'എന്റെ മരണസര്‍ട്ടിഫിക്കറ്റ് കാണാനില്ല...'; പരസ്യം നല്‍കി 'പരേതന്‍'; ഇതെന്ത് കഥയെന്ന് കേട്ടവര്‍
പ്രധാനപ്പെട്ട രേഖകൾ കാണാതായാലും ആളുകളെ കാണാതായാലുമൊക്കെ പത്ര പരസ്യം കൊടുക്കുന്നത് സാധാരണമാണ്. പലപ്പോഴും ഇത്തരം പത്രപ്പരസ്യം കൊണ്ട് ഉപകാരം ഉണ്ടാകാറുമുണ്ട്. അത് പോലെ വിവാഹ പരസ്യവും കൊടുക്കാറുണ്ട്.. അന്തംവിട്ടു നിൽക്കുന്നതരത്തിലുള്ള പരസ്യങ്ങളും പൊട്ടിച്ചിരിപ്പിച്ച് ഒരുവകയാക്കുന്ന പരസ്യങ്ങളുമൊക്കെ നമ്മൾ കണ്ടുകാണും.
എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി ഒരു പത്രപരസ്യം പ്രചരിക്കുന്നുണ്ട്, പരസ്യം കണ്ട് ചിരിക്കണോ കരയണോ എന്ന ആശങ്കയിലാണ് ആളുകൾ ആ പരസ്യം എന്താണന്നല്ലേ..സംഭവം ഒരു പ്രധാനപ്പെട്ട രേഖ നഷ്ടപ്പെട്ടതാണ്. മരണ സർട്ടിഫിക്കറ്റ്. അക്കാര്യം അറിയിച്ചാണ് പരസ്യം.

ഞായറാഴ്ച ട്വിറ്ററിൽ, ഐപിഎസ് ഓഫീസർ രൂപിൻ ശർമ്മ ഒരു പ്രിന്റ് പരസ്യത്തിന്റെ ഫോട്ടോ പങ്കുവെച്ചു, അതിൽ ഒരാൾ തന്റെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ടു - ഒരു വ്യക്തി മരിക്കുമ്പോൾ മാത്രം നിർമ്മിക്കുന്ന രേഖയാണ് മരണ സർട്ടിഫിക്കറ്റ്. '07/09/22 തീയതി ലുംഡിംഗ് ബസാറിൽ (അസാമിലെ) എന്റെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു,' എന്നാണ് പരസ്യത്തിൽ പറയുന്നത്. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റിന്റെ രജിസ്ട്രേഷനും സീരിയൽ നമ്പറും അതിൽ സൂചിപ്പിച്ചിരുന്നു. ഇന്ത്യയില്ഡ# മാത്രം സംഭവിക്കുന്ന ഒന്ന് എന്നാണ് രൂപിൻ ശർമ പരസ്യം പങ്കുവെച്ച് എഴുതിയത്.

ഈ ചിത്രം ഷെയർ ചെയ്തതുമുതൽ, ഇന്റർനെറ്റിൽ വൈറലാണ്. മനുഷ്യൻ സ്വർഗത്തിൽ നിന്ന് സഹായം ചോദിക്കുകയാണോ എന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്. ചില ഉപയോക്താക്കൾ തമാശയായി നഷ്ടപ്പെട്ട സാധനം കണ്ടെത്തിയാൽ എവിടെ എത്തണം എന്ന് ചോദിച്ചു.

'സർട്ടിഫിക്കറ്റ് എവിടെയാണെന്ന് കണ്ടെത്തിയാൽ സ്വർഗത്തിലോ നരഗത്തിലോ നൽകണം?' ഒരു ഉപയോക്താവ് എഴുതി. 'ഇത് 'ആഡ്-ഭൂത്' ആണ്,' മറ്റൊരാൾ അഭിപ്രായപ്പെട്ടു. 'ആർക്കോ സ്വന്തം മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു, ആരെങ്കിലും അത് കണ്ടെത്തിയാൽ, അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് തിരികെ നൽകുക, ദയവായി ഇത് അടിയന്തിരമായി പരിഗണിക്കുക - അല്ലാത്തപക്ഷം പ്രേതത്തിന് ദേഷ്യം വരും.' നാലാമൻ കൂട്ടിച്ചേർത്തു.

'ആദ്യമായി ഒരാൾക്ക് മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു.' എന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട പരസ്യം സോഷ്യൽമീഡിയയിൽ വൈറലാണ്. കണ്ടുപിടിച്ചു തരാം പക്ഷേ എവിടെ എത്തിക്കും എന്നുതന്നെയാണ് എല്ലാവരും ചോദിക്കുന്നത്.
മരിച്ചയാളുടെ അഭ്യർത്ഥന പ്രകാരം അന്വേഷണം ഊർജിതമാക്കാമെന്നാണ് സോഷ്യൽഡമീഡയ പറയുന്നതും.












Click it and Unblock the Notifications