ആരാണ് ബിമല്‍ പട്ടേല്‍, പുതിയ പാര്‍ലമെന്റ് ഡിസൈനിന് പിന്നിലെ ബുദ്ധിശക്തി, പ്രതിഫലം കോടികള്‍
ദില്ലി: പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നാളെ നടക്കാന്‍ പോവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഈ കെട്ടിടത്തിന്റെ ഡിസൈന്‍ ആരാണ്. ആളുകള്‍ക്ക് വലിയ ആകാംക്ഷ ഇതറിയാനായി ഉണ്ട്. ബിമല്‍ പട്ടേല്‍ എന്ന ഗുജറാത്തുകാരനായ ആര്‍ക്കിടെക്ടാണ് ഈ ഡിസൈന്‍ തയ്യാറാക്കിയത്. ഇന്ത്യയിലെ ആര്‍ക്കിടെക്ട് മേഖലയിലെ പ്രമുഖനാണ് അദ്ദേഹം.
രാജ്യത്തുള്ള പല പ്രമുഖ കെട്ടിടങ്ങളും ബിമലിന്റെ കമ്പനി ഉണ്ടാക്കിയതാണ്. കാശി വിശ്വനാഥ ഇടനാഴി ഇപ്പോള്‍ ഡിസൈന്‍ ചെയ്ത് കൊണ്ടിരിക്കുന്നതും ബിമല്‍ പപട്ടേലലാണ്. സബര്‍മതി നദീമുഖ പദ്ധതിയുടെ പിന്നിലെ ബുദ്ധികേന്ദ്രവും ബിമലിന്റെ കമ്പനിയാണ്.

അതേസമയം ബിമലിന്റെ കിരീടത്തിലെ പൊന്‍തൂവലാണ് സെന്‍ട്രല്‍ വിസ്റ്റ റീഡെവലപ്‌മെന്റ് പദ്ധതി അഥവാ പുതിയ പാര്‍ലമെന്റ്. മൂന്ന് ദശാബ്ദത്തോളമായി ആര്‍ട്ടിടെക്ച്ചര്‍ മേഖലയിലെ വലിയ പേരുകളിലൊന്നാണ് ബിമല്‍ ഹന്‍സ്മുഖ് പട്ടേല്‍. നഗരങ്ങളെ പുതുക്കി പണിയാനും, നഗരാസൂത്രണ മേഖലയിലുമെല്ലാമാണ് ബിമലിന്റെ വൈദഗ്ധ്യം.
അഹമ്മദാബാദ് സിഇപിടി യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റാണ് അദ്ദേഹം. അഹമ്മദാബാദിലെ ലയോള ഹൈസ്‌കൂളിലുള്ള സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍, സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് പ്ലാനിംഗ് ആന്റ് ടെക്‌നോളജിയിലാണ് അദ്ദേഹം ആര്‍ക്കിടെക്ച്ചര്‍ പഠിച്ചത്.
തുടര്‍ന്ന് യുഎസ്സിലെ ബെര്‍ക്ലിയില്‍ തുടര്‍ പഠനത്തിനായി പോയി. 1995ല്‍ പിഎച്ച്ഡിയും സ്വന്തമാക്കി. പിതാവ് ഹസ്മുഖ് പട്ടേലിന്റെ കമ്പനിയില്‍ 1990ലാണ് ബിമല്‍ ചേര്‍ന്നത്. അതിന് ശേഷമായിരുന്നു വളര്‍ച്ച.നിരവധി അവാര്‍ഡുകള്‍ ഈ മേഖലയിലെ സംഭാവനയ്ക്ക് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1992ല്‍ ആഗാ ഖാന്‍ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.
2001ല്‍ വേള്‍ഡ് ആര്‍ക്കിടെക്ച്ചര്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2019ല്‍ രാജ്യം ബിമല്‍ പട്ടേലിനെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. രാജ്യത്തിനുള്ളില്‍ നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്ന നിരവധി പദ്ധതികള്‍ ബിമല്‍ പട്ടേല്‍ ഡിസൈന്‍ ചെയ്തതാണ്.
കന്‍കാരിയ തടാക വികസന പദ്ധതി, ആഗാ ഖാന്‍ അക്കാദമി ഹൈദരാബാദ്, ബുജ് വികസന പ്ലാന്‍, ഗുജറാത്ത് ഹൈക്കോടതി, അഹമ്മദാബാദ് ഐഐഎം, ഗാന്ധിനഗര്‍ ന്യൂ ക്യാമ്പസ് എന്നിവ ബിമല്‍ പട്ടേലിന്റെ പ്രശസ്ത ഡിസൈനുകളാണ്.
അതേസമയം ഈ പദ്ധതികളൊന്നും വെറുതെ ചെയ്യുന്നതല്ല. വന്‍ തുകയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. പദ്ധതിക്കായി കേന്ദ്രം അപേക്ഷികള്‍ ക്ഷണിച്ചിരുന്നു. ബിമല്‍ പട്ടേലിന്റെ എച്ച്‌സിപി ഡിസൈന്‍സിനാണ് കള്‍സള്‍ട്ടന്‍സിക്കുള്ള അനുമതി കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്. പാര്‍ലമെന്റ് നിര്‍മാണം, രാജ്പഥ് പുനര്‍നിര്‍മാണം എന്നിവയായിരുന്നു ബിമലിന്റെ കമ്പനിക്ക് ചെയ്യാനുണ്ടായിരുന്നത്.
കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി 229.75 കോടി രൂപയാണ് അദ്ദേഹത്തിന്റെ കമ്പനി വാങ്ങിയത്. പദ്ധതിക്കുള്ള മാസ്റ്റര്‍ പ്ലാന്‍, ഡിസൈന്‍, ചെലവ്, ട്രാഫിക്, പാര്‍ക്കിംഗ്, എന്നിവ തയ്യാറാക്കി സര്‍ക്കാരിനെ ഏല്‍പ്പിക്കുന്ന ചുമതലയായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.












Click it and Unblock the Notifications