Viral Video- വധുവിന് വരന്റെ വിവാഹസമ്മാനം കഴുതക്കുട്ടി.., ആദ്യം വിമര്‍ശനം, കാരണമറിഞ്ഞപ്പോള്‍ കൈയടി
ഇസ്ലാമാബാദ്: വിവാഹ വേദിയില്‍ വെച്ച് വധൂവരന്‍മാര്‍ സമ്മാനങ്ങള്‍ കൈമാറുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. പലപ്പോഴും അപ്രതീക്ഷിത സമ്മാനങ്ങള്‍ വധൂവരന്‍മാര്‍ വിവാഹ വേദിയില്‍ വെച്ച് കൈമാറാറുണ്ട്. ഈ ഒരു കാര്യത്തിന് രാജ്യാതിര്‍ത്തികളില്ല എന്നതാണ് സത്യം. ഇപ്പോഴിതാ വധൂവരന്‍മാര്‍ വിവാഹ വേദിയില്‍ വെച്ച് കൈമാറിയ അത്തരത്തിലൊരു സമ്മാനത്തിന്റെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
പാകിസ്ഥാനില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. യൂട്യൂബര്‍ കൂടിയായ അസ്ലന്‍ ഷായാണ് തന്റെ വധുവിന് അപ്രതീക്ഷിതമായ സമ്മാനം നല്‍കിയത്. ഒരു കഴുതക്കുട്ടിയെ ആണ് അസ്ലന്‍ ഷാ തന്റെ പ്രിയപ്പെട്ട പങ്കാളി വാരിഷയ്ക്ക് വിവാഹവേദിയില്‍ വെച്ച് കൈമാറുന്നത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ പലരും അസ്ലന്‍ ഷായെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ വാരിഷയ്ക്ക് കഴുതയെ സമ്മാനിക്കാനുള്ള കാരണം വെളിവായതോടെ എല്ലാവരും അസ്ലന്‍ ഷായെ അഭിനന്ദിക്കുകയാണ്.

കറാച്ചി സ്വദേശിയാണ് പ്രശസ്ത യുട്യൂബര്‍ ആയ അസ്ലന്‍ ഷാ. ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു അസ്ലന്‍ ഷാ, വാരിഷയെ വിവാഹം കഴിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും അസ്ലന്‍ ഷാ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിട്ടുണ്ട്. ഇതില്‍ ഒന്നിലാണ് അസ്ലന്‍ ഷാ, വാരിഷയ്ക്ക് കഴുതക്കുട്ടിയെ സമ്മാനിക്കുന്ന വീഡിയോയും പങ്കുവെച്ചത്. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അതേസമയം ശ്രദ്ധ കിട്ടാന്‍ വേണ്ടി ചെയ്ത പ്രവൃത്തിയാണ് ഇത് എന്നും മോശമായിപ്പോയി എന്നുമായിരുന്നു ആദ്യഘട്ടത്തില്‍ പലരും കമന്റ് ചെയ്തത്. പ്രതിശ്രുത വധുവിനെ കൡയാക്കിയതാണ് എന്ന് പോലും പലരും കമന്റ് ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ പ്രതികരണവുമായി അസ്ലന്‍ ഷായും വാരിഷയും രംഗത്തെത്തി. ഇത് ശ്രദ്ധ ലഭിക്കാന്‍ വേണ്ടി ചെയ്തതല്ല എന്നും തങ്ങള്‍ക്ക് രണ്ടാള്‍ക്കും മൃഗങ്ങളെ ഏറെ ഇഷ്ടമാണ് എന്നും അസ്ലന്‍ ഷായും വാരിഷയും പറഞ്ഞു.

വാരിഷയ്ക്ക് മൃഗങ്ങളോടുള്ള ഇഷ്ടം മനസ്സിലാക്കിയാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചത് എന്നാണ് അസ്ലന്‍ ഷാ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. കഴുതക്കുട്ടിയെ അസ്ലന്‍ ഷാ, വാരിഷയ്ക്ക് കൈമാറുന്നതും ഇരുവും അതിനെ വാത്സല്യത്തോടെ തലോടുന്നതും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ദൃശ്യങ്ങളിലുണ്ട്. താനും ഒരു മൃഗസ്‌നേഹിയാണെന്നും കഴുതകളോട് പ്രത്യേക ഇഷ്ടമുണ്ട് എന്നുമാണ് അസ്ലന്‍ ഷാ പറയുന്നത്.

വാരിഷയ്ക്ക് കഴുതകളെ ഇഷ്ടമാണ്. കാരണം അവ വളരെ കഠിനാധ്വാനികളും സ്‌നേഹവും ഉള്ള മൃഗങ്ങളാണ്, എന്നാണ് അസ്ലന്‍ ഷാ പറയുന്നത്. ഇതോടെ പലരും അസ്ലന്‍ ഷായുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി. മികച്ച കാര്യമാണ് ചെയ്തത് എന്നും ആ കഴുതക്കുട്ടിയെ നന്നായി പരിപാലിക്കണം എന്നുമാണ് പലരും കമന്റെ ചെയ്യുന്നത്. വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ടിട്ടുണ്ട്.

നിങ്ങള്‍ക്ക് കുതിരയെയോ പശുവിനെയോ നായയെയോ കുരങ്ങിനെയോ ജിറാഫിനെയോ സിംഹത്തെയോ പോലും വളര്‍ത്താന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് മറ്റ് മൃഗങ്ങള്‍ ആയിക്കൂടാ? എന്തിനാണ് നിങ്ങള്‍ അവയെ നിഷേധാത്മകമായി കാണുന്നത് എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ഇതൊരു പ്രതീകാത്മക സമ്മാനമാണ്. അതിന് വളരെയധികം അര്‍ത്ഥങ്ങളുണ്ട് എന്നാണ് മറ്റെരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെ കണ്ട ഏറ്റവും ഹൃദ്യമായ വീഡിയോ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. പങ്കാളിയുടെ ഇഷ്ടത്തിന് അനുസരിച്ച് സമ്മാനം നല്‍കിയതിന് അസ്ലന്‍ ഷായെ അഭിനന്ദിക്കുന്നവരും കുറവല്ല. വീഡിയോയ്ക്ക് നിരവധി ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കഴുതക്കുട്ടിയോടൊപ്പമുള്ള വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങള്‍ അസ്ലന്‍ ഷായും വാരിഷയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications