ഡിവോഴ്‌സിനെ ആരും പേടിക്കേണ്ട.. ഈ 7 ഭീഷണികളും വെറും പൊളിയാണ്!
വിവാഹമോചനം നേടിയേക്കാം എന്ന് കരുതി ആരെങ്കിലും വിവാഹം ചെയ്യുന്നുണ്ടാകുമോ. സാധ്യത തീരെ കുറവാണ്. അല്ലെങ്കില്‍ അങ്ങനെ ആരും ഉണ്ടാകില്ല എന്ന് തന്നെ പറയാം. എന്നിട്ടും വിവാഹമോചനമെന്നാല്‍ എന്തോ വലിയ പാപം ചെയ്യുന്നത് പോലെയാണ്, പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ക്ക്. സെലിബ്രിറ്റികളുടെയും സിനിമാ നടിമാരുടെയും കാര്യമാണെങ്കില്‍ പിന്നെ പറയാനും ഇല്ല.
ഒരുമിച്ച് ജീവിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ആ ബന്ധം നിയമപരമായി വേര്‍പ്പെടുത്തുന്നത് തന്നെയല്ലേ നല്ലത്. പക്ഷേ ഇങ്ങനെ ബന്ധം വേര്‍പ്പെടുത്തുന്നവര്‍ക്ക് ഉത്തരം പറയേണ്ടി വരുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. അതുവരെയും അതിന് ശേഷവും ഉള്ള സ്വകാര്യ ജീവിതം വരെ ബന്ധുക്കളും നാട്ടുകാരും പരസ്യമായി എടുത്ത് അലക്കി എന്ന് വരും. എന്ന് കരുതി വിവാഹമോചനത്തെ പേടിക്കേണ്ട കാര്യമൊന്നും ഇല്ല കേട്ടോ.
വിവാഹമോചനത്തിന് തയ്യാറെടുക്കുന്നവരെ അഭ്യുദയകാംക്ഷികള്‍ ഭീഷണിപ്പെടുത്തുക പ്രധാനമായും ഈ ഏഴ് കാര്യങ്ങള്‍ പറഞ്ഞാണ്. അത് ഏഴും വെറും പൊളിയാണ്. വിശദമായി നോക്കൂ...

ഒരാളേയുള്ളൂ.. പകരക്കാരില്ല
തനിക്ക് ഒരാളേ കൂട്ടിനുള്ളൂ അയാളാണ് ലോകത്തിന്റെ അവസാനം എന്നൊരു ചിന്ത മിക്കവാറും എല്ലാവരിലും ഉണ്ട്. അഥവാ ഇല്ലെങ്കില്‍ അഭ്യുദയകാംക്ഷികള്‍ പറഞ്ഞ് അത് അങ്ങനെയാക്കിത്തീര്‍ക്കും. എന്നാല്‍ ഇതൊരു അബദ്ധ ധാരണയാണ് എന്നതാണ് സത്യം. ഇതും കരുതി സഹിച്ചിരിക്കേണ്ട കാര്യമില്ല. പങ്കാളി എന്നത് ഒന്നേ കാണൂ, അത് പക്ഷേ ഒരാളല്ലെങ്കില്‍ മറ്റൊരാളാകാം. കാത് കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന് സാരം.

ഈ പ്രായത്തിലോ..
ഈ പ്രായത്തിനെന്താ എന്ന് തിരിച്ച് ചോദിക്കുകയാണ് വേണ്ടത്. ഈ പ്രായത്തില്‍ നിനക്കിനി മറ്റൊരാളെ കണ്ടെത്താന്‍ കിട്ടുമോ എന്നായിരിക്കും മിക്കവാറും ചോദ്യം. ഏത് പ്രായത്തിലും ആ പ്രായത്തിന് പറ്റി ഒരാളെ കിട്ടുക തന്നെ ചെയ്യും. സ്‌നേഹത്തിനും പ്രണയത്തിനും വയസ്സൊന്നും ഇല്ല. ബാക്കിയുള്ള പ്രായം കൂടി നരകിച്ച് ജീവിക്കുന്നതിലും എത്രയോ ഭേദമാണ് വിവാഹമോചനം നേടി മറ്റൊരാളെ കണ്ടെത്തുന്നത്.

ജീവിതം പരാജയമല്ല
പരാജയപ്പെട്ടവരാണ് വിവാഹമോചനം നേടുന്നത് എന്നൊരു പൊതുധാരണ ഉണ്ട്. വിവാഹജീവിതം പരാജയപ്പെട്ടു എന്ന് തലക്കെട്ടുകള്‍ കാണാം. എന്നാല്‍ ഇത് ശരിയല്ല. ജയിക്കാനും തോല്‍ക്കാനും ഫുട്‌ബോള്‍ കളിയൊന്നും അല്ല ജീവിതം. സത്യത്തില്‍ നിങ്ങളെ കഷ്ടപ്പെടുത്തുന്ന ഒരു വിവാഹജീവിതത്തിന് പുറത്ത് കടക്കുമ്പോഴായിരിക്കും നിങ്ങള്‍ ശരിക്കും വിജയിക്കാന്‍ തുടങ്ങുക. ഉദാഹരണങ്ങള്‍ ഒരുപാടുണ്ട്.

മൂല്യങ്ങളിലാത്തവര്‍ക്കോ
വിവാഹമോചനം എന്ന് പറയുന്നത് പൊതുവേ മൂല്യങ്ങള്‍ ഇല്ലാത്തവരുടെ പരിപാടിയാണ് എന്നൊരു തെറ്റിദ്ധാരണയുണ്ട്. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ എന്ന മട്ടില്‍ ഈസിയായി മാറിമാറി ജീവിക്കാന്‍ എങ്ങനെ പറ്റുന്നു എന്നൊക്കെയാകും ചോദ്യം. നിലവിലുള്ള ബന്ധത്തില്‍ നമ്മള്‍ സഹിക്കുന്ന കാര്യങ്ങളൊന്നും ഈ പറയുന്നവര്‍ക്ക് അറിയണം എന്നില്ല.

കൂട്ടുകാര്‍ ഇല്ലാതാകുമോ
സ്റ്റാറ്റസ് എന്താകും, കൂട്ടുകാര്‍ ഇല്ലാതാകുമോ, ആളുകളില്‍ നിന്നും കിട്ടുന്ന ബഹുമാനം നഷ്ടപ്പെടുമോ ഇങ്ങനെ പലവിധ കാര്യങ്ങള്‍ ആലോചിച്ച് വിവാഹമോചനം വേണ്ടെന്ന് വെക്കുന്നവരും ഉണ്ട്. കുറച്ചു കൂട്ടുകാരെ നഷ്ടപ്പെട്ടേക്കാം എന്നത് സത്യമാണ്. എന്നാല്‍ യഥാര്‍ഥ കൂട്ടുകാര്‍ ആരൊക്കെയാണ് എന്ന് മനസിലാക്കാന്‍ ഈ സമയം ഉപകാരപ്പെടും.

ഒറ്റയ്ക്ക് ജീവിക്കാനോ..
വിവാഹമോചനം കഴിഞ്ഞവരെല്ലാം വീണ്ടും വിവാഹം ചെയ്യണമെന്നില്ല. അപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാനോ... അതെന്ത് കഷ്ടമാണ്, ബോറാണ് എന്നൊക്കെയാകും ഉപദേശികള്‍ക്ക് പറയാനുണ്ടാകുക. പക്ഷേ അത് സത്യമാകണമെന്നില്ല. ഇത്രയും കാലം നിങ്ങള്‍ മറ്റൊരാള്‍ക്കൊപ്പം ജീവിക്കുകയായിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം എങ്ങനെയാണ് എന്ന് നിങ്ങള്‍ക്ക് അറിയില്ല. ഒരുപക്ഷേ ഇതാകാം ഏറ്റവും ആസ്വാദ്യകരം. ആരറിഞ്ഞു.

കുട്ടികളുടെ ഭാവി
ഒരു പരിധിവരെ ഈ ആശങ്ക ശരിയാണ്. അച്ഛനമ്മമാരുടെ വിവാഹമോചനം ഏറ്റവും കൂടുതല്‍ ബാധിക്കുക കുട്ടികളെയാകും. എന്ന് കരുതി അതൊരു വലിയ ബാധ്യതയായിട്ടൊന്നും കരുതേണ്ട കാര്യമില്ല. വിവാഹമോചനം കഴിഞ്ഞു എന്ന് കരുതി കുട്ടികളെ നിങ്ങള്‍ ഉപേക്ഷിക്കാനോ ശ്രദ്ധിക്കാതിരിക്കാനോ ഒന്നും പോകുന്നില്ല. ഡിവോഴ്‌സ് ഈസിയാണ് എന്ന് ആരും പറയില്ല. പക്ഷേ അത് ജീവിതത്തിന്റെ അവസാനമാണ് എന്ന പേടിയും വേണ്ട.












Click it and Unblock the Notifications