വിവാഹ സാരിയില്‍ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ വധു; ഇതൊരു പ്രതിഷേധം, വൈറലായി ഫോട്ടോഷൂട്ട്
വ്യത്യസ്തമായ ഫോട്ടോഷൂട്ട് എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെ ചില ഫോട്ടോഷൂട്ടുകള്‍ വിവാദത്തിനും കാരണമായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോഷൂട്ട് ട്രന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ നിന്നുമുള്ള വധുവിന്റെ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.
image credit: arrow_weddingcompany

നിലമ്പൂര്‍ പൂക്കോട്ടുപാടം സ്വദേശിയായ സുജിഷയാണ് വധു. കല്യാണ ദിവസം റോഡുകളിലെ കുഴിക്കടുത്ത് നിന്ന് ഫോട്ടോയെടുത്താണ് പ്രതിഷേധം അറിയിച്ചത്. നിലമ്പൂരിലെ ആരോ വെഡ്ഡിംഗ് കമ്പനിയിലെ ആഷിഖ് ആണ് ഫോട്ടോഗ്രാഫര്‍.

പ്രദേശത്തെ റോഡിലെ കുഴികളും വെള്ളക്കെട്ടുകളും യാത്രക്കാര്‍ക്ക് എന്നും ദുരിതമാണ് സമ്മാനിക്കുന്നത്. ഇതിനിടെയിലാണ് പ്രതിഷേധം എന്ന രീതിയില്‍ ഫോട്ടോഷൂട്ട് നടത്തിക്കൂടെയെന്ന ചിന്ത ഉണ്ടായതെന്ന് ഫോട്ടോഗ്രാഫര്‍ ആഷിഖ് പറഞ്ഞു. കല്യാണപ്പെണ്ണായ സുജിഷയും ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പൂര്‍ണസമ്മതമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഈ ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. കേരളത്തിലെ റോഡുകളിലെ കുഴികളില്‍ വീണ അപകടം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ ഫോട്ടോഷൂട്ടിന് വലിയ പ്രധാന്യമാണുള്ളത്.

കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍വീണ് യാത്രക്കാരന്‍ മരിച്ചത് ഞെട്ടലുണ്ടാക്കിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലാണോ ഇപ്പോഴും ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ഒരു കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ബുദ്ധിമുട്ടെന്നും കോടതി ചോദിച്ചിരുന്നു. രണ്ട് മാസത്തിനിടെ എത്രപേര്‍ മരിച്ചു, കോടതിക്ക് നിശബ്ദമായി ഇരിക്കാനാകില്ല. ദേശീയപാതയിലെ അപകടത്തില്‍ ഒറ്റദിവസംകൊണ്ട് നടപടിയെടുത്തിരുന്നെന്നും ഹൈക്കോടതി പറഞ്ഞു.












Click it and Unblock the Notifications