ആഡംബരങ്ങളില്ല, വിഐപികളുമില്ല; നിർമല സീതാരാമന്റെ മകൾ വിവാഹിതയായി; വരൻ ആരാണെന്നോ!
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകാല വാങ്മയി വിവാഹിതയായി. ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹം.
ആഡംബരങ്ങളോ വിഐപി അതിഥികളോ ഒന്നുമില്ലാതെയാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്. പിങ്ക് സാരിയും പച്ച ബ്ലൗസും ധരിച്ചായിരുന്നു പരാകല വാങ്മയി എത്തിയത്. അതേസമയം, മകളുടെ വിവാഹത്തിന് നിർമലാ സീതാരാമൻ മൊളകാൽമുരു സാരിയാണ് ധരിച്ചത്.

ഗുജറാത്ത് സ്വദേശിയായ പ്രതീക് ദോഷിയാണ് വരൻ. പ്രതീക് വെള്ള പഞ്ചയും ഷാളും ആണ് ധരിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീറാണ് പ്രതീക് ദോഷി. 2014 മുതലാണ് ഇദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസുമായി (പിഎംഒ) ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആരംഭിച്ചത്.
2019 ജൂണിൽ, ഇദ്ദേഹം ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് ഉയർത്തപ്പെട്ടിരുന്നു. സിംഗപ്പൂർ മാനേജ്‌മെന്റ് സ്‌കൂളിൽ നിന്നും ആണ് ഇദ്ദേഹം ബിരുദം സ്വന്തമാക്കിയത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസിൽ (സിഎംഒ) റിസർച്ച് അസിസ്റ്റന്റായി പ്രതീക് പ്രവർത്തിച്ചിട്ടുണ്ട്.
റിസർച്ച് ആൻഡ് സ്ട്രാറ്റജി വിംഗിലാണ് പ്രതീക് ദോഷി ജോലി ചെയ്യുന്നതെന്നാണ് പിഎംഒ വെബ്‌സൈറ്റിൽ പറയുന്നത്. കൗതുകം എന്താണെന്നുവെച്ചാൽ പ്രതീക് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ തീരെ സജീവമല്ല. അതുപോലെ തന്നെയാണ് വാങ്മയിയും. പൊതുസമൂഹത്തിൽ നിന്ന് അല്പം അകലം പാലിച്ചാണ് വാങ്മയിയും നിൽക്കുന്നത്. 1991 മെയ് 20 ന് ചെന്നൈയിൽ ആണ് വാങ്മയി ജനിച്ചത്.
മിന്റ് ലോഞ്ചിന്റെ ബുക്‌സ് ആൻഡ് കൾച്ചർ വിഭാഗത്തിൽ ഫീച്ചർ റൈറ്ററായി പ്രവർത്തിക്കുകയാണ് വാങ്‌മയി. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ മെഡിൽ സ്‌കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് ജേണലിസത്തിൽ എംഎസ് ബിരുദവും നേടിയിട്ടുണ്ട്.
കർണാടകയിൽ നടന്ന വിവാഹത്തിൽ ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹവീഡിയോ സോഷ്യൽമീഡിയയി വൈറലാണ്. നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ ഒരു രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനാണ്, ആശയവിനിമയ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയും 2014 ജൂലൈ മുതൽ 2018 ജൂൺ വരെ ആന്ധ്രാപ്രദേശ് സർക്കാരിൽ കാബിനറ്റ് റാങ്ക് പദവി വഹിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications