'ഇനി ആ ശല്യം ഉണ്ടാകില്ല'; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്, വേഗം അപഡേറ്റ് ചെയ്യൂ
അനാവശ്യ കോളുകളില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാന്‍ പുതിയ ഫീച്ചര്‍ രൂപകല്‍പന ചെയ്ത് വാട്‌സാപ്പ്. സ്പാം, ശല്യപ്പെടുത്തുന്ന ഫോണ്‍ കോളുകള്‍ നിശബ്ദമാക്കുന്ന ക്രമീകരണമാണ് വാട്‌സാപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സാധാരണയായി ഒരു ഉപയോക്താവിന്റെ കോണ്‍ടാക്റ്റ് ലിസ്റ്റിന്റെ ഭാഗമല്ലാത്ത നമ്പറുകളില്‍ നിന്നാണ് ഇത്തരം കോളുകള്‍ വരുന്നത്. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഉപയോക്താവിനെ ശല്യപ്പെടുത്തുന്നത് തടയുന്നതിനാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

അജ്ഞാത കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള ഇന്‍കമിംഗ് കോളുകള്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ സൈലന്റാക്കി മാറ്റാന്‍ കഴിയുമെന്ന് മെറ്റാ സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഏറ്റവും പുതിയ ഫീച്ചര്‍ വാട്‌സാപ്പിന്റെ പുതയ വെര്‍ഷനില്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോള്‍ വരുമ്പോള്‍ സൈലന്റ് മോഡിലേക്ക് മാറും.
പുതിയ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് സെറ്റിംഗ്‌സില്‍ പോയതിന് ശേഷം പ്രൈവസി ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ കോള്‍ ഓപ്ഷനില്‍ പോയി സൈലന്‍സ് അണ്‍നോണ്‍ കോളര്‍ ആക്ടിവേറ്റ് ചെയ്യുക. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കും ഇതേ രീതിയില്‍ തന്നെയാണ് ആക്ടിവേറ്റ് ചെയ്യേണ്ടത്.
ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളില്‍ നിന്നും നിരവധി ഉപയോക്താക്കള്‍ അജ്ഞാത നമ്പറുകളില്‍ നിന്ന് സ്പാം കോളുകള്‍ വരുന്നതായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മെറ്റ ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. കൂടാതെ ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, കെനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുന്നതായി ഉപയോക്താക്കള്‍ ട്വിറ്ററില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.
പിന്നാലെ ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മെറ്റയ്ക്ക് കത്തയക്കുകായായിരുന്നു. വാട്‌സാപ്പിലെ അനാവശ്യ കോളുകളില്‍ നിന്ന് ഉപയോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ പുതിയ ഫീച്ചര്‍ സഹായിക്കുമെന്നാണ് ഏറ്റവും വലിയ പ്രത്യേകത.












Click it and Unblock the Notifications