സുന്ദരമായ കൈകളുണ്ടോ, മുന്തിരി തീറ്റിക്കാന്‍ റെഡിയാണോ; ഈ റെസ്‌റ്റോറന്റില്‍ ജോലിക്ക് ആളെ വേണം
വിചിത്രമായ ജോലികളെ കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. അടുത്തിടെ ഒരു കിടക്ക നിര്‍മ്മാണ കമ്പനി ഉറങ്ങി ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള വിചിത്രമായ ഒരു ജോലിയുടെ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ലണ്ടനില്‍ നിന്നാണ് ഈ തൊഴിലവസരം. ജോലി എന്താണെന്ന് അറിയുമോ? ജോലി എന്താണെന്ന് അറിയുന്നതിന് മുമ്പ് അതിന്റെ യോഗ്യതയാണ് ഏറ്റവും അതിശയകരം. യാതൊരുവിധ സര്‍ട്ടിഫിക്കറ്റ് യോഗ്യതകളുമല്ല വേണ്ടത്. നല്ല സുന്ദരമായ കൈകളാണ്. ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ഒരു റെസ്റ്റോറന്റിലേക്ക് ഗ്രേപ്പ് ഫീഡര്‍ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

റെസ്റ്റോറന്റില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ജ്യൂസിയായ മുന്തിരി തീറ്റിക്കുന്നതാണ് ജോലി. പുരാതന റോമിന്റെയും ഗ്രീസിന്റെയും സാരാംശം സൃഷ്ടിക്കുന്നതിന് വേണ്ടിയാണിത്. മെയ്ഫെയറിലെ ബച്ചനാലിയ റസ്റ്റോറന്റ് യുകെയിലെ സണ്‍ഡേ ടൈംസിലാണ് ഇതുമായി ബന്ധപ്പെട്ട പരസ്യം നല്‍കിയിരിക്കുന്നത്.

ലണ്ടനിലെ ആദ്യത്തെ ഗ്രേപ്പ് ഫീഡറിനെ ഞങ്ങള്‍ ജോലിക്കെടുക്കുന്നു എന്നാണ് പത്ര പരസ്യത്തിലുള്ളത്. ഈ പത്രപരസ്യം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജോലിക്ക് താല്‍പര്യമുള്ളവര്‍ക്ക് വിളിക്കുന്നതിനായി ഫോണ്‍ നമ്പറും കൊടുത്തിട്ടുണ്ട്. മനോഹരമായ കൈകള്‍ വേണമെന്നാണ് ആകെ പറയുന്ന യോഗ്യത. കൂടാതെ ഗ്രീക്ക്, ലാറ്റിന്‍ ഭാഷയും അറിയേണ്ടതുണ്ട്.

റെസ്‌റ്റോറന്റില്‍ എത്തുന്ന കസ്റ്റമര്‍ക്ക് മികച്ച ഇനം മുന്തിരികള്‍ നല്‍കുകയാണ് ജോലി. ഈ ജോലിക്കായി എത്തുന്നവര്‍ക്ക് ഫ്രീ മാനിക്യൂവര്‍, മികച്ച ഭക്ഷണം, വീഞ്ഞ് എന്നിവയും അവര്‍ ഓഫര്‍ ചെയ്യുന്നുണ്ട്.












Click it and Unblock the Notifications