ഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാം
ബെംഗളൂരു: കാലം പോയ പോക്കേ, ബെംഗളൂരുകാര്‍ ഇപ്പോള്‍ ഇങ്ങനെ പറയുന്നുണ്ടാവും. ഒരു യുവാവിന്റെ ചായക്കടയാണ് ഇങ്ങനെ പറയാന്‍ അവരെ പ്രേരിപ്പിച്ചത്. ഇവിടെ ചായ കുടിച്ചാല്‍ പണം അടയ്ക്കുന്ന രീതിക്ക് നൂതനമായൊരു സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ യുവാവ്. ഇയാളെ കുറിച്ച് പറയാനാണെങ്കില്‍ കുറേയുണ്ട്.
ആള് ചില്ലറക്കാരനല്ലെന്നാണ് നാട്ടുകാര്‍ വരെ പറയുന്നത്. പക്ഷേ തലയില്‍ വരച്ച ഭാഗ്യക്കുറി അത്ര നല്ലതല്ലാത്തത് കാരണം ചായ വില്‍ക്കേണ്ടി വന്നിരിക്കുകയാണ് ഈ യുവാവിന്. അവിടെയാണ് ഇയാള്‍ ഈ പേമെന്റ് പരീക്ഷിച്ചത്. എന്തായാലും അത് ഏറ്റിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ബെംഗളൂരുവിലെ ചായക്കടക്കാരനായ ഈ യുവാവ് കടയ്ക്ക് മുന്നില്‍ വെച്ച ബോര്‍ഡാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇയാള്‍ ക്രിപ്‌റ്റോ കറന്‍സി വഴിയും പേമെന്റ് സ്വീകരിക്കുമെന്നാണ് ബോര്‍ഡില്‍ പറയുന്നത്. അതായത് ഗൂഗിള്‍ പേ പോലുള്ള പണം അടയ്ക്കാനുള്ള മാര്‍ഗമായി ഇയാള്‍ ക്രിപ്‌റ്റോകറന്‍സിയെ മാറ്റിയിരിക്കുകയാണ്. ബെംഗളൂരുവിലെ ഒരു സാധാരണ ചായക്കടക്കാരന്‍ ഇങ്ങനൊരു പരീക്ഷണം നടത്തിയാല്‍ അത്ഭുതപ്പെടാതിരിക്കാനാവുമോ? ക്രിപ്‌റ്റോകറന്‍സി എങ്ങനെ പണം അടയ്ക്കുമെന്ന് അറിയുക പോലും ചെയ്യാത്തവരിലേക്കാണ് ഇങ്ങനൊരു കാര്യവുമായി യുവാവ് എത്തിയിരിക്കുന്നത്.

image credit: Akshay Saini twitter
ശുഭം സെയ്‌നി എന്ന യുവാവാണ് ഈ ഒരു ആശയത്തിന് പിന്നിലുള്ള ചായക്കടക്കാരന്‍. ഇയാളൊരു ബിസിഎ ഡ്രോപ്പൗട്ടാണ്. കോഴ്‌സ് പാതിവഴിയില്‍ നിര്‍ത്തിയാണ് ഇയാള്‍ ചായക്കട തുടങ്ങിയത്. ഈ കടയുടെ പേരും ചിരിപൊടിക്കുന്നതാണ്. ഫ്രസ്‌ട്രേറ്റഡ് ഡ്രോപ്പ്ഔട്ട് എന്നാണ് ചായക്കടയുടെ പേര്. പഠിപ്പും നിര്‍ത്തി ഇങ്ങനൊരു പണിക്കിറങ്ങിയതില്‍ കടുത്ത നിരാശ ഇയാള്‍ക്കുണ്ടെന്ന് ഈ പേരില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇയാള്‍ ഒരു മണ്‍ ഗ്ലാസില്‍ ചായ ഒഴിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇയാളുടെ കടയിലുള്ള മേശയുടെ മേലുള്ള ബോര്‍ഡിലാണ് ക്രിപ്‌റ്റോ ഇവിടെ സ്വീകരിക്കുമെന്ന് എഴുതിയിരിക്കുന്നത്. 0.26 ഡോളര്‍ ഇരുപത് രൂപയ്ക്ക് തുല്യമാണെന്ന് ഇയാള്‍ വേറൊരു ബോര്‍ഡില്‍ കുറിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. വേറെ ഏത് തരത്തിലുള്ള പേമെന്റും ഇവിടെ പറ്റുമെന്നാണ് യുവാവ് ഇതിലൂടെ നാട്ടുകാരെ അറിയിച്ചിരിക്കുന്നത്. എങ്ങനെയാണ് ഈ യുവാവ് ക്രിപ്‌റ്റോ സ്വീകരിക്കുന്നതെന്നാണ് ഒരു കമന്റ്. എല്ലാ കോയിനുകളും ഇവിടെ സ്വീകരിക്കുമോ? എക്‌സ്‌ചേഞ്ച് നിരക്ക് എങ്ങനെയാണ് ഇയാള്‍ നിശ്ചയിക്കുന്നതെന്ന് കമന്റിട്ടയാള്‍ ചോദിച്ചു.

ശുഭം സെയ്‌നിക്ക് പറയാന്‍ മറ്റൊരു കഥ കൂടിയുണ്ട്. ക്രിപ്‌റ്റോ കറന്‍സിയെ വല്ലാതെ ആശ്രയിച്ചൊരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. ഒന്നരലക്ഷം താന്‍ ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ ആയിരം മടങ്ങ് വര്‍ധനവാണ് തന്റെ പോര്‍ട്ട്‌ഫോളിയോക്ക് ഉണ്ടായത്. അതായത് എന്റെ ക്രിപ്‌റ്റോ വാലറ്റിന്റെ മൂല്യം 30 ലക്ഷം രൂപയായി ഉയര്‍ന്നു. എന്നെ പോലൊരു വിദ്യാര്‍ത്ഥിക്ക് ഇത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതിന്റെ അപ്പുറമായിരുന്നു. താന്‍ അടുത്ത രാകേഷ് ജുന്‍ജുന്‍വാലയാണെന്ന് പോലും സെയ്‌നി ആ സമയം കരുതിയിരുന്നു.

വലിയ നേട്ടങ്ങള്‍ തിരിച്ചടിയും വലുതായിരിക്കുമെന്ന് സെയ്‌നിക്ക് വൈകാതെ മനസ്സിലായി. 2021 ഏപ്രിലില്‍ ക്രിപ്‌റ്റോ മാര്‍ക്കറ്റ് തകര്‍ന്ന് തരിപ്പണമായി. എവിടെ തുടങ്ങിയോ, അവിടെ തന്നെ തിരിച്ചെത്തിയെന്ന് യുവാവ് പറയുന്നു. മുപ്പത് ലക്ഷത്തില്‍ നിന്ന് വീണ്ടും താന്‍ ഒരു ലക്ഷത്തിലെത്തി. ഒരു രാത്രി കൊണ്ട് തന്റെ ജീവിതം തന്നെ മാറിയെന്ന് വിശ്വസിക്കാന്‍ കൂടി സെയ്‌നിക്ക് സാധിച്ചില്ല. മനസ്സ് മടുത്ത് സെയ്‌ന ബെംഗളൂരുവില്‍ ചായക്കട തുടങ്ങുകയായിരുന്നു. അവിടെ പേമെന്റായി ക്രിപ്‌റ്റോകറന്‍സിയും സ്വീകരിക്കുകയായിരുന്നു. ചായ കുടിച്ചാല്‍ ഇങ്ങനൊരു പേമെന്റ് സംവിധാനം ഉള്ളതില്‍ പല ഉപഭോക്താക്കളും അമ്പരപ്പിലാണ്. ക്രിപ്‌റ്റോയില്‍ പണം അടയ്‌ക്കേണ്ടവര്‍ ക്യൂആര്‍ കോഡില്‍ സ്‌കാന്‍ ചെയ്താല്‍ മതി. യുപിഐ പോലെ തന്നെയാണിത്.












Click it and Unblock the Notifications