കഴുത്തില്‍ പാമ്പ്, തലോടാന്‍ മുതലക്കുഞ്ഞുങ്ങള്‍; ആരെയും ഞെട്ടിക്കും ഈ വ്യത്യസ്ത തെറാപ്പി
ആരോഗ്യ സംരക്ഷണത്തിനുള്ള ഒരുപാട് തെറാപ്പികളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. പല രീതിയിലും വ്യത്യസ്തവുമായ തെറാപ്പികള്‍ ഇന്ന് ലോകത്തുണ്ട്. എന്നാല്‍ ബ്രസീലില്‍ നിന്നും പുറത്തുവരുന്ന ചില തെറാപ്പികളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മളെ ഞെട്ടിക്കും. ഞെട്ടാന്‍ മാത്രം എന്താണ് ഈ തെറാപ്പികളിലുള്ളതെന്നാവും നിങ്ങള്‍ ചിന്തിക്കുന്നത് പാമ്പുകള്‍ അടക്കമുള്ള ഉരഗങ്ങളെ ഉപയോഗിച്ചാണ് ഈ തെറാപ്പി ചെയ്യുന്നത്.
ഈ തെറാപ്പിയുടെ ഭാഗമായി ആളുകള്‍ പാമ്പിനെ വരെ കഴുത്തിലിട്ട് നടക്കുന്നത് കാണാന്‍ സാധിക്കും. സാവോ പോളോയിലുള്ള ആന്‍ഡ്രിയ റിബേര എന്ന തെറാപ്പിസ്റ്റാണ് ഈ വ്യത്യസ്ത തെറാപ്പിക്ക് രൂപം നല്‍കിയത്. ഇതിന് വേണ്ടി വ്യത്യസ്ത തരം പാമ്പുകളെയാണ് ആന്‍ഡ്രിയ ഉപയോഗിക്കുന്നത്.

ജന്മനായുള്ള വൈകല്യങ്ങള്‍ , ഓട്ടിസം , എന്നിവ അടക്കമുള്ള രോഗങ്ങള്‍ക്കാണ് ആന്‍ഡ്രിയ ചികിത്സിക്കുന്നത്. ഉരഗങ്ങളെ ഉപയോഗിച്ചുള്ള തെറാപ്പിയാണ് ആന്‍ഡ്രിയ പ്രധാനമായും ചെയ്യുന്നത്. വൈകല്യമുള്ള ആളുകളില്‍ വിവിധ കഴിവുകള്‍ മെച്ചപ്പെടുത്താനും അവരെ ശാന്തമായിരിക്കാനും ഈ തെറാപ്പി കൊണ്ട് സാധിക്കുമെന്നാണ് ആന്‍ഡ്രിയ പറയുന്നത്. എന്നാല്‍ ഈ ചികിത്സ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
എന്നാല്‍ 'ആളുകള്‍ മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍, സന്തോഷവും ക്ഷേമവും നല്‍കുന്ന സെറോടോണിന്‍, ബീറ്റാ-എന്‍ഡോര്‍ഫിന്‍സ് തുടങ്ങിയ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ പുറത്തുവിടുന്നുവെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ആന്‍ഡ്രിയ പറയുന്നു.
'ഇത് രോഗികളില്‍ സുഖം തോന്നിക്കുന്നു. ഈ തെറാപ്പിയിലൂടെ മികച്ച ഫലങ്ങള്‍ നേടാന്‍ സാധിക്കും. ഉരഗങ്ങളെ ഉപയോഗിക്കുന്നതിന് മുമ്പ് നായകളെ ഉപയോഗിച്ചായിരുന്നു തെറാപ്പി ചെയ്തിരുന്നത്. എന്നാല്‍ നായകളുമായി കളിക്കാനും ഇടപഴകാനുമുള്ള നിരന്തരമായ ശ്രമങ്ങള്‍ ചില രോഗികളെ, പ്രത്യേകിച്ച് ഓട്ടിസം ബാധിച്ചവരെ അസ്വസ്ഥരാക്കിയതായി കണ്ടെത്തി. ഇതിന് ശേഷമാണ് പാമ്പ് അടക്കമുള്ള ജീവികളെ തെറാപ്പിക്ക് ഉപയോഗിച്ചത്'- ആന്‍ഡ്രിയ പറയുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആന്‍ഡ്രിയ ഈ ചികിത്സ രീതി അവലംബിക്കുന്നുണ്ട്. നിരവധി പേരാണ് ആന്‍ഡ്രിയയുടെ അടുത്തേക്ക് എത്തുന്നത്. ആന്‍ഡ്രിയയുടെ ചികിത്സ കേന്ദ്രത്തില്‍ പാമ്പ്, ആമ, ഓന്ത്, ചെറിയ മുതകള്‍ വരെ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. തന്റെ തെറാപ്പി പലരിലും ഫലം നല്‍കുന്നുണ്ടെന്നാണ് ആന്‍ഡ്രിയ പറയുന്നത് . ആന്‍ഡ്രിയയുടെ ഈ ചികിത്സാ രീതി സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാണ്.












Click it and Unblock the Notifications