ആളുകളെ ഇനി റോബോട്ടുകള്‍ കൊല്ലും; നീക്കത്തിന് പിന്നില്‍ ഒരു കാരണം, പൊലീസ് പറയുന്നത് ഇങ്ങനെ
സാന്‍ഫ്രാന്‍സിസ്‌കോ: സാങ്കേതിക വിദ്യ ഓരോ ദിവസം കഴിയുമ്പോഴും പുരോഗമിക്കുകയാണ്. മനുഷ്യസാധ്യമായ കാര്യങ്ങള്‍ എല്ലാം തന്നെ ഇന്ന് യന്ത്രങ്ങള്‍ ചെയ്യുന്ന കാലത്തിലേക്ക് കടന്നിരിക്കുകയാണ്. സാങ്കേതിക വിദ്യ വികസിച്ചതോടെ ഇന്നത്തെ കാലത്ത് വിവിധ മേഖലകളില്‍ റോബോട്ടുകള്‍ക്ക് സ്ഥാനം നേടിയിരിക്കുകയാണ്. സ്വന്തമായോ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചോ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിവുള്ള ഒരു ഇലക്ട്രോ-മെക്കാനിക്കല്‍ ഉപകരണമാണ് റോബോര്‍ട്ടുകള്‍.

ഇലക്ട്രോണിക് പ്രോഗ്രാമിംഗ് ആണ് റോബോട്ടുകളെ നിയന്ത്രിക്കുന്നത്. പൂര്‍ണ്ണമായോ ഭാഗികമായോ ബാഹ്യനിയന്ത്രണമില്ലാതെ പ്രവൃത്തികള്‍ ചെയ്യാന്‍ റോബോട്ടുകള്‍ക്ക് സാധിക്കും. തൊഴിലാളികളെ മാറ്റിസ്ഥാപിക്കുന്നതിനാല്‍ സാങ്കേതിക തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതായി റോബോട്ടുകളെ കുറ്റപ്പെടുത്തുന്നുമുണ്ട്. സൈനിക പോരാട്ടത്തില്‍ റോബോട്ടുകളുടെ ഉപയോഗം ധാര്‍മ്മിക ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ആളെ കൊല്ലുന്നതിനായുള്ള അവകാശം റോബോട്ടുകളെ ഉപയോഗപ്പെടുത്താനുള്ള നീക്കം നടക്കുകയാണ്. സാന്‍ഫ്രാന്‍സിസ്‌കോ പൊലീസാണ് ഇതുമായി ബന്ധപ്പെട്ട നീക്കം നടത്തുന്നത്. കൊടും കുറ്റവാളികളെ കൊലപ്പെടുത്താനായി റോബോട്ടുകളെ ഉപയോഗപ്പെടുത്താന്‍ കരട് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ് തയ്യാറാക്കി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെട്ടവരെ വധ ശിക്ഷയ്ക്ക് വിധിക്കാനുള്ള നിയമമുണ്ട്. ഈ ശിക്ഷ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്. നിലവില്‍ സാന്‍ഫ്രാന്‍സിസ്‌കോ പൊലീസിന് 17 റോബോട്ടുകളാണുള്ളത്. ഈ റോബോട്ടുകള്‍ക്ക് കൊല്ലാനുള്ള അധികാരം നല്‍കുന്നതിന് നവംബര്‍ 29ന് വോട്ടിംഗും സൂക്ഷ്മ പരിശോധനയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇത്തരം റോബോട്ടുകളെ നിലവില്‍ ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനും മറ്റ് പരിശോധനകള്‍ക്കുമാണ് ഉപയോഗിച്ചിരുന്നത്. ചില ഭീകരരായ കുറ്റവാളികളെ നേരിടേണ്ടി വരുമ്പോഴും ഇത്തരം റോബോട്ടുകളുടെ സഹായം തേടാറുണ്ട്. ഇപ്പോള്‍ നിലവിലുള്ള റോബോട്ടുകളെ മോഡിഫൈ ചെയ്തുകൊണ്ടാകും കൊല്ലാനുള്ള അനുമതി പൊലീസ് തേടുക.

ആവശ്യമായ പരിശീലനം പൂര്‍ത്തിയാക്കിയ നിയുക്ത ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമേ റോബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ളൂ എന്നും നയത്തില്‍ പറയുന്നു. നേരത്തെ, ആളുകളെ കൊല്ലാന്‍ റോബോട്ടുകളെ വിന്യസിക്കില്ലെന്ന മാര്‍ഗനിര്‍ദേശം ഉള്‍പ്പെടുത്താന്‍ പ്രാദേശിക നിയമനിര്‍മ്മാതാക്കള്‍ ശ്രമിച്ചിരുന്നു. ഒരു വ്യക്തിക്കെതിരെയും ബലപ്രയോഗത്തിനുള്ള മാര്‍ഗമായി റോബോട്ടുകളെ ഉപയോഗിക്കരുതെന്നാണ് ഈ നിര്‍ദ്ദേശത്തില്‍ പറഞ്ഞത്.












Click it and Unblock the Notifications