50 ലക്ഷം ഇങ്ങോട്ട് തരും, സ്വിറ്റ്സർലാൻഡിൽ കുടുംബമായി താമസിച്ചാൽ മതി; വമ്പൻ ഓഫർ
സ്വിറ്റ്സർലൻഡ് പോലെ മനോഹരമായ ഒരു രാജ്യത്ത് താമസിക്കാൻ ആഗ്രഹിക്കാത്തവർ ആരെങ്കിലുമുണ്ടാകുമോ? പർവ്വത നിരകളും പുൽമേടുകളും താഴ്വരകളും അരുവികളും മഞ്ഞും തുടങ്ങി അതിശയിപ്പിക്കുന്ന കാഴ്ചകൾ തന്നെയാണ് സ്വിറ്റ്സർലൻഡിലെ ആകർഷണം. മാത്രമല്ല മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും എല്ലാം രാജ്യം ജനങ്ങൾക്കായി ഉറപ്പാക്കുന്നു. ഇത് പോലൊരു രാജ്യത്ത് ചേക്കേറാൻ അവസരം കിട്ടിയാൽ ആരെങ്കിലും പോകാതിരിക്കുമോ? അതും 50 ലക്ഷം രൂപ ഇങ്ങോട്ട് കിട്ടിയാൽ? കൂടുതൽ അറിയാം.
സ്വിറ്റ്സർലൻഡിലെ വലൈസിൽ സ്ഥിതി ചെയ്യുന്ന അൽബിനൻ എന്ന മനോഹരമായ ഗ്രാമമാണ് അപൂർവ അവസരം ഒരുക്കുന്നത്. ആദ്യം ഗ്രാമത്തെ കുറിച്ച് അറിയാം- സമുദ്രനിരപ്പിൽ നിന്ന് 4,265 അടി ഉയരത്തിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിയ മലനിരകൾ നിറഞ്ഞ അതിമനോഹര കാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. നിരവധി വിനോദ സഞ്ചാരികൾ വന്ന് പോകുന്ന ഈ ഗ്രാമത്തിന്റെ വിസ്തൃതി വെറും 15. ചതുരശ്ര കിമി മാത്രമാണ്.

മറ്റ് പ്രത്യേകതകൾ ഇങ്ങനെ
ശാന്തമായ അന്തരീക്ഷം, ശുദ്ധ വായു, വർഷം മുഴുവനും സൂര്യപ്രകാശം ഇതൊക്കെയാണ് അൽബിനലിലേക്ക് ആകർഷിക്കുന്ന മറ്റ് ഘടകങ്ങൾ. വലിയ വീടുകളും കെട്ടിടങ്ങളും ഇവിടെ മഷിയിട്ട് നോക്കിയാലും കാണില്ല, കാരണം ഇത്തരം പാർപ്പിട സമുച്ചയങ്ങൾക്ക് ഗ്രാമത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നത് തന്നെ.
ഇതൊന്നും പോരാതെ മികച്ച അടിസ്ഥാന സൗകര്യങ്ങളും അൽബിനൻ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ മികച്ച വിദ്യാഭ്യാസ സമ്പ്രാദായം, കുറവ് കുറ്റകൃത്യങ്ങൾ, മനോഹരമായ അന്തരീക്ഷവും തുടങ്ങി ശാന്തമായ ജീവിതശൈലി തേടുന്നവർക്ക് മികച്ച സ്ഥലമാണ് അൽബനിൻ.
ഗ്രാമത്തിൽ നിന്നും കൂടുതൽ ആളുകൾ സമീപ നഗരങ്ങളിലേക്ക് ചേക്കേറിയതോടെ ഇവിടം ജനവാസമില്ലാത്ത ഗ്രാമമായി മാറിക്കോണ്ടിരിക്കുകയാണ്.2020 ഡിസംബറിലെ കണക്കുകൾ പറയുന്നത് ഗ്രാമത്തിലെ ആകെ ജനസംഖ്യ എന്നത് വെറും 243 ആണ്. ഈ സാഹചര്യത്തിലാണ് 50 ലക്ഷം അങ്ങോട്ട് നൽകി കുടുംബങ്ങൾക്ക് താമസമൊരുക്കാനുള്ള പദ്ധതി ഗ്രാമം ആരംഭിച്ചത്.

2018 ലായിരുന്നു പദ്ധതി തുടങ്ങിയത്. ഇവിടുത്തെ ജനസംഖ്യ വർധിപ്പിക്കുകയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഇനി ആർക്കൊക്കെയാണ് അവസരം എന്ന് അറിയാം-പെർമിറ്റ് സി റസിഡൻസുള്ള സ്വിസ് പൗരന്മാർക്കാണ് അവസരം. കൂടാതെ യൂറോപ്യൻ യൂണിയൻ അല്ലെങ്കിൽ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ എന്നിവിടങ്ങളിലെ പൗരന്മാർക്കും അവസരം ഉണ്ട്. സ്വിറ്റ്‌സർലൻഡിൽ അഞ്ച് വർഷത്തെ താമസത്തിന് ശേഷം ഇവർക്ക് പെർമിറ്റിന് അപേക്ഷിക്കാം
നാല് പേരടങ്ങുന്ന കുടുംബത്തിലെ ഓരോ കുട്ടിക്കും 10,000 സ്വിസ് ഫ്രാങ്ക് ( 9 ലക്ഷം) അധികമായി ലഭിക്കും, കൂടാതെ മുതിർന്ന ഒരാൾക്ക് 25,000 സ്വിസ് ഫ്രാങ്കും (22.5 ലക്ഷം).
യോഗ്യത എന്ത്?
അപേക്ഷകർ 45 വയസ്സിന് താഴെയുള്ളവരായിരിക്കണം. കൂടാതെ പ്രോഗ്രാമിലേക്ക് യോഗ്യത നേടുന്നതിന് കുറഞ്ഞത് 200,000 സ്വിസ് ഫ്രാങ്ക് (1.8 കോടി) മൂല്യമുള്ള ഒരു ആൽബിനൻ ഹോമിൽ കുറഞ്ഞത് പത്ത് വർഷമെങ്കിലും താമസിക്കാൻ തയ്യാറാകണം. അതേസമയം പത്ത് വർഷത്തെ കാലാവധി കഴിയുന്നതിന് മുമ്പ് ആരെങ്കിലും പോയാൽ 50,000 പൗണ്ട് തിരിച്ചടയ്ക്കണം.












Click it and Unblock the Notifications