സാനിയ മിര്‍സ ഖുല്‍അ് വഴി വിവാഹ മോചനം തേടാന്‍ കാരണം; തലാഖ്, ഫസ്ഖ്, ഖുല്‍അ് വ്യത്യസ്തം
പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലികും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും തമ്മിലുള്ള വിവാഹ മോചനം ഖുല്‍അ് വഴിയായിരുന്നു. സാനിയയുടെ പിതാവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്ലാമിലെ വിവാഹ മോചന രീതികളിലൊന്നാണ് ഖുല്‍അ്. സാധാരണ മുസ്ലിം വിവാഹ മോചന രീതികള്‍ ചര്‍ച്ചയാകാറുള്ളത് തലാഖ് ആണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഖുല്‍അ്.
ഷുഹൈബ് മാലിക് ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്നത് പാകിസ്താനി നടിയായ സന ജാവേദിനെയാണ്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവരികയും ചെയ്തിരുന്നു. ഇതോടെ സാനിയയുടെ പിതാവ് മകളുടെ വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ സാനിയയും ഇക്കാര്യം ശരിവച്ചു. ഇതോടെയാണ് ഖുല്‍അ്, ഫസ്ഖ്, തലാഖ് എന്നിവ ചര്‍ച്ചയായിരിക്കുന്നത്.

ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടാന്‍ മുസ്ലിം സ്ത്രീക്ക് അനുവദിച്ചിട്ടുള്ള മാര്‍ഗമാണ് ഖുല്‍അ്. ഇതു പ്രകാരം സ്ത്രീയാണ് വിവാഹ മോചനത്തിന് മുന്‍കൈയ്യെടുക്കുന്നത്. ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഇക്കാര്യം വ്യക്തമാക്കി നിയമ സംവിധാനത്തെ അറിയിക്കാം. ഭര്‍ത്താവില്‍ നിന്നുള്ള പീഢനം, അവഗണന എന്നിവയെല്ലാം കാരണമായി കണക്കാക്കും.
ഖുല്‍അ് വഴി വിവാഹ മോചനം നേടുമ്പോള്‍ ഭര്‍ത്താവ് വിവാഹ സമയത്ത് നല്‍കിയ മഹര്‍ തിരിച്ചുകൊടുക്കാറുണ്ട്. ചില ഘട്ടങ്ങളില്‍ സാമ്പത്തിക സെറ്റില്‍മെന്റിലൂടെയും ഖുല്‍അ് നടക്കും. ഇതിന് ശേഷം മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചെലവ് ഭര്‍ത്താവ് വഹിക്കണം. പ്രായപൂര്‍ത്തിയാകുംവരെ പെണ്‍മക്കള്‍ക്ക് മാതാവിനൊപ്പം താമസിക്കുകയുമാകാം. ആണ്‍മക്കള്‍ക്ക് 7/10 വയസ് വരെ മാതാവിനൊപ്പം കഴിയാം. വീണ്ടും അതേ വ്യക്തിയെ വിവാഹം ചെയ്യണമെന്ന് സ്ത്രീക്ക് തോന്നിയാല്‍ സാധ്യമാകും.
ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിന് അനുവദിക്കുന്ന മറ്റൊരു മാര്‍ഗമാണ് ഫസ്ഖ്. ഭര്‍ത്താവ് അപ്രത്യക്ഷമാകുക ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ഫസ്ഖിന് വഴിയൊരുക്കും. ഖുല്‍അ് പോലെ ഫസ്ഖിനും സാക്ഷികള്‍ ആവശ്യമാണ്. പിന്നീട് മറ്റു അവകാശവാദങ്ങള്‍ ഇല്ലാതിരിക്കാനാണിത്. അതേസമയം, ഖുല്‍അ്, ഫസ്ഖ് എന്നിവ സ്ത്രീ മുന്‍കൈയ്യെടുത്ത് നടത്തുന്നതാണെങ്കില്‍ തലാഖ് പുരുഷന്‍ മുന്‍കൈയ്യെടുത്ത് വിവാഹ മോചനം നേടുന്ന രീതിയാണ്.
ഘട്ടങ്ങളായിട്ടാണ് തലാഖ് അനുവദിക്കുക. സ്ത്രീക്ക് ജീവനാംശം നല്‍കുകയും വേണം. മാത്രമല്ല, മഹര്‍ ഉള്‍പ്പെടെ നേരത്തെ ഭര്‍ത്താവ് നല്‍കിയ ഒന്നും തിരിച്ച് നല്‍കേണ്ടതുമില്ല. മക്കളുടെ ചെലവുകള്‍ ഭര്‍ത്താവ് വഹിക്കണം. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്ത് എന്നിവയെല്ലാം വ്യക്തി നിയമങ്ങളുടെ പരിധിയിലാണ് വരുന്നത്.
സാനിയ മിര്‍സയും ഷുഹൈബ് മാലികും 2010 ഏപ്രിലിലാണ് ഹൈദരാബാദില്‍ വച്ച് വിവാഹിതരായത്. ദുബായിലായിരുന്നു ഇരുവരും പിന്നീട് താമസിച്ചത്. ഇഷാന്‍ മിര്‍സ മാലിക് എന്ന മകന്‍ ഇവര്‍ക്കുണ്ട്. ഇരുവരും പിരിയുന്നു എന്ന രീതിയില്‍ കുറച്ച് വര്‍ഷങ്ങളായി അഭ്യൂഹമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന ചടങ്ങുകള്‍ കുറഞ്ഞത് അഭ്യൂഹത്തിന് കാരണമായി. കഴിഞ്ഞ ദിവസം ഷുഹൈബ് മാലിക് മറ്റൊരു വിവാഹം നടന്നതായി സോഷ്യല്‍മ ീഡിയ വഴിയ അറിയിച്ചു. ഇക്കാര്യം സാനിയ മിര്‍സ ശരിവെക്കുകയും ചെയ്തു.












Click it and Unblock the Notifications