ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ വധുവിന്റെ റീല്‍; 6000 രൂപ പിഴയിട്ട് പൊലീസ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
സോഷ്യല്‍ മീഡിയയില്‍ ഒന്നു വൈറലാകണമെങ്കില്‍ എന്തൊക്കെ കാണിച്ചുകൂട്ടണം, അല്ലേ.. ഇതിനായി പല സാഹസികതകളും ചെയ്യുന്നവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. വാഹനങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യുന്നവര്‍ അപകടകരമാംവിധം ഓടിക്കുന്നതും അഭ്യാസപ്രകടനങ്ങള്‍ കാണിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അങ്ങനെ ഒരു വീഡിയോയും അതിന് ഡല്‍ഹി പൊലീസ് കൊടുത്ത മുട്ടന്‍ പണിയെ കുറിച്ചുള്ള വാര്‍ത്തയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിക്കാതെ റീല്‍ ചെയ്ത വധുവിനാണ് മുട്ടന്‍ പണി പൊലീസില്‍ നിന്നും ലഭിച്ചത്. വധുവിന് പൊലീസ് ആറായിരം രൂപയോളമാണ് പിഴ ചുമത്തിയിരിക്കുന്നത്. സജ്നാ ജി വാരി വാരി എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ റീല്‍ നിമിഷം നേരം കൊണ്ട് തന്നെ വൈറലായിരുന്നു. വിവാഹ വേഷത്തിലായിരുന്നു യുവതി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

ഹെല്‍മെറ്റ് വയ്ക്കാത്തതിന് 1000 രൂപയും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനും 5000 രൂപയും ചേര്‍ത്ത് 6000 രൂപ ഡല്‍ഹി പൊലീസ് പിഴ ചുമത്തുകയായിരുന്നു. ഇങ്ങനെയുള്ള ബുദ്ധിമോശം കാണിക്കരുതെന്ന താക്കീതോടെ യുവതിയുടെ അഭ്യാസവും പിന്നാലെ പിഴ രസീതിന്റെ ചിത്രവുമടങ്ങുന്ന വിഡിയോ ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ മുഖം മറച്ചുകൊണ്ടാണ് ഡല്‍ഹി പൊലീസ് വീഡിയോ പങ്കുവച്ചത്.
ഡല്‍ഹി പൊലീസിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. റോഡ് നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്ക് ഇങ്ങനെയുള്ള ശിക്ഷ നല്‍കണമെന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്. ജീവനെടുക്കുന്ന ഇത്തരം സാഹസിക പ്രകടനങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.
മാസങ്ങള്‍ക്ക് സമാനമായ ഒരു സംഭവം യു പിയില്‍ നടന്നിരുന്നു. വിവാഹ വസ്ത്രത്തില്‍ യുവതി ഒരു എസ് യു വിയുടെ ബോണറ്റില്‍ ഇരുന്നുകൊണ്ട് സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. വിവാഹ ആഘോഷത്തിനിടെ ചിത്രീകരിക്കപ്പെട്ട വീഡിയോയിരുന്നു ഇത്.
വാഹനം പതുക്കെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചു. 15500 രൂപയാണ് പൊലീസ് പിഴയടപ്പിച്ചത്.
റീല്‍സിന് വേണ്ടി വധുവിനെ ബോണറ്റില്‍ കയറ്റി വീഡിയോ എടുത്തു, 15,500 രൂപ പൊലീസ് പിഴയിട്ടു എന്നാണ് ഈ വീഡിയോയുടെ മുകളില്‍ എഴുതിയിട്ടുള്ളത്. വാഹനങ്ങളില്‍ ഇത്തരം സാഹസികതകള്‍ ചെയ്യുന്നതിനെതിരെ പൊലീസ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയ താരങ്ങള്‍ ഇത്തരം വീഡിയോകള്‍ പങ്കുവച്ചതിനെ തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിച്ചിരുന്നു. വാഹനങ്ങളില്‍ അപകടങ്ങള്‍ സൃഷ്ടിച്ച് ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പും പൊലീസും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications