ചുമട്ടുതൊഴിലാളിയായ യുഎഇ പ്രവാസി ഇനി കോടീശ്വരന്‍: ഇന്ത്യയിലേക്ക് മടങ്ങും, ലോണുകള്‍ അടയ്ക്കണം
മഹ്സൂസ്‍ ലോട്ടറിയിലൂടെ ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞ് ഇന്ത്യന്‍ പ്രവാസിയുടെ ജീവിതം. കഴിഞ്ഞ ദിവസം നടന്ന മഹ്സൂസ് ലോട്ടറി നറുക്കെടുപ്പില്‍ ഒരു മില്യണ്‍ യുഎഇ ദിർഹമാണ് പ്രവാസിയായ വെങ്കട്ടിന് ലഭിച്ചിരിക്കുന്നത്. അതായത് 2.25 കോടിയിലേറെ രൂപ. കഴിഞ്ഞ 13 വർഷമായി യുഎഇയിയിലെ പ്രശസ്തമായ ഒരു സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്ത് വരികയാണ് വെങ്കട്ട്.
വർഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന തനിക്ക് ഈ ലോട്ടറി വിജയം വലിയ ആശ്വാസം നല്‍കുമെന്നാണ് വെങ്കട്ട് പറയുന്നത്. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് പ്രവാസിയുടെ കുടുംബം. മക്കളില്‍ ഒരാളും യുഎഇയില്‍ ജോലി ചെയ്യുന്നുണ്ട്. യുഎഇയിൽ ഒരു ജനപ്രിയ കമ്പനിയുടെ ഡെലിവറി ബോയ് ആയിട്ടാണ് മകന്‍ ജോലി ചെയ്യുന്നത്. വിവരം അറിഞ്ഞ് മകനും വെങ്കട്ടിന്റെ അടുത്തേക്ക് ഓടിയെത്തി.

"ലോട്ടറി അടിച്ചെന്ന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിക്കുന്നത് ഞായറാഴ്ച രാവിലെയാണ്. എന്റെ അക്കൌണ്ടില്‍ ഒരു മില്യണ്‍ ദിർഹം ഉണ്ടെന്ന കാര്യം എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. തീർച്ചയായും ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു നിമിഷമാണിത്. എന്റെ ജീവിതത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ തുക ഞാൻ നേടുന്നത്," വെങ്കട്ട് പറഞ്ഞു.
ഒരു മില്യണ്‍ ദിർഹത്തിന്റെ റാഫിൾ സമ്മാനത്തിന് പുറമെ, 140-ാമത്തെ നറുക്കെടുപ്പിൽ അഞ്ചിൽ മൂന്ന് നമ്പറുകള്‍ ഒത്തുചേർന്നതോടെ 250 ദിർഹവും വെങ്കട്ടിന് ലഭിച്ചു. 10 മാസം മുമ്പാണ് അദ്ദേഹം മഹ്‌സൂസിൽ പങ്കെടുക്കാൻ തുടങ്ങിയത്. ആദ്യ ശ്രമങ്ങളിൽ പരാജയപ്പെട്ടെങ്കിലും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടർന്നു. ഒടുവില്‍ ആ വിജയം എന്നെ തേടിയെത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷത്തിലേറെയായി ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും വലിയ പ്രയാസത്തിലൂടെ കുടുംബം കഴിഞ്ഞ് പോവുന്നത്. സാമ്പത്തിക പ്രയാസം രൂക്ഷമായാണ്. ആ സമയത്താണ് ഇത്തരമൊരു ഭാഗ്യം എന്നെ തേടിയെത്തുന്നത്. ആദ്യം തന്നെ നാട്ടിലെ ലോണ്‍ അടച്ച് തീർക്കണം. ഭാര്യയേയും മക്കളേയും ഇനി കൂടുതല്‍ നല്ല രീതിയില്‍ നോക്കണമെന്നും വെങ്കട്ട് കൂട്ടിച്ചേർത്തു.
മഹ്‌സൂസിന്റെ ഉദാരമായ വിജയത്തിന് നന്ദി പറയുന്ന അദ്ദേഹത്തിന് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും പദ്ധതിയുണ്ട്. സംഗീതം തനിക്ക് ആശ്വാസവും വിശ്രമവും നൽകുന്ന ഒരു പ്രധാന സ്രോതസ്സാണെന്നും തന്റെ ഒഴിവു സമയം പാട്ടുകൾ കേട്ട് ചെലവഴിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും പ്രവാസി തൊഴിലാണ് സമ്മാനം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.
ഇതേ മഹ്‌സൂസ് നറുക്കെടുപ്പിൽ പങ്കെടുത്ത മറ്റ് 2,770 പേർ സമ്മാനത്തുകയായി ഏകദേശം 859,000 ദിർഹവും നേടി. അതേസമയം, അടുത്തിടെ ആരംഭിച്ച 5 ആഴ്ച നീണ്ട് നില്‍ക്കുന്ന ഗോൾഡൻ സമ്മർ നറുക്കെടുപ്പില്‍ പാകിസ്ഥാൻ പ്രവാസി മുഹമ്മദ് 50,000 ദിർഹം വിലമതിക്കുന്ന സ്വർണ്ണ നാണയങ്ങളും നേടി. 35 ദിർഹം മാത്രം നൽകി ഒരു കുപ്പി മഹ്‌സൂസ് വെള്ളം വാങ്ങുന്നവർക്ക് എല്ലാ ശനിയാഴ്ചയും നടക്കുന്ന പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുക്കാന്‍ സാധിക്കും.
അതേസമയം, ഇതിന് മുമ്പത്തെ ആഴ്ചയിലെ മഹ്സൂസ്‍ ലോട്ടറിയിലും ഇന്ത്യക്കാരനാണ് ഒന്നാം സമ്മാനം. ഇരുപത് മില്യണ്‍ ദിര്‍ഹമാണ് (44 കോടി) മുംബൈ സ്വദേശിയായ സച്ചിന് ലഭിച്ചത്. യുഎഇയില്‍ സിഎഡി ടെക്‌നീഷ്യനായ സച്ചിന്റെ കുടുംബം ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി മെഹ്സൂസ് ലോട്ടറി നറുക്കെടുപ്പിന്റെ ഭാഗമായ ഇദ്ദേഹം ഇതുവരെ ലോട്ടറിക്കായി അഞ്ച് ലക്ഷത്തിലേറെ രൂപ ചിലവഴിച്ചിട്ടുണ്ട്.












Click it and Unblock the Notifications