ഭക്ഷ്യപ്പൊടികൾ സ്വയം തയ്യാറാക്കുന്നതാണ് നല്ലത്' ; ട്രോളിൽ നിറഞ്ഞ് ഫുഡ് സേഫ്റ്റി കേരള ഫേസ്ബുക്ക് പേജ്
വീട്ടിലെ അടുക്കളയിലേക്കാവശ്യമായ ഭക്ഷ്യപ്പൊടികൾ കഴിവതും വീട്ടിൽത്തന്നെ പൊടിക്കുന്നതാണ് നല്ലതെന്ന ഫുഡ് സേഫ്റ്റി കേരളയുടെ ഔദ്യോഗിക പേജിലെ പോസ്റ്റ് ചർച്ചയാകുന്നു. 'മുളക്, മല്ലി, മഞ്ഞൾ, അരി, ഗോതമ്പ് തുടങ്ങിയവ കഴിവതും ഒരുമിച്ച് വാങ്ങി വൃത്തിയാക്കി ഉണക്കി പൊടിച്ച് ഈർപ്പം തട്ടാതെ അടച്ച് സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.' എന്ന ക്യാപ്ഷനോടെ കാർഡ് അടക്കം നൽകിയാണ് ഫുഡ് സേഫ്റ്റി കേരളയുടെ പോസ്റ്റ്.
ഇന്നലെ വന്ന പോസ്റ്റിനു താഴെ പരിഹാസങ്ങളും ട്രോൾ കമന്റുകളും പടരുകയാണ്. മുത്തശ്ശിമാരെപ്പോലെ ഉണ്ട് ഈ ഉപദേശം എന്നും ഒരു അതോറിറ്റി പറയേണ്ട കാര്യമാണോ ഇതെന്നും കമന്റുകൾ ഉയരുന്നുണ്ട്. ഇതിനൊന്നും സമയവും സൗകര്യവും ഇല്ലാത്തവർക്ക് വാങ്ങാനുള്ളതാണല്ലോ പാക്കറ്റിൽ വരുന്നവ. അതിൻറെ ഗുണമേന്മ പരിശോധിക്കാനും നിയന്ത്രിക്കാനും എന്തെങ്കിലും സംവിധാനം നിലവിൽ ഉണ്ടോ എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം.

fssai നമ്പരും മുദ്രയും ഒന്നും ഗുണനിലവാരം ഉറപ്പ് വരുത്താൻ പര്യാപ്തം അല്ല എന്ന് അല്ലേ ഉദ്ദേശിച്ചത് എന്ന് ഒരു കമന്റ് വന്നിട്ടുണ്ട്. അപ്പൊ ഇനിമുതൽ പാക്കറ്റിൽ വരുന്ന പാലിന് പകരം എല്ലാവരും വീട്ടിൽ ഓരോ പശുവിനെ വാങ്ങിച്ചു അതിൽ നിന്ന് കറന്ന പാൽ കുടിച്ചാ മതിയല്ലേ 🙄 നമ്മുടെ സർക്കാർ വിഭാഗങ്ങൾ ഒക്കെ എന്താണാവോ ഇങ്ങനെ ആയി പോയെ? എന്നാണ് മറ്റൊരു കമന്റ്.
എന്നാലും കമ്പനികളിലെ പ്രോഡക്റ്റുകൾക്ക് safety ഉറപ്പാക്കാൻ food safety authority കാർക്ക് പറ്റില്ല എന്ന് കുറ്റപ്പെടുത്തുകയാണ് ഒരു കമന്റിലൂടെ. മുളക് വാങ്ങിക്കുന്നത് നല്ലതാണോ അതോ കൃഷി ചെയ്ത് എടുക്കണോ? എന്ന തരത്തിലുള്ള പരിഹാസവും പോസ്റ്റിൽ നിറയുന്നുണ്ട്.
അതേ സമയം ഈ പോസ്റ്റിട്ടതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഒരു ക്യാംപെയിൻ വീഡിയോയും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരന്തരമായി അപ്ഡേറ്റുകൾ നടത്തുന്ന ഒരു പേജാണ് ഫുഡ് സേഫ്റ്റി കേരളയുടേത്. എന്തായാലും മായം കലർന്ന ഭക്ഷണം ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് വീട്ടിൽ സ്വന്തമായി പൊടിച്ചെടുക്കുന്നവ തന്നെയാണ് എന്നാണ് ഫുഡ് സേഫ്റ്റി വകുപ്പ് ഈ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications