കേരളത്തില്‍ നിന്ന് ആദ്യമായി മൊബൈല്‍ഫോണ്‍ കോള്‍ ചെയ്ത ആ പ്രശസ്ത വ്യക്തി ആരെന്ന് അറിയാമോ
ഇന്നിപ്പോൾ മൊബൈൽഫോണില്ലാതെ ഒരാൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. എന്തിനും ഏതിനും മൊബൈൽ ഫോൺ വേണം. തൊട്ടടുത്തുള്ള അയൽവാസിയോട് എന്തെങ്കിലുമൊക്കെ ചോദിക്കണമെങ്കിൽ പോലും മൊബൈൽഫോൺ വേണം എന്ന അവസ്ഥയാണ്. അത്രത്തോളം സ്വാധീനും മൊബൈൽഫോൺ ചിലത്തുന്നുണ്ട്.
ആദ്യം പരസ്പരം സംസാരിക്കാൻ മാത്രം കഴിഞ്ഞിരുന്ന മൊബാൽ ഫോണുകളിൽ ഇന്ന് ഫീച്ചറുകളും ഉണ്ട്. ഇമെയിൽ, ഇന്റർനെറ്റ്, കളികൾ, ബ്ലൂടൂത്ത്, ഇൻഫ്രാറെഡ്. ക്യാമറ, എം.എം.എസ്., എം.പി3, ജി.പി.എസ്. എന്നിവയൊക്കെ ഇന്ന് ഫോണിൽ സജ്ജമാണ്. ഇന്ന് ഒട്ടുമിക്ക ആൾക്കാരുടേയും കയ്യിൽ സ്മാർട്ഫോണുകളാണ് ഉള്ളത്.

1973-ൽ മോട്ടറോളയിലെ ഡോ: മാർട്ടിൻ കൂപ്പർ ആയിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു അദ്ദേഹം പറഞ്ഞത് . 2 കിലോഗ്രാം ഭാരമുണ്ടായിരുന്നു മൊബൈലിന്. ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു.

നമ്മുടെ രാജ്യത്തേക്ക് എന്നാണ് ആദ്യ മൊബൈൽഫോൺ കോൾ വന്നതെന്ന് അറിയാമോ? 1995 ജൂലൈ 31നാണ് ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ കോൾ ചെയ്തത്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി സുഖ്‌റാമിനെ വിളിച്ചതായിരുന്നു ഇന്ത്യയിലെ ആദ്യ ഫോൺ കോൾ.

മൊബൈലിന്റെ ചരിത്രത്തിൽ നിന്ന് നമുക്ക് കേരളത്തിലേക്ക് വരാം. കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ സംഭവിച്ചിട്ട് ഇന്ന് 26 വർഷം തികയുകയാണ്. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ മൊബൈൽ ഫോൺ വഴി കോൾ ചെയ്തത്. എറണാകുളത്തെ ഹോട്ടൽ അവന്യൂ റീജന്റിൽ നടന്ന ചടങ്ങിൽ എസ്‌കോട്ടൽ മൊബൈലിൽ നിന്ന് കഥാകാരൻ തകഴി ശിവശങ്കര പിള്ളയാണ് ഫോൺ ചെയ്തത്. ദക്ഷിണമേഖല കമാൻഡന്റ് എ.ആർ ടണ്ഠനുമായിട്ടാണ് അന്ന് തകഴി സംസാരിച്ചത്. കമല സുരയ്യയും ചടങ്ങിൽ ഉണ്ടായിരുന്നു.

1996 സെപ്റ്റംബറിൽ ഉദ്ഘാടനം നടന്നുവെങ്കിലും ഒക്ടോബർ മാസം മുതലായിരുന്നു എസ്‌കോട്ടലിന്റെ സേവനം ആരംഭിച്ചത്. അതേ വർഷം തന്നെ ബിപിഎൽ മൊബൈലും കേരളത്തിൽ വരികയും ചെയ്തിരുന്നു. 1996 ൽ മൊബൈലെക്കുറിച്ച് ചിന്തിക്കാനുള്ള നേർത്ത സാധ്യതപോലും ഒരു സാധാരണക്കാരന് ഉണ്ടായിരുന്നില്ല. അത്രയ്ക്കും വില പിടിപ്പുള്ള ഒന്നായിരുന്നു മൊബൈൽ ആദ്യ കാലങ്ങളിൽ.

40,000 മുതൽ 50,000 രൂപ വരെയായിരുന്നു ഒരു മൊബൈൽ ഫോണിന്റെ വില. ഔട്ട്‌ഗോയിംഗിന് 16 രൂപയും ഇൻകമിംഗിന് 8 രൂപയും ഈടാക്കിയിരുന്നു. ഏഴ് വർഷങ്ങൾക്ക് ഇപ്പുറം, അതായത് 2003ൽ ആയിരുന്നു രാജ്യത്ത് ഇൻകമിംഗ് സേവനങ്ങൾ സൗജന്യം ആവുന്നത്. ഇതോടെ സാധാരണക്കാർക്കിടയിലും മൊബൈൽഫോൺ ഉപയോഗിക്കാനുള്ള അവസരം വന്നു.


Click it and Unblock the Notifications