'മട്ടന്‍ ബിരിയാണിക്കൊപ്പം ചിക്കന്‍ ബിരിയാണി ഫ്രീ'; വമ്പന്‍ ഓഫര്‍, ഉദ്ഘാടന ദിവസം കട അടപ്പിച്ച് കളക്ടര്‍
കച്ചവടം വര്‍ദ്ധിപ്പിക്കാന്‍ ദിവസേന ഒഫറുകള്‍ നല്‍കുന്ന ഒരുപാട് കടകള്‍ നാം കണ്ടിട്ടുണ്ട്. അതിനായി ഡിസ്‌കൗണ്ടും സമ്മാനങ്ങളുമൊക്കെയാണ് കടയുടമകള്‍ നല്‍കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം ചെന്നൈയിലിലെ ഒരു ബിരിയാണിക്കടയുടെ ഉടമ ഒരു ഓഫര്‍ നല്‍കിയതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഉദ്ഘാടന ദിവസം തന്നെയാണ് ഉടമ ഈ ഓഫര്‍ നല്‍കിയത്. പിന്നാലെ അവിടെ നടന്ന സംഭവം എല്ലാവരെയും ഞെട്ടിപ്പിക്കും.
തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ചിറ്റൂരിലാണ് സംഭവം. ബിരിയാണിക്കടയുടെ ഉദ്ഘാടന ദിവസം ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണ് ഫ്രീ നല്‍കുമെന്നായിരുന്നു ഉടമയുടെ വാഗ്ദാനം. എന്നാല്‍ ഈ ഓഫര്‍ നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി കട അടപ്പിക്കുകയായിരുന്നു.

ബിരിയാണിക്കടയുടെ ഓഫര്‍ നാട്ടിലാകെ പാട്ടായിരുന്നു. ഒരു മട്ടന്‍ ബിരിയാണിക്കൊപ്പം ചിക്കന്‍ ബിരിയാണി കൂടി കിട്ടുമെന്ന് അറിഞ്ഞപ്പോള്‍ ആളുകള്‍ കൂട്ടത്തോടെ കടയിലേക്ക് എത്തി. അങ്ങനെ ബിരിയാണിക്കടയുടെ മുന്നില്‍ ആളുകളുടെ ബഹളമായി. പ്രായമായവരും കുട്ടികളും പൊരിവെയിലത്ത് ക്യൂ നിന്നതോടെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
മണിക്കൂറുകളോളം വാഹനങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ഈ സമയത്തായിരുന്നു വെല്ലൂര്‍ ജില്ലാ കളക്ടര്‍ അതുവഴി എത്തിയത്. എന്താണ് കാര്യമെന്ന് മനസിലാകാതെ കളക്ടടര്‍ സംഭവം അന്വേഷിച്ചപ്പോഴാണ് ബിരിയാണിക്കടയാണ് ഈ ഗതാഗതക്കുരുക്കിന് കാരണമെന്ന് മനസിലായത്. കടയുടെ അടുത്തെത്തിയ കളക്ടര്‍ ജനങ്ങളെ പൊരിവെയിലത്ത് നിര്‍ത്തിയതിന് കടയുടമയെ ശകാരിച്ചു.
എന്നാല്‍ പിന്നീടാണ് ബിരിയാണിക്കടയ്ക്ക് നഗരസഭയുടെ ലൈസന്‍സ് ഇല്ലെന്ന് മനസിലായത്. ഇതോടെ അടുത്ത ചെമ്പ് ബിരിയാണി പൊട്ടിക്കുന്നതിന് മുമ്പ് കളക്ടര്‍ കട അടപ്പിച്ചു. അങ്ങനെ ബിരിയാണി ഓഫര്‍ പ്രതീക്ഷിച്ച് എത്തിയവര്‍ വെറും കയ്യോടെ മടങ്ങുകയും ചെയ്തു. കടയുടെ മുന്നിലെ തിരക്കിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications