'ജോലി സമയത്ത് ജീവനക്കാര്‍ പുറത്തിറങ്ങേണ്ട; ഓഫീസ് ചങ്ങലയിട്ട് പൂട്ടി', സോഷ്യല്‍ മീഡിയയില്‍ രോഷം
മുംബൈ : തൊഴിലാളികളെ എപ്പോഴും ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ നടപടികളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. പല സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാകാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ അത്തരം ഒരു സംഭവത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജോലി സമയത്ത് ജീവനക്കാര്‍ അനുവാദമില്ലാതെ പിറത്തിറങ്ങാതിരിക്കാന്‍ ഓഫീസ് വാതിലുകള്‍ പുറത്തുനിന്നു പൂട്ടുന്ന സുരക്ഷ ജീവനക്കാരന്റെ വീഡിയോയാണ് വൈറലാകുന്നത്.
ഇതിനെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. എഡ്‌ടെക് സംരഭകനായ രവി ഹാന്‍ഡ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. എന്തിനാണ് ജീവനക്കാരെ ഇങ്ങനെ പുറത്തുനിന്ന് പൂട്ടിയിടുന്നത് എന്ന ചോദിക്കുമ്പോള്‍ തന്റെ അനുവാദമില്ലാതെ ജീവനക്കാരെ പുറത്തുവിടരുതെന്ന് മാനേജര്‍മാരില്‍ ഒരാള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് സുരക്ഷ ജീവനക്കാരന്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കോഡിംഗ് നിന്‍ജാസ് എന്ന സ്ഥാപനമാണ് ഇത്തരത്തില്‍ തൊഴിലാളികളെ പൂട്ടിയിട്ടത്. വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ വിശദീകരണവുമായി കമ്പനിയും രംഗത്തെത്തി. രണ്ടാഴ്ച മുമ്പ് സ്ഥാപനത്തിലെ ഒരു ജീവനക്കാരില്‍ നിന്നുണ്ടായ മോശമായ അനുഭവമാണ് ഇതിന് കാരണമെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.
'ഞങ്ങളുടെ ഒരു ജോലിസ്ഥലത്ത് ഒരു തൊഴിലാളി നടത്തിയ ഖേദകരമായ പെരുമാറ്റമാണ് രണ്ടാഴ്ച മുമ്പുള്ള ഈ സാഹചര്യം കൊണ്ടുവന്നതെന്ന് ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ജീവനക്കാരന്‍ തന്റെ തെറ്റ് സമ്മതിക്കുകയും തന്റെ പ്രവൃത്തികള്‍ ഉണ്ടാക്കിയ അസൗകര്യത്തില്‍ ക്ഷമാപണം നടത്തുകയും ചെയ്തതിന് ശേഷം ആ പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിച്ചു'- കമ്പനി വിശദീകരണ കുറിപ്പില്‍ പറഞ്ഞു.
ഈ തീരുമാനത്തില്‍ ജീവനക്കാരോട് വ്യക്തിപരമായി ക്ഷമ ചോദിക്കുകയും ഖേദം പ്രകടിപ്പിക്കുകയുമാണെന്ന് കമ്പനി സ്ഥാപകര്‍ അറിയിച്ചു. അതേസമയം, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇങ്ങനെയുള്ള നീക്കങ്ങല്‍ ജീവനക്കാരുടെ കാര്യക്ഷമതയെ ബാധിക്കുമെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്.












Click it and Unblock the Notifications