കാറില്‍ നിന്ന് റോഡിലേക്ക് പണം ഒഴുകി; 1.6 കോടി; ജനങ്ങള്‍ക്ക് അനുഗ്രഹം, ഒടുവില്‍ സംഭവിച്ചത്...
ഒരു കാറില്‍ നിന്ന് ഡോളര്‍ കണക്കിന് പണം റോഡിലേക്ക് വീഴുന്നു. ആളുകള്‍ ഈ പണം സ്വന്തമാക്കാന്‍ ഓടി നടക്കുന്നു. യു എസിലെ ഒരു നഗരത്തിലെ കാഴ്ചയായിരുന്നു ഇത്. സംഭവം എന്താണെന്ന് ആര്‍ക്കും മനസിലായില്ലെങ്കിലും ആളുകള്‍ പണം എടുക്കുന്നതിന് ഒരു കുറവും സംഭവിച്ചിട്ടില്ല. എന്നാല്‍ പിന്നീടാണ് എല്ലാവര്‍ക്കും കാര്യം മനസിലായത്. ഒറിഗോണിലെ ഒരു യുവാവ് തന്റെ കുടുംബത്തിലെ ജോയിന്റ് അക്കൗണ്ടിലെ വലിയൊരു തുക പിന്‍വലിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു.
1.6 കോടി രൂപയോളമാണ് യുവാവ് ഇത്തരത്തില്‍ പിന്‍വലിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്തത്. കോളിന്‍ ഡേവിസ് മക്കാര്‍ത്തി എന്ന 38കാരനായ യുവാവാണ് യു എസിലെ തിരക്കേറിയ ഹൈവേയില്‍ തന്റെ കാറിന്റെ വിന്‍ഡോയില്‍ കൂടെ ഡോളര്‍ കണക്കിന് പണം വലിച്ചെറിയുകയായിരുന്നു. ഇതോടെ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി പണം നിലത്തുനിന്ന് എടുക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏപ്രില്‍ 11 ന് രാത്രി 7.20 ന് യൂജിന്‍ നഗരത്തില്‍ വെച്ചാണ് പണം പുറത്തേക്ക് വലിച്ചെറിഞ്ഞതെന്ന് ഒറിഗണ്‍ സ്റ്റേറ്റ് പോലീസ് പറഞ്ഞു. ഹൈവയുടെ ഭാഗത്തേക്ക് വലിച്ചെറിഞ്ഞ പണം എടുക്കാന്‍ നിരവധി ആളുകളാണ് എത്തിയത്. ചിലര്‍ രാത്രി ടോര്‍ച്ച് ലൈറ്റുകള്‍ അടിച്ച് പണം തിരയുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.
താനും തന്റെ ബോയ്ഫ്രണ്ടും ഇതുവഴി കടന്നുപോകുമ്പോഴാണ് ഈ സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. ഞങ്ങള്‍ പിന്നെ ഒന്നും നോക്കിയില്ല, വാഹനം നിര്‍ത്തി പണം എടുക്കുകയായിരുന്നു. ഞങ്ങള്‍ക്ക് 300 ഓളം ഡോളര്‍ കിട്ടിയെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ യു എസ് മാധ്യമത്തോട് പറഞ്ഞു.
അതേസമയം, സംഭവത്തിന് പിന്നാലെ കോളിന്റെ കുടുംബം രംഗത്തെത്തി. കോളിന്‍ ഡേവിസ് ജോയിന്റ് അക്കൗണ്ടില്‍ നിന്ന് തങ്ങളുടെ സമ്മതം ഇല്ലാതെയാണ് പണം പിന്‍വലിച്ചതെന്ന് കുടുബം പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമായി ഒന്നും പൊലീസിനും ചെയ്യാന്‍ സാധിക്കില്ല. കാരണം, ഈ പണത്തിന് കോളിന്‍സിനും അവകാശമുണ്ട്. അതുകൊണ്ട് ഈ പണം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ കോളിന്‍സിനും തീരുമാനമെടുക്കാം.
അതേസമയം, കോളിന്‍സിനെതിരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. താന്‍ മറ്റുള്ളവരെ പണം കൊടുത്ത് അനുഗ്രഹിച്ചതാണെന്നാണ് യുവാവ് പറയുന്നത്. എന്നാല്‍ പണം കൈപ്പറ്റിയവര്‍ ദയവായി പൊലീസിനെ ഏല്‍പ്പിക്കണമെന്നാണ് കുടുംബം അഭ്യര്‍ത്ഥിക്കുന്നത്. എന്നാല്‍ ഈ പണം ആരെങ്കിലും തിരിച്ച് ഏല്‍പ്പിക്കുമോ എന്നുള്ള കാര്യം കണ്ടറിയണം.












Click it and Unblock the Notifications