Viral Video- 'ഇതെന്റെ അമ്മയല്ല, എന്റെ അമ്മ ഇങ്ങനല്ല..'; മേക്കപ്പ് ചെയ്ത അമ്മയെ തിരിച്ചറിയാനാകാതെ മകന്‍
മേക്കപ്പ് എന്നത് ഒരു കലയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രഗല്‍ഭരായ നിരവധി പേരാണ് ഇന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. മേക്കപ്പിന് നിങ്ങളുടെ രൂപഭാവം പൂര്‍ണ്ണമായും മാറ്റാന്‍ സാധിക്കും. ഇന്നത്തെ കാലത്ത് സ്വയം മേക്കപ്പ് ചെയ്ത് ശ്രദ്ധിക്കപ്പെടുന്നവരും ഉണ്ട്. തെരുവില്‍ കഴിയുന്നവരെ മേക്കപ്പ് ചെയ്ത് മോഡലുകളാക്കി മാറ്റുന്ന നിരവധി വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്.
പഴയ രൂപത്തില്‍ നിന്ന് പൂര്‍ണമായി മാറി വന്‍ മേക്ക് ഓവര്‍ നടത്തിയായിരിക്കും ഇവര്‍ പുറത്തിറങ്ങുക. ഇത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ ഒരു വീട്ടമ്മയാണ് ഇത്തരത്തില്‍ മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്. മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ എന്ന സിനിമാ ഡയലോഗ് നമ്മളില്‍ പലരും ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടായിരിക്കും.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വീഡിയോ കണ്ടാല്‍ ഈ ഡയലോഗ് ഒരിക്കല്‍ കൂടി പറയാന്‍ നമ്മള്‍ മടിക്കും. വേറൊന്നുമല്ല, ബ്യൂട്ടി പാര്‍ലറില്‍ എത്തി മേക്കപ്പ് ചെയ്ത അമ്മയെ തിരിച്ചറിയാനാകാതെ കരയുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം 24.6 ദശലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
ഒരു പരിപാടിക്കായി ഒരുങ്ങി വന്ന അമ്മയെ തിരിച്ചറിയാനാകാതെ കരയുന്ന കുട്ടിയുടെ ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. മറ്റുള്ളവരും യുവതി സ്വയം തന്നെയും താനാണ് അമ്മ എന്ന് പറയുന്നുണ്ടെങ്കിലും കുട്ടി സമ്മതിക്കുന്നില്ല. ഇത് തന്റെ അമ്മ അല്ല എന്നും അമ്മ എവിടെ പോയി എന്നും പറഞ്ഞാണ് കുട്ടി കരയുന്നത്. ഇത് കേട്ട് സമീപത്തുള്ളവരെല്ലാം ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
പരമ്പരാഗത വസ്ത്രം ധരിച്ച് ഗ്ലാമറസായി മേക്കപ്പ് ധരിച്ചാണ് സ്ത്രീ എത്തുന്നത്. മകനെ അടുത്തിരുത്തി ആശ്വസിപ്പിക്കാന്‍ ഇവര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുട്ടി നിര്‍ത്താതെ അമ്മയെ അന്വേഷിച്ച് കരയുകയാണ് ചെയ്യുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ആ ബ്യൂട്ടി പാര്‍ലറിനും ബ്യൂട്ടീഷ്യനും ഇതിലും മികച്ച പരസ്യം ലഭിക്കാനില്ല എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
ഇങ്ങനെ മേക്കപ്പ് ഇട്ട് വന്നാല്‍ സ്വന്തം ഭര്‍ത്താവിന് പോലും തിരിച്ചറിയാന്‍ സാധിക്കില്ല എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം കുട്ടിക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തവിധം നിങ്ങള്‍ എന്തിനാണ് ഇത്രയധികം മേക്കപ്പ് ഇട്ടത് എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. ഒരു ബ്യൂട്ടി പാര്‍ലറിന്റെ അത്ഭുതം എന്നാണ് വേറൊരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications