ എന്നിവരാണ് ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ ഇടംപിടിച്ച ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ മറ്റ് അംഗങ്ങള്‍. കരണ്‍ ജോഹറിന്റെ സമ്പത്തിന്റെ പ്രധാന സംഭാവന അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ ധര്‍മ്മ പ്രൊഡക്ഷന്‍സാണ്.












Click it and Unblock the Notifications