വോട്ടർ ഐഡി കാർഡ് എടുക്കാൻ മറന്നോ? ടെൻഷൻ വേണ്ട.. ഓൺലൈനായി ഡൗൺലോഡ് ചെയ്യാം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുകയാണ്. ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ടവകാശം കൃത്യമായി ഉപയോഗപ്പെടുത്തുക എന്നത് വോട്ടവകാശം ഉള്ള പൗരന്മാരുടെ അവകാശമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 13 തിരിച്ചറിയൽ രേഖകൾ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഉപയോഗിക്കാം എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഫോട്ടോ പതിച്ച വോട്ടർ ഐ ഡി കാർഡ് ( തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്). അധികം ആളുകളും ഈ രേഖയാണ് വോട്ട് ചെയ്യാൻ ഉപയോഗിക്കാറുള്ളത്.
എന്നാൽ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ വോട്ടർ ഐഡി കാർഡ് എടുക്കാൻ മറന്നാൽ എന്താണ് ചെയ്യുക? വോട്ട് രേഖപ്പെടുത്താൻ ആകുമോ? ടെൻഷൻ വേണ്ട പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ വോട്ടർ ഐ ഡി മറന്നാലും വോട്ട് ചെയ്യാം. അത് എങ്ങനെയാണെന്നല്ലോ? വോട്ടർ ഐഡി കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം. ആവശ്യം വന്നാൽ ഉടനടി വോട്ടർ ഐഡി ഡൗൺലോഡ് ചെയ്യാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിരിക്കുന്നത്.

e-EPIC service എന്നാണ് ഈ സംവിധാനത്തിന്റെ പേര്. പി ഡി എഫ് ഫോർമാറ്റിൽ ലഭിക്കുന്ന വോട്ടർ ഐഡി കാർഡ് കോപ്പി ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് ഫോണിൽ സേവ് ചെയ്ത് വെയ്ക്കാം. അതോടൊപ്പം ഡിജിലോക്കറിൽ അപ് ലോഡ് ചെയ്യുകയും ചെയ്യാം. ഇതേ കോപ്പി പ്രിന്റ് ചെയ്ത് കയ്യിൽ സൂക്ഷിച്ചാലും നിങ്ങൾക്ക് വോട്ട് ചെയ്യാം.
https://nvsp.in എന്ന വെബ്സൈറ്റ് വഴിയാണ് വോട്ടർ ഐ ഡി കാർഡിന്റെ പി ഡി എഫ് രൂപം ഡൗൺ ലോഡ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യാനായി വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം വോട്ടർ ഐ ഡി കാർഡ് നമ്പറോ ഫോം നമ്പറോ നൽകിയാൽ മതി. ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ ഫോണിലേക്ക് വരുന്ന ഒ ടി പി നൽകി ഫോം ഡൗൺ ലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണാം.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് 2024നായി സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാനുള്ള തീയതി മാർച്ച് 25 ന് അവസാനിക്കും. ഓൺലൈനായും തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും ആണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ഉള്ളത്.












Click it and Unblock the Notifications